വിവിധ സംവിധാനങ്ങളിലൂടെയും സ്ഥാപനങ്ങളിലൂടെയുമുള്ള വികലമായ പ്രചരണങ്ങളും കെട്ട മൂല്യങ്ങളും നമ്മുടെ പുതുതലമുറയുടെ ചിന്തകളെയും വാക്കുകളെയും പ്രവര്‍ത്തികളെയും മോശമായി ബാധിക്കുന്നു. മുതിര്‍ന്നവര്‍ക്കൊപ്പം, മൊബൈല്‍ ഫോണുകള്‍ കുട്ടികളുടെ കൈകളിലും എത്തിയിരിക്കുന്നു, അവിടെ കാണിക്കുന്നതും കുട്ടികള്‍ കാണുന്നതുമായ കാര്യങ്ങളില്‍ നിയന്ത്രണമില്ല. ഉപകരണത്തിന്റെ ഉപയോഗം തന്നെ മാന്യതയുടെ ലംഘനമാകുമെന്ന് പരാമര്‍ശിക്കുന്നതെത്ര ബീഭത്സമാണ്. നമ്മുടെ വീടുകളിലും കുടുംബങ്ങളിലും സമൂഹത്തിലും പരസ്യങ്ങള്‍ക്കും വികലമായ ദൃശ്യശ്രാവ്യ സാമഗ്രികള്‍ക്കും മേല്‍ നിയമപരമായ നിയന്ത്രണം അടിയന്തരമായി ആവശ്യമാണെന്ന് തോന്നുന്നു. യുവതലമുറയില്‍ കാട്ടുതീ പോലെ പടരുന്ന മയക്കുമരുന്ന് ശീലം സമൂഹത്തിന്റെ അകം പൊള്ളയാക്കുന്നു. അതുകൊണ്ട് നന്മയിലേക്ക് നയിക്കുന്ന മൂല്യങ്ങള്‍ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്.
‘മാതൃവത് പരദാരേഷു’ എന്ന് വിശ്വസിക്കുന്ന നമ്മുടെ രാജ്യത്ത്, മൂല്യങ്ങള്‍ നഷ്ടപ്പെട്ടതിന്റെ ഫലമായാണ് ബലാത്സംഗം പോലുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നത്. ഒരു ദ്രൗപദിയുടെ വസ്ത്രത്തില്‍ തൊട്ടപ്പോഴാണ് ഇവിടെ മഹാഭാരതം സംഭവിച്ചത്. ഒരു സീതയെ അപഹരിച്ചപ്പോഴാണ് ഇവിടെ രാമായണം ഉണ്ടായത്. കൊല്‍ക്കത്ത ആര്.ജി. കര് ആശുപത്രിയില്‍ നടന്നത് സമൂഹത്തെയാകെ കളങ്കപ്പെടുത്തുന്ന, ലജ്ജാകരമായ സംഭവങ്ങളിലൊന്നാണ്. ഇതിനെതിരെ ഉചിതമായ നടപടി വേഗത്തിലുണ്ടാവണമെന്നാവശ്യപ്പെട്ട് സമൂഹം മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം നിന്നു. എന്നാല്‍ ഇത്രയും ക്രൂരമായ ഒരു കൃത്യം നടന്നതിനു ശേഷവും, കുറ്റവാളികളെ സംരക്ഷിക്കാന്‍ ചിലര്‍ നടത്തുന്ന നിന്ദ്യമായ ശ്രമങ്ങള്‍, കുറ്റകരമായ രാഷ്ട്രീയവും മോശം സംസ്കാരവും ചേര്‍ന്ന് നമ്മെ എങ്ങനെ നശിപ്പിക്കുന്നുവെന്ന് കാണിക്കുന്നതാണ്.
സ്ത്രീകളോട് നമ്മുടെ ഭാവന ‘മാതൃവത് പരദാരേഷു എന്നതാണ്. ഈ സംസ്കൃതി നമുക്ക് പാരമ്പര്യത്തില്‍ നിന്ന് ലഭിച്ചതാണ്. കുടുംബങ്ങളിലും സമൂഹത്തിലും വിനോദത്തിന്റെ മാധ്യമത്തിലൂടെ അറിഞ്ഞോ അറിയാതെയോ കടന്നുവരുന്ന ആശയങ്ങളില്‍ ഈ മൂല്യങ്ങളെ അവഗണിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുണ്ടാക്കും. കുടുംബം, സമൂഹം, മാധ്യമങ്ങള്‍ എന്നിവയിലൂടെ ഈ സാംസ്കാരിക മൂല്യങ്ങള്‍ പകര്ന്നുനല്കുന്ന സംവിധാനം നമ്മള് പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്.
ശക്തിയുടെ മഹത്വം
വിഘടനവാദ ആശയങ്ങളുടെ വിളയാട്ടത്തിലൂടെ സംസ്കാരത്തെയും സമൂഹത്തെയും തകര്‍ക്കുന്ന പ്രവണതകളാണ് ഇന്ന് ഭാരതത്തിലെമ്പാടും കാണുന്നത്. ജാതി, ഭാഷ, പ്രദേശം തുടങ്ങിയ ചെറിയ ചെറിയ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊതുസമൂഹത്തെ ഭിന്നിപ്പിച്ച് സംഘര്‍ഷമുണ്ടാക്കാനാണ് ശ്രമം. ചെറിയ താല്പര്യങ്ങളിലും അര്‍ധ ധാരണകളിലും പെട്ട് തലയ്ക്ക് മീതെ ഉയര്‍ന്നുവരുന്ന പ്രതിസന്ധികള്‍ ഏറെ വൈകിയും മനസിലാക്കരുതെന്ന വിധത്തിലാണ് സമൂഹത്തില്‍ കാര്യങ്ങള്‍ നടക്കുന്നത്. ഇതുകൊണ്ടുതന്നെ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി മേഖലകളായ പഞ്ചാബ്, ജമ്മുകശ്മീര്‍, ലഡാക്ക്, സമുദ്രാതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന കേരളം, തമിഴ്നാട്, കിഴക്കന്‍ അതിര്‍ത്തിയിലെ ബിഹാര്‍ മുതല്‍ മണിപ്പൂര്‍ വരെയുള്ള പ്രദേശങ്ങളെല്ലാം അസ്വസ്ഥമാണ്. നേരത്തെ സൂചിപ്പിച്ച എല്ലാ സാഹചര്യങ്ങളും ഈ സംസ്ഥാനങ്ങളിലെല്ലാം ഉണ്ട്.
അകാരണമായി തീവ്രവാദികളെ പ്രേരിപ്പിക്കുന്ന സംഭവങ്ങളും രാജ്യത്ത് പൊടുന്നനെ വര്‍ധിക്കുന്നു. സാഹചര്യത്തിലോ നയങ്ങളിലോ അതൃപ്തി ഉണ്ടാകാം, എന്നാല്‍ അത് പ്രകടിപ്പിക്കാനും എതിര്‍ക്കാനും ജനാധിപത്യ മാര്‍ഗങ്ങളുണ്ട്. അത് പിന്തുടരാതെ ഹിംസയുടെ മാര്‍ഗത്തിലേക്ക് നീങ്ങുക, ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തെ ആക്രമിക്കുക, ഭയം സൃഷ്ടിക്കാന്‍ ശ്രമിക്കുക, ഇത് ഗുണ്ടായിസമാണ്. ഇത്തരം അക്രമങ്ങളെ പ്രേരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു അല്ലെങ്കില്‍ അത് ആസൂത്രിതമായി നടപ്പാക്കുന്നു, അത്തരം പെരുമാറ്റത്തെ ‘അരാജകത്വത്തിന്റെ വ്യാകരണം’ എന്നാണ് ആദരണീയ ഡോ. ബാബാസാഹെബ് അംബേദ്കര്‍ വിശേഷിപ്പിച്ചത്. അടുത്തിടെ ഗണേശോത്സവങ്ങളില്‍ ശ്രീഗണപതി നിമജ്ജന ഘോഷയാത്രകള്‍ക്ക് നേരെ പ്രകോപനമില്ലാതെ കല്ലേറുണ്ടായ സംഭവങ്ങളും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളും ഇതേ വ്യാകരണത്തിന്റെ ഉദാഹരണമാണ്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ അനുവദിക്കരുത്. ഉണ്ടായാല്‍ത്തന്നെ ഉടനടി നിയന്ത്രിക്കുകയും അക്രമികളെ ഉടന്‍ ശിക്ഷിക്കുകയും ചെയ്യുക എന്നത് ഭരണകൂടത്തിന്റെ ചുമതലയാണ്. പക്ഷേ ഭരണകൂടം എത്തുന്നതുവരെ സമൂഹം സ്വയം സംരക്ഷിക്കാന്‍ തയാറാകണം. പ്രിയപ്പെട്ടവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം. അതിനാല്‍, സമൂഹം എല്ലായ്പ്പോഴും പൂര്‍ണ ജാഗ്രത പാലിക്കുകയും, മോശം പ്രവണതകളെയും അവരെ പിന്തുണയ്ക്കുന്നവരെയും തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയുമുണ്ട്.
ഭയപ്പെടാനോ ഭയപ്പെടുത്താനോ സംഘര്‍ഷമുണ്ടാക്കാനോ അല്ല ഈ സാഹചര്യങ്ങള്‍ വിവരിച്ചത്. ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുന്നുവെന്നത് നാമെല്ലാവരും അനുഭവിക്കുന്നതാണ്. ഈ രാജ്യത്തെ ശക്തമാക്കി ഒരുമയും സന്തോഷവും സമാധാനവും സമൃദ്ധിയും സൃഷ്ടിക്കേണ്ടത് എല്ലാവരുടെയും ആഗ്രഹവും കടമയുമാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം ഹിന്ദു സമൂഹത്തിനുണ്ട്. അതുകൊണ്ട് സമാജത്തില്‍ സവിശേഷമായ സാഹചര്യം, അവബോധം, പ്രത്യേക ദിശയില്‍ ഒരുമിച്ചുള്ള പരിശ്രമം എന്നിവ ആവശ്യമാണ്. സമൂഹം സ്വയം ഉണര്‍ന്ന്, സ്വപ്രയത്നം കൊണ്ട് സ്വന്തം ഭാഗധേയം എഴുതുമ്പോള്‍, സജ്ജനങ്ങളും സംഘടനകളും സ്ഥാപനങ്ങളും ഭരണസംവിധാനങ്ങളുമെല്ലാം സഹായത്തിനെത്തും. ശരീരം ആരോഗ്യകരമായിരിക്കെ ആദ്യമെത്തുക അസ്വസ്ഥതകളാണ്. പിന്നീട് രോഗങ്ങള്‍ അതിനെ വലയം ചെയ്യുന്നു. ദൈവം പോലും ദുര്‍ബലരെ ശ്രദ്ധിക്കുന്നില്ലെന്ന് പ്രസിദ്ധമായ ഒരു സുഭാഷിതമുണ്ട്,
അശ്വം നൈവ ഗജം നൈവ
വ്യാഘ്രം നൈവ ച നൈവ ച
അജാപുത്രം ബലിം ദദ്യാത്
ദേവോ ദുര്‍ബല ഘാതകഃ
(കുതിരയെയോ ആനയെയോ കടുവയെയോ അല്ല ആട്ടിന്‍കുട്ടിയെയാണ് ബലി നല്‍കാറുള്ളത്. ദേവന്മാര് പോലും ദുര്‍ബലരെയാണ് വധിക്കുന്നത്)
അതുകൊണ്ട് തന്നെ നൂറാംവര്‍ഷം പൂര്‍ത്തിയാകുന്നതോടെ സമൂഹത്തിലെ സജ്ജനങ്ങളെ ചില വിഷയങ്ങളില്‍ സക്രിയമാക്കാനാണ് സ്വയംസേവകര്‍ ആലോചിക്കുന്നത്.
സമരസതയും സദ്ഭാവനയും
സ്വസ്ഥവും സശക്തവുമായ സാമാജിക അവസ്ഥയിലേക്കുള്ള ആദ്യ പടി വിവിധ വിഭാഗങ്ങള്‍ക്കിടയിലുള്ള ഐക്യവും സാമാജിക സമരസതയുമാണ്. ചില പ്രതീകാത്മക പരിപാടികള്‍ കൊണ്ടുമാത്രം ഈ ദൗത്യം പൂര്‍ത്തീകരിക്കപ്പെടുന്നില്ല. എല്ലാ വിഭാഗങ്ങളിലും എല്ലാ തലങ്ങളിലും വ്യക്തികളും കുടുംബങ്ങളും തമ്മില്‍ സൗഹൃദം ഉണ്ടായിരിക്കണം. വ്യക്തിഗതമായും കുടുംബ തലത്തിലും നാമെല്ലാവരും ഇതിന് മുന്‍കൈ എടുക്കണം. ഓരോരുത്തരുടെയും ആഘോഷവേളകളില്‍ എല്ലാവരുടെയും പങ്കാളിത്തം വഴി സമാജത്തിന്റെയാകെ ആഘോഷങ്ങളായി മാറണം. ക്ഷേത്രങ്ങള്‍, ജലാശയങ്ങള്‍, ശ്മശാനങ്ങള്‍ മുതലായ പൊതു ഉപയോഗത്തിനും ആരാധനയ്ക്കുമുള്ള ഇടങ്ങളില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പങ്കാളിത്തം ലഭിക്കാനുള്ള അന്തരീക്ഷം ഉണ്ടാകേണ്ടതുണ്ട്. സാഹചര്യങ്ങള്‍ക്കനുസരിച്ച്, വിവിധ വിഭാഗങ്ങളിലുള്ളവരുടെ ആവശ്യങ്ങള്‍ എല്ലാവരും മനസിലാക്കണം. കുടുംബത്തിലെ കഴിവുള്ളവര്‍ ദുര്‍ബലരായ അംഗങ്ങളെ സഹായിക്കുന്നതുപോലെ, ചിലപ്പോള്‍ നഷ്ടം സഹിച്ചും മറ്റുള്ളവരുടെ അത്തരം ആവശ്യങ്ങള്‍ നിറവേറ്റണമെന്ന ബോധം ഉള്ളില്‍ സൂക്ഷിക്കണം.
സമൂഹത്തില്‍ വിവിധ ജാതിവിഭാഗങ്ങളെ നയിക്കുന്നതിന് അവരവര്‍ തന്നെ സൃഷ്ടിച്ച സ്ഥാപനങ്ങളും സംവിധാനങ്ങളുമുണ്ട്. അതാത് ജാതികളുടെ ക്ഷേമ പുരോഗതി, താത്പര്യ സംരക്ഷണം എന്നിവയുടെ ആശയം ഇവയുടെ നേതൃത്വത്തിലാണ് നടപ്പിലാക്കുന്നത്. ജാതി സമുദായ നേതാക്കള്‍ ഒന്നിച്ചിരുന്ന് ഈ രണ്ടു വിഷയങ്ങളും സ്ഥിരമായി ചര്‍ച്ച ചെയ്താല്‍ സമൂഹത്തില്‍ എല്ലായിടത്തും യോജിപ്പുള്ള സദ്ഭാവനാപൂര്‍ണമായ പെരുമാറ്റത്തിന്റെ അന്തരീക്ഷം ഉണ്ടാകും. സമൂഹത്തെ വിഭജിക്കാനുള്ള ഒരു കുതന്ത്രവും വിജയിക്കില്ല. വിവിധ ജാതിയിലും വര്‍ഗത്തിലും പെട്ട നമുക്കെല്ലാവര്‍ക്കും നാടിന്റെ നന്മയ്ക്കായി, മുഴുവന്‍ സമൂഹത്തിന്റെയും പ്രയോജനത്തിനായി നമ്മുടെ സ്വന്തം സ്ഥലത്ത്, ഒരുമിച്ച് എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും, പദ്ധതികള്‍ തയാറാക്കി ഫലപ്രാപ്തിയിലെത്തിക്കാനാകുമോ എന്നതാണ് ആദ്യ വിഷയം. നമുക്കിടയില്‍ ദുര്‍ബ്ബലരായ വിഭാഗങ്ങളുടെ ക്ഷേമത്തിനായി നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് എന്ത് ചെയ്യാന്‍ കഴിയും എന്നതാണ് രണ്ടാമത്തെ വിഷയം. ഇത്തരം ചിന്തകളും പ്രവര്‍ത്തനങ്ങളും തുടര്‍ച്ചയായി നടന്നാല്‍ സമൂഹം ആരോഗ്യമുള്ളതായിത്തീരും. സൗഹാര്‍ദത്തിന്റെ അന്തരീക്ഷം സംജാതമാകും.
പരിസ്ഥിതി സംരക്ഷണം
രാജ്യത്ത് സമീപ വര്‍ഷങ്ങളില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ആഗോള പ്രശ്നമാണ് പരിസ്ഥിതിയുടെ മോശമായ അവസ്ഥ. ഋതുചക്രത്തിന്റെ താളം തെറ്റുകയും രൂക്ഷമാവുകയും ചെയ്യുന്നു. ഉപഭോഗവാദത്തിന്റെയും മൗലികവാദത്തിന്റെയും അപൂര്‍ണമായ വൈചാരിക അടിത്തറയില്‍ അധിഷ്ഠിതമായ വികസന യാത്ര മനുഷ്യരുള്‍പ്പടെയുള്ള മുഴുവന്‍ സൃഷ്ടികളുടെയും വിനാശയാത്രയായി മാറിയിരിക്കുന്നു. ഭാരതീയ പാരമ്പര്യത്തില്‍ നിന്ന് ലഭിച്ച സമ്പൂര്‍ണവും സമഗ്രവും ഏകീകൃതവുമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ വികസനപാത സൃഷ്ടിക്കേണ്ടതായിരുന്നു,
എന്നാല്‍ നമ്മള് അങ്ങനെ ചെയ്തില്ല. ഇപ്പോള്‍ ഇത്തരത്തിലുള്ള ചിന്തകള്‍ ചെറുതായി കേട്ടുതുടങ്ങിയിട്ടുണ്ട്. മുകള്‍ത്തട്ടില്‍ ചില കാര്യങ്ങള്‍ അംഗീകരിച്ചു, ചില മാറ്റങ്ങളുണ്ടായി. ഇതില്‍ കൂടുതല്‍ ഒന്നും നടന്നിട്ടില്ല. വിനാശത്തിലേക്ക് നയിക്കുന്ന വികസനത്തിന്റെ അപൂര്‍ണമായ പാതയെ അന്ധമായി പിന്തുടരുന്നതിന്റെ അനന്തരഫലങ്ങള്‍ നാം അനുഭവിക്കുകയാണ്. വേനല്‍കാലം ചുട്ടുപൊള്ളുന്നു, മഴക്കാലം എല്ലാം തുടച്ചുനീക്കുന്നു, ശൈത്യകാലം ജീവിതത്തെത്തന്നെ മരവിപ്പിക്കുന്നു. ഋതുക്കളുടെ ഈ ഭ്രാന്തന് തീവ്രത നമ്മള് അനുഭവിക്കുകയാണ്. കാടുകള്‍ വെട്ടി പച്ചപ്പ് നശിപ്പിച്ചു, നദികള്‍ വറ്റി വരണ്ടു, രാസവസ്തുക്കള്‍ ഭക്ഷണത്തെയും ജലത്തെയും വായുവിനെയും ഭൂമിയെയും വിഷലിപ്തമാക്കി, മലകള്‍ ഇടിയാന്‍ തുടങ്ങി, ഭൂമി പൊട്ടിത്തെറിച്ചു തുടങ്ങി… ഈ അനുഭവങ്ങളെല്ലാം ഏതാനും വര്‍ഷങ്ങളായി രാജ്യത്തുടനീളം അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ നഷ്ടങ്ങളെയെല്ലാം അതിജീവിച്ച് നമ്മുടെ വൈചാരിക അടിത്തറയില്‍ സുസ്ഥിരവും സമഗ്രവുമായ വികസനത്തിന്റെ സ്വന്തം പാത കെട്ടിപ്പടുക്കുകയല്ലാതെ ഇതിന് പരിഹാരമില്ല. ദേശത്തിന്റെ വൈവിധ്യം കണക്കിലെടുത്ത് നടപ്പാക്കലിന്റെ മുഴുവന്‍ ഭാരതത്തിലും സമാനമായ ആശയാടിത്തറയിലുള്ള വികേന്ദ്രീകൃത ചിന്ത ഉണ്ടാകുമ്പോള്‍ മാത്രമേ ഇത് സാധ്യമാകൂ. മൂന്ന് ചെറിയ കാര്യങ്ങള്‍ ചെയ്തുകൊണ്ട് സാധാരണജനങ്ങള്‍ക്ക് അവരവരുടെ വീട്ടില്‍ നിന്ന് തന്നെ ഈ പ്രവര്‍ത്തനം തുടങ്ങാം. ആദ്യം വേണ്ടത് ജലത്തിന്റെ ഏറ്റവും കുറഞ്ഞ ഉപയോഗവും മഴവെള്ള സംരക്ഷണവുമാണ്. പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിക്കരുത് എന്നതാണ് രണ്ടാമത്തെ കാര്യം. ഇംഗ്ലീഷില്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് എന്ന് വിളിക്കുന്നവയുടെ ഉപയോഗം പൂര്‍ണമായും ഉപേക്ഷിക്കണം. മൂന്നാമത്തെ കാര്യം, വീടിന് പുറത്ത് പച്ചപ്പ് വളരാനും മരങ്ങള്‍ നട്ടുപിടിപ്പിക്കാനും തുടങ്ങി കാടുകളില്‍നിന്നുള്ള പാരമ്പര്യത്തിന് അനുസൃതമായ വൃക്ഷങ്ങള്‍ എല്ലായിടത്തുമുണ്ടാകണമെന്നത് ശ്രദ്ധിക്കണം. പരിസ്ഥിതിയുമായി ബന്ധപ്പെട്ട നയപരമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമയമെടുക്കും, എന്നാല്‍ നമ്മുടെ വീട്ടില്‍ നിന്ന് ഈ ലളിതമായ ജോലി വേഗത്തില്‍ ആരംഭിക്കേണ്ടതുണ്ട്.
നാളെ: സാംസ്കാരിക ജാഗരണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: