ഇസ്ലാമാബാദ് ; രണ്ട് ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് പാകിസ്ഥാൻ . ഒക്ടോബർ 15, 16 തീയതികളിൽ ഇസ്ലാമാബാദിൽ നടക്കുന്ന എസ്‌സിഒ ഉച്ചകോടിയുടെ പശ്ചാത്തലത്തിലാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്, വിവാഹങ്ങളും വിലക്കിയിട്ടുണ്ട്.
മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖരുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് തുടങ്ങി നിരവധി പ്രമുഖ നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും.അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളും ഇമ്രാൻ ഖാന്റെ പാർട്ടി അനുയായികളുടെ രാഷ്‌ട്രീയ പ്രതിഷേധങ്ങളും കാരണം ഇസ്ലാമാബാദിലും റാവൽപിണ്ടിയിലും സുരക്ഷ സൈനിക നിയന്ത്രണത്തിലാക്കാനും പാകിസ്ഥാൻ സർക്കാർ തീരുമാനിച്ചു.
ഇസ്ലാമാബാദിലും റാവൽപിണ്ടിയിലും പതിനായിരത്തോളം സൈനികരെയും കമാൻഡോകളെയും വിന്യസിച്ചിട്ടുണ്ട്. ഒക്‌ടോബർ 12 മുതൽ 16 വരെ രണ്ട് നഗരങ്ങളിലും വിവാഹ ഹാളുകൾ, കഫേകൾ, റസ്‌റ്റോറൻ്റുകൾ, സ്‌നൂക്കർ ക്ലബ്ബുകൾ എന്നിവ അടച്ചിടാൻ ഉത്തരവിട്ടിട്ടുണ്ട്. ഇത് പാലിച്ചില്ലെങ്കിൽ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് വ്യവസായികൾക്കും ഹോട്ടൽ ഉടമകൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഒക്ടോബർ 14, 16 തീയതികളിൽ ഇസ്ലാമാബാദിലും റാവൽപിണ്ടിയിലും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇമ്രാൻ ഖാന്റെ തെഹ്‌രീകെ ഇൻസാഫ് പാർട്ടി പ്രതിഷേധം സംഘടിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രതിഷേധക്കാരും സൈന്യവും തമ്മിൽ സംഘർഷമുണ്ടാകാമെന്ന ആശങ്കയുമുണ്ട്
ചൈനയിൽ നിന്നുള്ള 15 അംഗ പ്രതിനിധി സംഘവും കിർഗിസ്ഥാനിൽ നിന്നുള്ള 4 അംഗ പ്രതിനിധി സംഘവും ഇറാനിൽ നിന്നുള്ള രണ്ടംഗ പ്രതിനിധി സംഘവും ഇതിനോടകം ഇസ്ലാമാബാദിൽ എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: