വാഷിംഗ്ഡണ്‍ ഡിസി: റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥിയും അമേരിക്കന്‍ മുന്‍ പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കു സമീപം തോക്കുകളുമായി 49കാരന്‍ പിടിയിലായത് ആശങ്ക പരത്തി. ലാസ് വേഗസ് സ്വദേശി വെം മില്ലര്‍ ആണ് പിടിയിലായത്. കാലിഫോര്‍ണിയയിലെ റിവര്‍സൈഡ് കൗണ്ടിയില്‍ ആണ് സംഭവം.
ട്രംപിന്റെ റാലിക്ക് സമീപം രണ്ട് തോക്കുകളുമായി ഇയാളെ കണ്ടെത്തുകയായിരുന്നു. ഇയാളുടെ കാറില്‍ നടത്തിയ തെരച്ചിലിലാണ് ഒരു തിര നിറച്ച ഷോട്ട് ഗണ്ണും പിസ്റ്റളും നിരവധി വെടിയുണ്ടകളും കണ്ടെത്തിയത്. പത്രപ്രവര്‍ത്തകനാണെന്നാണ് ഇയാള്‍ പോലീസിനോട് അവകാശപ്പെട്ടത്. എന്നാല്‍ പരിശോധനയില്‍ വിവിധ പേരുകളുള്ള ഒന്നിലധികം പാസ്‌പോര്‍ട്ടുകളും ഡ്രൈവിങ് ലൈസന്‍സുകളും വെടിക്കോപ്പുകളും ഇയാളില്‍ നിന്നും പോലീസ് കണ്ടെത്തി. പിന്നീട് ഇയാളെ 5000 (4.2ലക്ഷം) ഡോളറിന്റെ ജാമ്യത്തില്‍ വിട്ടയച്ചു.
ട്രംപിനെതിരായ മറ്റൊരു വധശ്രമമാണ് തങ്ങൾ തടഞ്ഞിരിക്കുന്നതെന്ന് റിസർസൈഡ് കൗണ്ടി ഷെരീഫ് ചാഡ് ബിയങ്കോ പറഞ്ഞതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. മില്ലർ തീവ്ര വലത് സർക്കാർ വിരുദ്ധ സംഘടനയുടെ ഭാഗമാണെന്ന് പോലീസ് വ്യക്തമാക്കി. കറുത്ത എസ് യുവിലെത്തിയ ഇയാളെ റാലി നടക്കുന്ന വേദിയുടെ ഒരു മൈൽ അകലെയുള്ള ചെക്ക് പോയൻ്റിൽ വച്ചാണ് പിടികൂടിയത്. റിപ്പബ്ലിക്കൻ പാർട്ടി അംഗമായി രജിസ്റ്റർ ചെയ്തിട്ടുള്ള മില്ലർ നേരത്തെ നവാഡ സ്റ്റേറ്റ് അസംബ്ലിയിലേക്ക് മത്സരിച്ചിട്ടുണ്ട്.
ട്രംപ് സുരക്ഷിതനാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നേരത്തെ, രണ്ടുതവണ ട്രംപിനുനേരേ വധശ്രമം നടന്നിരുന്നു. ജൂലൈ 13ന് നടന്ന സംഭവത്തില്‍ കഷ്ടിച്ചാണ് ആദ്ദേഹം രക്ഷപ്പെട്ടത്. അന്ന് ചെവിക്ക് പരിക്കേറ്റിരുന്നു. അക്രമിയെ പിന്നീട് പോലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: