ദേശീയ ജീവിതത്തിന്റെ അടിത്തറ സാംസ്കാരിക ഏകത ഇന്നത്തെ പരിപാടിയുടെ മുഖ്യാതിഥി ബഹുമാനപ്പെട്ട ഡോ. കെ. രാധാകൃഷ്ണന്, വേദിയിലുപവിഷ്ടരായ മാനനീയ വിദര്‍ഭ പ്രാന്ത സംഘചാലക്, മാനനീയ സഹസംഘചാലക് നാഗ്പൂര്‍ മഹാനഗരത്തിന്റെ മാനനീയ സംഘചാലക്, മറ്റ് അധികാരിമാരെ, അമ്മമാരെ, സഹോദരിമാരെ, പ്രിയ സ്വയംസേവകരെ,
പുണ്യസ്മരണ
യുഗാബ്ദം 5126ലെ വിജയദശമി മഹോത്സവത്തോടെ സംഘം അതിന്റെ നൂറാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ വര്‍ഷം, ഇതേ വേദിയില്‍ മഹാറാണി ദുര്‍ഗാവതിയുടെ അഞ്ഞൂറാം ജയന്തി വര്‍ഷത്തില്‍ തേജസുറ്റ ആ ജീവിതയജ്ഞത്തെ നമ്മള് ഓര്‍ത്തു. ഈ വര്‍ഷം പുണ്യശ്ലോക അഹല്യ ദേവി ഹോള്‍ക്കറുടെ 300-ാം ജയന്തി വര്‍ഷം ആഘോഷിക്കുകയാണ്. ദേവി അഹല്യബായി സമര്‍ത്ഥയായ, ജനക്ഷേമതല്പരയായ, കര്‍ത്തവ്യബോധമുള്ള ഭരണാധികാരിയായിരുന്നു. ധര്‍മ്മം, സംസ്കൃതി, ദേശാഭിമാനം, സുശീലം എന്നിവയുടെ ഉന്നതമായ ആദര്ശരൂപമായിരുന്നു. അതേസമയം യുദ്ധതന്ത്ര നിപുണയുമായിരുന്നു. വിപരീത പരിതസ്ഥിതിയിലും അത്ഭുതകരമായ ക്ഷമതയോടെ രാജ്യത്തെ നയിച്ച അഹല്യാബായി അഖില ഭാരതീയമായ കാഴ്ചപ്പാടോടെ സ്വന്തം രാജ്യാതിര്‍ത്തിക്ക് പുറത്തും തീര്‍ത്ഥക്ഷേത്രങ്ങള്‍ നവീകരിക്കുകയും ദേവസ്ഥാനങ്ങള്‍ നിര്‍മ്മിക്കുകയും വഴി സമാജത്തില്‍ സമരസതയും സംസ്കൃതിയും സംരക്ഷിച്ചു. വര്‍ത്തമാനകാലത്തും ദേവി നമുക്കെല്ലാം മാതൃകയാണ്. ഒപ്പം ഭാരതീയ മാതൃശക്തിയുടെ ദീപ്തമായ പാരമ്പര്യത്തിന്റെ ഉജ്വലമായ പ്രതീകമാണ്.
ആര്യസമാജ സ്ഥാപകന്‍ മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ 200-ാം ജന്മവാര്ഷികവും ഈ വര്‍ഷമാണ്. അധിനിവേശങ്ങളില്‍ മുക്തമായി, കാലത്തിന്റെ ഒഴുക്കില്‍ ധര്‍മാചാരങ്ങളിലും സാമാജിക ജീവിതത്തിലും വന്നുചേര്‍ന്ന വൈകൃതങ്ങളെ ദൂരെയകറ്റി സമാജത്തെ അതിന്റെ യഥാര്‍ത്ഥ രൂപത്തിലേക്ക് തിരികെ കൊണ്ടുവന്ന് ശാശ്വത മൂല്യങ്ങളിലുറപ്പിച്ച് നിര്‍ത്താന്‍ അദ്ദേഹം വലിയ പരിശ്രമം നടത്തി. ഭാരത നവോത്ഥാനത്തിന്റെ പ്രേരക ശക്തികളില്‍ അദ്ദേഹത്തിന്റെ പേര് പ്രമുഖമാണ്.
രാമരാജ്യ സദൃശമായ അന്തരീക്ഷം സൃഷ്ടിക്കാന്‍, ജനങ്ങളുടെ ഗുണവും സ്വഭാവവും സ്വധര്‍മ്മത്തില്‍ ഉറച്ചുനില്ക്കേണ്ടത് അനിവാര്യമാണ്. ഈ സംസ്കാരവും കര്‍ത്തവ്യബോധവും എല്ലാവരിലും സൃഷ്ടിക്കുന്നതിന് വേണ്ടി സംപൂജ്യ ശ്രീശ്രീ അനുകുല്‍ചന്ദ്ര ഠാക്കൂര്‍ സംത്സംഗ് കാര്യക്രമം നടപ്പാക്കി. പഴയ ഉത്തര ബംഗാളിലെ(ഇന്നത്തെ ബംഗ്ലാദേശ്) പാബനായില്‍ ജനിച്ച ശ്രീ ശ്രീ അനുകുല്‍ചന്ദ്ര ഠാക്കൂര്‍ ഒരു ഹോമിയോപ്പതി ഡോക്ടറായിരുന്നു. അമ്മയാണ് അദ്ദേഹത്തെ ആത്മീയ സാധനയിലേക്ക് നയിച്ചത്. വ്യക്തിപരമായ പ്രശ്നങ്ങളില്‍ പെട്ട് അദ്ദേഹവുമായി അടുക്കുന്നവരില്‍ സ്വാഭാവികമെന്നോണം സ്വഭാവ വികാസവും സേവാഭാവനയും വളര്‍ന്നു. ഈ വികാസ പ്രക്രിയ ‘സത്സംഗ് ആയി രൂപപ്പെടുകയും 1925ല്‍ ജീവകാരുണ്യ സംഘടനയെന്ന നിലയില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 2024 മുതല്‍ 2025 വരെ സത്സംഗിന്റെ ആസ്ഥാനമായ ഝാര്‍ഖണ്ഡിലെ ദേവ്ഘറില്‍ ആ കര്‍മ്മധാരയുടെ ശതാബ്ദിയും ആഘോഷിക്കുന്നു. സേവ, സംസ്കാരം, വികസനം തുടങ്ങി അനേകം പദ്ധതികളുമായി ഈ അഭിയാന് മുന്നേറുകയാണ്.
നവംബര്‍ 15 ന് ഭഗവാന് ബിര്‍സാ മുണ്ടയുടെ 150-ാമത് ജയന്തി വര്‍ഷം തുടങ്ങുകയാണ്. നമ്മുടെ രാജ്യത്തെ വനവാസി സഹോദരങ്ങളെ അടിമത്തത്തില്‍ നിന്നും ചൂഷണത്തില്‍ നിന്നും വൈദേശിക ആധിപത്യത്തില്‍ നിന്നുമൊക്കെ മോചിപ്പിക്കാനും സ്വാതന്ത്ര്യവും അസ്തിത്വവും തനിമയും സ്വധര്‍മ്മവും സംരക്ഷിക്കാനുമായി ഭഗവാന് ബിര്‍സ മുണ്ട മുന്നോട്ടുവച്ച ഉല്‍ഗുലാന്റെ (ഉഗ്രവിപ്ലവം- വനവാസി പ്രക്ഷോഭം) പ്രചോദനം ഈ സാര്‍ധശതി നമ്മെ ഓര്‍മ്മിപ്പിക്കും. ഭഗവാന് ബിര്‍സ മുണ്ടയുടെ ഉജ്ജ്വല ജീവത്യാഗം കാരണമാണ് ഗോത്രവര്‍ഗ സഹോദരങ്ങള്‍ക്ക് ആത്മാഭിമാനവും വികാസവും ദേശീയ ജീവിതത്തിലെ പങ്കാളിത്തവും ഉറപ്പാക്കുന്നതിന് ശക്തമായ അടിത്തറ ലഭിച്ചത്.
വ്യക്തി ചാരിത്ര്യവും ദേശീയ ചാരിത്ര്യവും
ഇവരെല്ലാം നമ്മുടെ ഹിതത്തിന് വേണ്ടി പ്രവര്‍ത്തിച്ചവരും സ്വന്തം ജീവിതരീതികള്‍ കൊണ്ട് അനുകരണീയ മാതൃകകളായി തീര്‍ന്നവരുമാണ്. അതുകൊണ്ടുതന്നെ ആത്മാര്‍ത്ഥമായും നിസ്വാര്‍ത്ഥമായും രാജ്യത്തിനും ധര്‍മ്മത്തിനും സംസ്കാരത്തിനും സമൂഹത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച അത്തരം വിഭൂതികളെ നമ്മള് ഓര്‍ക്കുന്നു. വ്യത്യസ്ത മേഖലകളില്‍, വിവിധ കാലഘട്ടങ്ങളില്‍ പ്രവര്‍ത്തിച്ചവരെങ്കിലും ഇവരുടെയെല്ലാം ജീവിതരീതികളില്‍ സമാനമായ ചിലതുണ്ട്. നിസ്വാര്‍ത്ഥതയും നിസ്വതയും നിര്‍ഭയതയും അവരുടെ സ്വഭാവമായിരുന്നു. പോരാടേണ്ട ആവശ്യം വന്നപ്പോഴെല്ലാം അവരത് പൂര്‍ണ ശക്തിയോടെയും കാര്‍ക്കശ്യത്തോടെയും നിര്‍വഹിച്ചു. പക്ഷേ, ഒരിക്കലും വെറുപ്പോ വിദ്വേഷമോ ഉള്ളവരായി മാറിയില്ല. ഉജ്ജ്വലമായ എളിമയായിരുന്നു അവരുടെ ജീവിതത്തിന്റെ മുഖമുദ്ര. അതുകൊണ്ടാണ് അവരുടെ സാന്നിധ്യം ദുര്ജനങ്ങള്ക്ക് ഭീഷണിയും സജ്ജനങ്ങള്‍ക്ക് ആശ്വാസവും ആയത്. ഇന്ന്, സാഹചര്യം നമ്മില്‍ നിന്നെല്ലാം ഇത്തരത്തിലുള്ള ജീവിതശൈലികള്‍ പ്രതീക്ഷിക്കുന്നു. സാഹചര്യം അനുകൂലമോ പ്രതികൂലമോ ആകട്ടെ, വ്യക്തിപരവും ദേശീയവുമായ സ്വഭാവത്തിന്റെ ഈ ദൃഢത ഐശ്വര്യത്തിന്റെയും സദ്ശക്തിയുടെയും വിജയത്തിന് അടിത്തറയായി മാറുന്നു.
രാഷ്ട്രപുരോഗതി
ഇത് മനുഷ്യരാശിയുടെ ദ്രുതഗതിയിലുള്ള ഭൗതിക പുരോഗതിയുടെ യുഗമാണ്. ശാസ്ത്രസാങ്കേതികവിദ്യയുടെ സഹായത്തോടെ നാം ജീവിതം സൗകര്യങ്ങള്‍ നിറഞ്ഞതാക്കി. എന്നാല്‍ മറുവശത്ത്, സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളുടെ സംഘര്‍ഷങ്ങള്‍ നമ്മെ നാശത്തിലേക്ക് തള്ളിവിടുകയാണ്. ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം മിഡില്‍ ഈസ്റ്റില്‍ എത്രത്തോളം വ്യാപിക്കുമെന്ന ആശങ്കയിലാണ് ഏവരും. നമ്മുടെ നാട്ടിലും പ്രതീക്ഷകള്‍ക്കും അഭിലാഷങ്ങള്‍ക്കും ഒപ്പം വെല്ലുവിളികളും പ്രശ്നങ്ങളുമുണ്ട്. ഈ രണ്ട് വിഷയങ്ങളും കഴിയുന്നത്ര വിശദമായി മുമ്പും വിജയദശമി പ്രഭാഷണങ്ങളില്‍ നമ്മള് ചര്‍ച്ച ചെയ്തിട്ടുണ്ട്. പ്രതീക്ഷകളുടെയും അഭിലാഷങ്ങളുടെയും പൂര്‍ത്തീകരണത്തിലേക്ക് രാജ്യം കൈവരിച്ച ആക്കം തുടരുമെന്നുള്ളതുകൊണ്ട് ഇന്ന് ഞാന്‍ ചില വെല്ലുവിളികള്‍ മാത്രം സൂചിപ്പിക്കാം. കുറച്ച് വര്‍ഷങ്ങളായി ഭാരതം ഒരു രാഷ്ട്രമെന്ന നിലയില്‍ ലോകത്ത് ശക്തവും അഭിമാനകരവുമായ സ്ഥാനത്തെത്തിയെന്ന് നമുക്കെല്ലാവര്‍ക്കും അനുഭവമുണ്ട്. ലോകത്ത് ഭാരതത്തിന്റെ കീര്‍ത്തി വര്‍ദ്ധിച്ചു. സ്വാഭാവികമായും, നമ്മുടെ പാരമ്പര്യത്തിലും ആത്മാവിലും ഉള്‍ച്ചേര്‍ന്ന ആശയങ്ങളോടുള്ള ആദരവ് പല മേഖലകളിലും വര്‍ധിച്ചിട്ടുണ്ട്.
വിശ്വബന്ധുത്വം എന്ന നമ്മുടെ വികാരം, പരിസ്ഥിതിയോടുള്ള കാഴ്ചപ്പാട്, യോഗ മുതലായവ ഒരു മടിയും കൂടാതെ ലോകം അംഗീകരിക്കുന്നു. സമൂഹത്തില്‍, പ്രത്യേകിച്ച് യുവതലമുറയില്‍ സ്വത്വത്തിലുള്ള, തനിമയിലുള്ള അഭിമാനം വര്‍ധിച്ചുവരികയാണ്. നമ്മള് പല മേഖലകളിലും സാവധാനം മുന്നേറുകയാണ്. ജമ്മു കശ്മീരിലുള്‍പ്പെടെ എല്ലാ തെരഞ്ഞെടുപ്പുകളും സമാധാനപരമായാണ് നടന്നത്. രാജ്യത്തെ യുവശക്തി, മാതൃശക്തി, സംരംഭകര്‍, കര്‍ഷകര്‍, തൊഴിലാളികള്‍, സൈനികര്‍, ഭരണകൂടം, സര്‍ക്കാര്‍ എന്നിവരെല്ലാം അവരുടെ പ്രവര്‍ത്തനത്തില്‍ പ്രതിജ്ഞാബദ്ധരായി തുടരുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വര്‍ഷങ്ങളില്‍, രാഷ്ട്രതാത്പര്യത്തിന്റെ പ്രേരണയോടുകൂടി ഇവരെല്ലാം നടത്തിയ പരിശ്രമങ്ങളിലൂടെ ലോകവേദിയില്‍ ഭാരതത്തിന്റെ പ്രതിച്ഛായ, ശക്തി, കീര്‍ത്തി, സ്ഥാനം എന്നിവ തുടര്‍ച്ചയായി മെച്ചപ്പെടുന്നു. പക്ഷേ, നമ്മുടെ എല്ലാവരുടെയും നിശ്ചയദാര്‍ഢ്യത്തെ പരീക്ഷിക്കുന്നതുപോലെ, ചില ഭ്രമാത്മക ഗൂഢാലോചനകള്‍ നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. അവയെ ശരിയായി മനസിലാക്കേണ്ടതുണ്ട്. നമ്മുടെ രാജ്യത്തിന്റെ നിലവിലെ സാഹചര്യം പരിശോധിച്ചാല്‍, അത്തരം വെല്ലുവിളികള്‍ നമുക്ക് മുന്നില്‍ വ്യക്തമായി കാണാം. രാജ്യത്തിന്റെ നാലുപാടുമുള്ള പ്രദേശങ്ങളെ അശാന്തമാക്കാനും അസ്ഥിരപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ ശക്തി പ്രാപിക്കുകയാണ്.
ദേശവിരുദ്ധ ശ്രമങ്ങള്‍
ലോകത്ത് ഭാരതത്തിന് പ്രാധാന്യം ലഭിക്കുന്ന സാഹചര്യത്തില്‍, നിക്ഷിപ്ത താത്പര്യക്കാരായ അത്തരം ശക്തികള്‍, ഭാരതം താരതമ്യേന ഒരു പരിധിക്കുള്ളിലേ വളരാവൂ എന്നാണ് ആഗ്രഹിക്കുന്നത്. ഉദാരവും ജനാധിപത്യപരവുമായ സ്വഭാവമുണ്ടെന്ന്, ലോകസമാധാനത്തിന്
പ്രതിജ്ഞാബദ്ധരെന്ന് അവകാശപ്പെടുന്ന രാജ്യങ്ങളുടെ പ്രതിബദ്ധത അവരുടെ സുരക്ഷയുടെയും സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളുടെയും ചോദ്യം ഉയര്‍ന്നുവരുമ്പോള്‍ തന്നെ അപ്രത്യക്ഷമാകും. അപ്പോള്‍ അവര്‍ മറ്റ് രാജ്യങ്ങളെ ആക്രമിക്കുന്നതിലും ജനാധിപത്യപരമായി തെരഞ്ഞെടുത്ത സര്‍ക്കാരുകളെ നിയമവിരുദ്ധമോ അക്രമാസക്തമോ ആയ മാര്‍ഗങ്ങളിലൂടെ അട്ടിമറിക്കുന്നതിലും മടിക്കുന്നില്ല. ഭാരതത്തിനകത്തും പുറത്തും ലോകത്ത് നടക്കുന്ന സംഭവങ്ങള്‍ ശ്രദ്ധിച്ചാല്‍ എല്ലാവര്ക്കും ഇക്കാര്യങ്ങള്‍ മനസിലാകും. ഭാരതത്തിന്റെ ശോഭ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമം നുണകളുടെയോ അര്‍ദ്ധസത്യത്തിന്റെയോ അടിസ്ഥാനത്തില്‍ നടക്കുന്നുവെന്ന് വ്യക്തമായി കാണാം.
ബംഗ്ലാദേശില്‍ ഇപ്പോള്‍ നടന്ന അക്രമാസക്തമായ അട്ടിമറിക്ക് പൊടുന്നനെയുണ്ടായ പ്രാദേശിക കാരണങ്ങള്‍ ഇതിന്റെ ഒരു വശമാണ്. ഹിന്ദു സമൂഹത്തിന്മേല് അകാരണവും അതിക്രൂരവുമായ അക്രമങ്ങളുടെ പാരമ്പര്യം ആവര്‍ത്തിച്ചു. ആ ക്രൂരതകളില്‍ പ്രതിഷേധിച്ച്, ഇക്കുറി ഹിന്ദുസമൂഹം സംഘടിച്ച് സ്വയംപ്രതിരോധിക്കാന്‍ വീടിന് പുറത്തിറങ്ങി. അതുകൊണ്ട് കുറച്ച് സംരക്ഷണം ഉണ്ടായി. പക്ഷേ, ഈ സ്വേച്ഛാധിപത്യ, മതമൗലിക സ്വഭാവം നിലനില്‍ക്കുന്നിടത്തോളം അവിടെ ഹിന്ദുക്കളടക്കമുള്ള എല്ലാ ന്യൂനപക്ഷ സമൂഹങ്ങളുടെയും തലയ്ക്ക് മുകളില്‍ അപകടത്തിന്റെ വാള് തൂങ്ങിക്കിടക്കും. അതുകൊണ്ടാണ് ആ രാജ്യത്ത് നിന്ന് ഭാരതത്തിലേക്കുള്ള നുഴഞ്ഞുകയറ്റവും അതുണ്ടാക്കുന്ന ജനസംഖ്യാ അസന്തുലിതാവസ്ഥയും രാജ്യത്തെ സാധാരണ ജനങ്ങള്‍ക്കിടയില്‍ ഗുരുതര ആശങ്കയുണ്ടാക്കുന്നത്. ഈ നുഴഞ്ഞുകയറ്റം പരസ്പര സൗഹാര്‍ദ്ദത്തെയും രാജ്യത്തിന്റെ സുരക്ഷയെയും കുറിച്ച് ചോദ്യങ്ങളുയര്‍ത്തുന്നു.
ഉദാരതയുടെയും മാനവികതയുടെയും സൗമനസ്യത്തിന്റെയും പക്ഷത്ത് നില്ക്കുന്ന എല്ലാവരുടെയും, പ്രത്യേകിച്ച് ഭാരത സര്‍ക്കാരിന്റെയും ലോകമാകെയുള്ള ഹിന്ദുക്കളുടെയും പിന്തുണ ബംഗ്ലാദേശില്‍ ന്യൂനപക്ഷമായി മാറിയ ഹിന്ദുസമൂഹത്തിന് ആവശ്യമായിവരും. അസംഘടിതവും ദുര്‍ബലവുമായി തുടരുന്നത് ദുഷ്ടന്മാരുടെ അക്രമങ്ങളെ ക്ഷണിച്ചുവരുത്തുകയാവും എന്ന പാഠം ലോകമെമ്പാടുമുള്ള ഹിന്ദു സമൂഹം പഠിക്കേണ്ടതുണ്ട്. എന്നാല്‍ കാര്യങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. ഇപ്പോഴിതാ ഭാരതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പാകിസ്ഥാനുമായി കൂടിക്കാഴ്ച നടത്തുന്നതിനെ കുറിച്ചാണ് ചര്‍ച്ച. ഇത്തരം ചര്‍ച്ചകള്‍ സൃഷ്ടിക്കുന്നതിലൂടെ ഭാരതത്തെ സമ്മര്‍ദത്തിലാക്കാന്‍ ആഗ്രഹിക്കുന്നത് ഏത് രാജ്യമാണെന്ന് പറയേണ്ടതില്ല. ഈ വിഷയങ്ങളിലെ നടപടികള്‍ സര്‍ക്കാരിന്റെ വിഷയമാണ്. എന്നാല്‍ സമൂഹത്തില്‍ നിലനിന്നിരുന്ന ഭദ്രതയും സംസ്കാരവും നശിപ്പിച്ച്, വൈവിധ്യങ്ങളെ ഭിന്നതകളാക്കി ചിത്രീകരിച്ച് പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്ന വിഭാഗങ്ങള്‍ക്കിടയില്‍ വ്യവസ്ഥിതിയോട് അവിശ്വാസം സൃഷ്ടിച്ച് അസംതൃപ്തി അരാജകത്വമാക്കി മാറ്റാനുമുള്ള സാധ്യതകള്‍ വര്‍ധിച്ചിരിക്കുന്നു എന്നതാണ് സമാജത്തെ ഏറ്റവും ആശങ്കപ്പെടുത്തുന്നത് .
ഡീപ് സ്റ്റേറ്റ്, വോക്കിസം, കള്‍ച്ചറല്‍ മാര്‍ക്സിസ്റ്റ് തുടങ്ങിയ വാക്കുകള്‍ ഇക്കാലത്ത് ചര്‍ച്ചയാണ്. വാസ്തവത്തില്‍, ഇതെല്ലാ സാംസ്കാരിക പാരമ്പര്യങ്ങളുടെയും പ്രഖ്യാപിത ശത്രുക്കളാണ്. സാംസ്കാരിക മൂല്യങ്ങളും പാരമ്പര്യങ്ങളും തുടങ്ങി ശ്രേഷ്ഠമോ മംഗളകരമോ ആയി കണക്കാക്കുന്നവയെല്ലാം പൂര്‍ണമായും നശിപ്പിക്കുക എന്നത് ഇവരുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. സമൂഹത്തിന്റെ മനസ് രൂപപ്പെടുത്തുന്ന സംവിധാനങ്ങളും സ്ഥാപനങ്ങളും ഉദാ. വിദ്യാഭ്യാസ സമ്പ്രദായം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശയവിനിമയ മാധ്യമങ്ങള്‍, ബൗദ്ധിക സംവാദങ്ങള്‍ മുതലായവ, അവരുടെ സ്വാധീനത്തില്‍ കൊണ്ടുവന്ന് അവയിലൂടെ ചിന്തകളെയും മൂല്യങ്ങളെയും വിശ്വാസങ്ങളെയും നശിപ്പിക്കുക എന്നത് ഈ രീതിശാസ്ത്രത്തിന്റെ ആദ്യപടിയാണ്.
ഒരുമിച്ചു ജീവിക്കുന്ന ഒരു സമൂഹത്തിലെ ഏതെങ്കിലും ഘടകത്തെ യഥാര്‍ത്ഥമോ കൃത്രിമമായി സൃഷ്ടിച്ചതോ ആയ സവിശേഷതയുണ്ടെന്ന് വരുത്തി, അവരുടെ ആവശ്യങ്ങളുയര്‍ത്തി, അല്ലെങ്കില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ച് വേര്‍പെടുത്താന്‍ പ്രേരിപ്പിക്കുന്നു. അനീതി നേരിടുന്നു എന്ന വികാരം അവരില്‍ സൃഷ്ടിക്കുന്നു. അതൃപ്തിക്ക് ഇട നല്‍കുന്നതിലൂടെ, ആ ഘടകത്തെ സമൂഹത്തിലെ മറ്റ് ഘടകങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കാനും വ്യവസ്ഥിതിക്കെതിരും ആക്രമണാത്മകമാക്കാനും ശ്രമിക്കുന്നു. സമൂഹത്തിലെ പിഴവുകള്‍ കണ്ടെത്തി നേരിട്ടുള്ള സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നു. വ്യവസ്ഥിതി, ഭരണകൂടം, സര്‍ക്കാര്‍ മുതലായവയോട് അനാദരവും വെറുപ്പും തീവ്രമാക്കുന്നതിലൂടെ അരാജകത്വത്തിന്റെയും ഭയത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നു. ഇത് ആ രാജ്യത്തിന്റെ മേല്‍ ആധിപത്യം സ്ഥാപിക്കുന്നത് എളുപ്പമാക്കുന്നു.
ഒരു ബഹുകക്ഷി ജനാധിപത്യ ഭരണസംവിധാനത്തില്‍, രാഷ്ട്രീയ കക്ഷികള്‍ അധികാരം നേടാന്‍ മത്സരിക്കുന്നു.
സമൂഹത്തില്‍ നിലവിലുള്ള ചെറിയ താല്പര്യങ്ങള്, പരസ്പര സൗഹാര്‍ദം, രാഷ്ട്രത്തിന്റെ ഐക്യം, അഖണ്ഡത എന്നിവയെക്കാളും പ്രധാനമായെങ്കില്‍, അഥവാ പാര്‍ട്ടികള്‍ തമ്മിലുള്ള മത്സരത്തില്‍ സമൂഹനന്മയും രാഷ്ട്രത്തിന്റെ അഭിമാനവും ഐക്യവും രണ്ടാമതായാണ് കണക്കാക്കുന്നതെങ്കില്‍, പിന്നെ അത്തരം കക്ഷിരാഷ്ട്രീയത്തില്‍, ഒരു പാര്‍ട്ടിയെ പിന്തുണച്ച് ബദല്‍ രാഷ്ട്രീയത്തിന്റെ പേരില്‍ അവരുടെ വിനാശകരമായ അജണ്ട മുന്നോട്ടുകൊണ്ടുപോവുക എന്നതാണ് അവരുടെ പ്രവര്‍ത്തന രീതി. ഇതൊരു സാങ്കല്‍പ്പിക കഥയല്ല, ലോകത്തിന്റെ പല രാജ്യങ്ങളിലും സംഭവിച്ച യാഥാര്‍ത്ഥ്യമാണ്. പാശ്ചാത്യ ലോകത്തെ വികസിത രാജ്യങ്ങളില്‍ ഈ അപവാദപ്രചരണവിപ്ലവത്തിന്റെ ഫലമായി, ജീവിതത്തിന്റെ സ്ഥിരതയും സമാധാനവും സമൃദ്ധിയും പ്രതിസന്ധിയിലായെന്ന് വ്യക്തമായി കാണാം. അറബ് വസന്തം എന്ന് വിശേഷിപ്പിക്കുന്ന കാലം മുതല്‍ അയല്‍രാജ്യമായ ബംഗ്ലാദേശില്‍ ഇപ്പോള്‍ സംഭവിച്ചത് വരെ ഈ രീതി പ്രവര്‍ത്തിക്കുന്നത് നമ്മള് കണ്ടു. ഭാരതത്തിലുടനീളം, പ്രത്യേകിച്ച് അതിര്‍ത്തിയിലും വനവാസി സമാജം താമസിക്കുന്ന മേഖലകളിലും, സമാനമായ ദുഷ്പ്രവണതകള്‍ നാം കാണുന്നുണ്ട്
സാംസ്കാരിക ഏകതയുടെയും ഉന്നതമായ നാഗരികതയുടെയും ശക്തമായ അടിത്തറയിലാണ് നമ്മുടെ ദേശീയ ജീവിതം നിലകൊള്ളുന്നത്. നമ്മുടെ സാമൂഹിക ജീവിതം ഉദാത്തമായ ജീവിത മൂല്യങ്ങളാല്‍ പ്രചോദിപ്പിക്കപ്പെടുകയും പരിപോഷിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഈ ദേശീയ ജീവിതത്തെ നശിപ്പിക്കാനോ ഇല്ലാതാക്കാനോ ഉള്ള ഇത്തരം ദുഷ്പ്രവണതകള്‍ മുന്‍കൂട്ടി തടയേണ്ടത് അനിവാര്യമാണ്. ജാഗ്രതാപൂര്‍വം സമൂഹം ഇതിനായി പരിശ്രമിക്കണം. അതിന് നമ്മുടെ സാംസ്കാരിക ജീവിത ദര്‍ശനത്തെയും ഭരണഘടന നയിക്കുന്ന പാതയെയും അടിസ്ഥാനമാക്കി ഒരു ജനാധിപത്യ പദ്ധതി ഉണ്ടാക്കണം. ആശയപരവും സാംസ്കാരികവുമായ മലിനീകരണം പടര്‍ത്തുന്ന ഈ ഗൂഢാലോചനകളില്‍ നിന്ന് ശക്തമായ സംവാദങ്ങളിലൂടെ സമൂഹത്തെ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
നാളെ : സാംസ്കാരിക ശോഷണത്തിന്റെ പാര്‍ശ്വഫലങ്ങള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: