പരവൂര്‍: സഞ്ചാരികളുടെ തിരക്കേറിയിട്ടും അപകടങ്ങള്‍ വര്‍ധിച്ചിട്ടും ഒരു സുരക്ഷാ മുന്‍കരുതലുകളും ഇല്ലാതെ കാപ്പില്‍ തീരം. ഒട്ടേറെ വിനോദസഞ്ചാരികള്‍ എത്തുന്ന കൊല്ലം തിരുവനന്തപുരം ജില്ലകളുടെ അതിര്‍ത്തിയായ കാപ്പില്‍ ബീച്ചിനോടാണ് അധികൃതരുടെ അവഗണന.
തിരയില്‍പെട്ട് ഒട്ടേറെപ്പേര്‍ മരണമടഞ്ഞ തീരത്ത് ഇപ്പോഴും സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ല. കായലും കരയും സംഗമിക്കുന്ന പൊഴിമുഖം ഭാഗത്തു രൂപപ്പെടുന്ന വിശാലമായ മണല്‍ത്തിട്ട വഴിയാണ് പലരും കടലില്‍ ഇറങ്ങി അപകടത്തില്‍പെടുന്നത്. കഴിഞ്ഞദിവസം ഇവിടെ നടന്ന മരണവും സമാന രീതിയിലാണ് സംഭവിച്ചത്.
ഇവിടുത്തെ മണലില്‍ പതിയിരിക്കുന്ന വലിയ കുഴികളാണ് പലപ്പോഴും വില്ലന്‍. ഇതറിയാതെ കായലിലിറങ്ങുന്നവര്‍ മണലില്‍ ആഴ്ന്നു പോകും. ആഞ്ഞടിക്കുന്ന തിരയിലകപ്പെടുകയും ചെയ്യും. അടുത്തകാലത്ത് കാപ്പില്‍ ടൂറിസം മേഖല ജനശ്രദ്ധ ആകര്‍ഷിച്ചു തുടങ്ങിയതോടെയാണ് അപകട നിരക്കും കൂടിയത്. കടലും കായലും ഒന്നിക്കുന്ന പ്രകൃതിയുടെ സൗന്ദര്യമാണ് കാപ്പില്‍ തീരത്തെ മനോഹരമാക്കുന്നത്. പൊഴി മുഖവും വിശാലമായ തീരവും നിശബ്ദ അന്തരീക്ഷവുമാണ് കാപ്പിലിന്റെ മനോഹാരിത വര്‍ദ്ധിപ്പിക്കുന്നത്.
കാപ്പിലില്‍ ഒഴിവുവേള ആസ്വദിക്കുന്നതിന് ഒട്ടേറെ പേര് എത്തിച്ചേരുന്നുണ്ട്. പ്രത്യേകിച്ച് പൊഴിമുഖം ഭാഗത്തുനിന്ന് കടല്‍-കായല്‍ കാഴ്ച ആരുടെയും മനം കവരുന്നതാണ്. അതുകൊണ്ട് തന്നെ വിനോദ സഞ്ചാരികള്‍ ധാരാളമായി എത്തുന്നു.
സുരക്ഷയില്ല… അപകടങ്ങള്‍ വര്‍ധിക്കുന്നു…
ഇത്രയേറെ അപകടങ്ങള്‍ നടക്കുന്ന ബീച്ചില്‍ പ്രകാശം നല്കുന്ന ഒരു സ്ട്രീറ്റ് ലൈറ്റോ, അപകടത്തില്‍പെട്ടവരെ രക്ഷിക്കാന്‍ ജീവന്‍രക്ഷാ ഉപകരണങ്ങളോ ഇല്ല. ഒറ്റപ്പെട്ട ഭാഗമായതിനാല്‍ അപകടം നടന്നാലും പുറംലോകം അറിയില്ല. രക്ഷാപ്രവര്‍ത്തനത്തിന് ആംബുലന്‍സ് എത്തിച്ചേരാന്‍ റോഡു പോലും ഇല്ല.
പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് ഡിടിപിസി ഒരു ലൈഫ് ഗാര്‍ഡിനെ ഇവിടെ നിയോഗിച്ചു. എന്നാല്‍ ഇവിടെ ഒറ്റയ്ക്ക് ഒരാള്‍ക്ക് ജീവന് രക്ഷാപ്രവര്‍ത്തനം സാധ്യമല്ല. കഴിഞ്ഞ ദിവസം ഈ ലൈഫ് ഗാര്‍ഡ് അവധിയില്‍ പോയപ്പോഴാണ് അപകടം ഉണ്ടായത്. കൂടുതല്‍ ലൈഫ് ഗാര്‍ഡുമാരെ നിയോഗിക്കാന്‍ ഫണ്ട് ഇല്ലെന്നാണ് പഞ്ചായത്ത് വാദം.
ബീച്ചില്‍ ഒരിടത്തുപോലും അപകട മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ല. രാത്രിയിലും ആളുകളെത്തുന്ന ഇവിടെ പോലീസ് നിരീക്ഷണവും ഉണ്ടാവാറില്ല. പരവൂര്‍-അയിരൂര്‍ പോലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തിലായതിനാല്‍ പോലീസും ബീച്ചിനെ കയ്യൊഴിയുകയാണ്.
കാപ്പില്‍ ബീച്ചില്‍ പ്രതിവര്‍ഷം ശരാശരി 4 മുതല്‍ 5 പേര് വീതം അപകടത്തില്‍പെട്ടു മരിക്കുന്നുണ്ടെന്നാണ് വിവരം. ഈ വര്‍ഷം അഞ്ചു പേര് മുങ്ങി മരിച്ചു. ഇന്നലെ നടന്ന മരണമാണ് അവസാനത്തേത്. വെറ്റക്കട ബീച്ചില്‍ ഒരു വിദേശ വനിതയും മുങ്ങി മരിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. ഇതിനിടെ മാര്‍ച്ച് മാസത്തില്‍ ഒരു ലൈഫ് ഗാര്‍ഡിനെ നിയോഗിച്ചു. അതിനു ശേഷം മൂന്ന്പേര്‍ കൂടി മരിച്ചു. 2023ലും നാലുപേര്‍ കാപ്പില്‍ തീരത്ത് മുങ്ങിമരിച്ചു.
2021-ല്‍ രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി നാല് പേരാണ് അപകടത്തില്‍പെട്ടത്. ഇവരില്‍ രണ്ടുപേര്‍ മരിച്ചപ്പോള്‍ മറ്റു രണ്ടുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
ലൈഫ് ഗാര്‍ഡ് ആയി ഒരാള്‍ മാത്രം…
ാപ്പില്‍ തീരത്ത് ലൈഫ് ഗാര്‍ഡ് ആയി ആകെയുള്ളത് ഒരാള്‍ മാത്രം. ഇദ്ദേഹം ഒരു ദിവസം അവധിയെടുത്താല്‍ അന്നേ ദിവസം സഞ്ചാരികള്‍ തിരയില്‍പ്പെട്ട് അപകടം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് നാട്ടുകാര്‍ പറയുന്നു.
ഇത്രയേറെ സഞ്ചാരികള്‍ എത്തിച്ചേരുന്ന തീരത്ത് ഒരാള്‍ അവധിയായാല്‍ പകരം മറ്റൊരാള്‍ വേണമെന്ന ആവശ്യം ഇനിയും നടപ്പായിട്ടില്ല. നിലവിലെ ലൈഫ് ഗാര്‍ഡ് തീരത്ത് ഇല്ലാത്ത ദിവസങ്ങളില്‍ ബീച്ചില്‍ അപകടം ഉറപ്പാണെന്നാണ് അടുത്ത കാലത്തെ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. അവധി ദിവസങ്ങളില്‍ തീരത്ത് തിരക്ക് നിയന്ത്രണാതീതമാകും.
കുട്ടികള്‍ സഹിതം കുടുംബങ്ങള്‍കടലിലേക്ക് ഇറങ്ങും. ദൂരസ്ഥലത്ത് നിന്നു എത്തുന്നവര്‍ക്ക് തീരത്തെ മണല്‍ക്കുഴികളും അടിയൊഴുക്കും തിരിച്ചറിയാനാകില്ല. എല്ലാ ദിവസവും ഒരാള്‍ മാത്രം തീരത്ത് കാവല്‍ നില്‍ക്കേണ്ട സാഹചര്യമാണുള്ളത്.
ടൂറിസം-പഞ്ചായത്ത് അധികൃതരാകട്ടെ അടുത്ത കാലത്ത് ഉയര്‍ന്ന അപകട മരണങ്ങളില്‍ തെല്ലും ആശങ്ക പുലര്‍ത്തുന്നില്ലെന്നാണ് ആക്ഷപം. ലൈഫ് ജാക്കറ്റും ലൈഫ് ബോയ് റിങ്ങും മാത്രമാണ് ലൈഫ് ഗാര്‍ഡിന് നല്‍കിയിട്ടുള്ളത്. ഇടവ പഞ്ചായത്തിനും പരവൂര്‍ മുന്‍സിപ്പാലിറ്റിക്കും ആളെ നിയമിക്കാമെങ്കിലും ശമ്പളത്തിന് ഫണ്ടില്ലെന്ന നിലപാടാണ് അധികൃതര്‍ക്ക്. ടൂറിസം പോലീസിന്റെ സേവനവും തീരത്ത് ലഭ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: