മുംബൈ: വിമാനങ്ങൾക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനു പിന്നാലെ ഓടിക്കൊണ്ടിരുന്ന മുംബയ് – ഹൗറ ട്രെയിൻ ടൈം ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി. ഇന്ന് പുലർച്ചെ നാല് മണിയോടുകൂടിയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതോടെ അടിയന്തര പരിശോധനയ്‌ക്കായി ട്രെയിൻ ജെൽഗാവ് സ്‌റ്റേഷനിൽ നിർത്തുകയായിരുന്നു.
സംശയാസ്പദമായ രീതിയിൽ യാതൊന്നും തെരച്ചിലിൽ കണ്ടെത്താൻ സാധിച്ചില്ലെന്ന് ഇന്ത്യൻ റെയിൽവേയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ അറിയിച്ചു. പുലർച്ചെ നാലു മണിയോടെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് മഹാരാഷ്‌ട്ര പൊലീസ് അറിയിച്ചു. സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സന്ദേശത്തിൽ പോലീസിനെ അധിക്ഷേപിക്കുന്ന തരത്തിലുളള വാക്കുകളും ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യൻ റെയിൽവേ ഇന്ന് രാവിലെയോടെ ചോരക്കണ്ണീരൊഴുക്കുമെന്നും മുംബയ് ഹൗറ – ട്രെയിനിൽ ബോംബ് വച്ചിട്ടുണ്ടെന്നാണ് സന്ദേശം.
പരിശോധനയ്‌ക്ക് ശേഷം ട്രെയിൻ പുറപ്പെട്ടെങ്കിലും കനത്ത സുരക്ഷ എർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മറ്റ് ട്രെയിനുകൾക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിമാനങ്ങൾക്ക് പിന്നാലെ ട്രെയിനിനും ബോംബ് ഭീഷണി സന്ദേശമെത്തിയത് എന്തെങ്കിലും മുന്നറിയിപ്പിന്റെ ഭാഗമാണോയെന്ന സംശയം പോലീസിനുണ്ട്. അസ്വഭാവികമായി എന്ത് കണ്ടാലും അറിയിക്കാൻ യാത്രക്കാരോട് ആർപിഎഫ് നിർദേശം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: