മാംസം കയറ്റുമതിയ്ക്ക് ഹലാൽ സർട്ടിഫിക്കറ്റ് നൽകുന്നതിൽ പുതിയ നിബന്ധനകളുമായി കേന്ദ്ര സർക്കാർ. ഇനി സ്വകാര്യ ഏജൻസികളുടെ ഹലാൽ സർട്ടിഫിക്കറ്റ് മാത്രം പോര, പകരം കേന്ദ്രസർക്കാർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഉത്തരവിറങ്ങി. വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണസ്ഥാപനമായ ക്വാളിറ്റി കൗൺസിൽ ഒഫ് ഇന്ത്യയാണ് (ക്യു.സി.ഐ) സർട്ടിഫിക്കറ്റ് നൽകുന്നത്.
ഈ മാസം 16 മുതൽ ഈ നിബന്ധന ബാധകമാകും. പോത്ത്, കാള, ആട്, ചെമ്മരിയാട് എന്നിവയുടെ മാംസവും സംസ്കരിച്ച മാംസവും ഹലാൽ മുദ്രയോടെ കയറ്റുമതി ചെയ്യാൻ പുതിയ നിബന്ധന പാലിക്കണം. ഏജൻസികൾ മുഖേനയുള്ള അപേക്ഷകളും ക്യു.സി.ഐയിൽ എത്തും. നിലവിൽ ഹലാൽ സർട്ടിഫിക്കറ്റ് സ്വകാര്യ ഏജൻസികളാണ് നൽകുന്നത്. ചെന്നൈ ആസ്ഥാനമായ ഹലാൽ ഇന്ത്യ ലിമിറ്റഡ്, ഡൽഹിയിലെ ജമീയത്ത് ഉലമ ഹലാൽ ട്രസ്റ്റ് എന്നിവയാണ് മുൻനിരക്കാർ.
യു.എ.ഇ, കുവൈറ്റ്, ഒമാൻ, ഖത്തർ, ബഹ്റൈൻ, സൗദി അറേബ്യ അടക്കം 15 രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് ഇത് ആവശ്യമാണ്. ബംഗ്ലാദേശ്, ഇൻഡോനേഷ്യ, ഇറാൻ, ഇറാഖ്, മലേഷ്യ, ജോർദാൻ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തുർക്കി എന്നീ രാജ്യങ്ങളിലേക്കും ഹലാൽ ഇറച്ചി കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്ത്യയിലേക്കുള്ള ഇറക്കുമതിക്ക് സർക്കാർ സർട്ടിഫിക്കേഷൻ അവശ്യമില്ല. സർട്ടിഫിക്കേഷൻ നടപടികൾ ഏകോപിപ്പിച്ച് കയറ്റുമതി നടപടികൾ സുഗമമാക്കാനുമാണ് പുതിയ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക