യുദ്ധക്കളം ഒന്നിനും പരിഹാരമാകില്ല എന്ന നരേന്ദ്ര മോദിയുടെ ഓര്‍മ്മപ്പെടുത്തല്‍ തികച്ചും കാലോചിതമായി. ലാവോസില്‍ ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലെ പ്രസംഗത്തിലായിരുന്നു ഭാരത പ്രധാനമന്ത്രിയുടെ ഘന ഗംഭീരമായ പരാമര്‍ശം. അത്, ഭാരതം എന്ന രാഷ്‌ട്രത്തിന്റെ ഹൃദയത്തിന്റെ ആഴത്തില്‍ നിന്നു വന്ന വാക്കുകളായിരുന്നു. താന്‍ നയിക്കുന്ന നാടിന്റെയും ജനതയുടെയും സാംസ്‌കാരികത്തനിമ തൊട്ടറിഞ്ഞ നായകന്റെ ശബ്ദം. സമാധാനത്തിനും സുരക്ഷയ്‌ക്കും ആഗോള തലത്തില്‍ത്തന്നെ കടുത്ത ഭീഷണിയും വെല്ലുവിളിയും ഉയരുന്ന കാലത്തിലൂടെയാണല്ലോ ലോകം കടന്നു പോകുന്നത്. സംയമനത്തോടെയും സമാധാനത്തോടെയും പരിഹരിക്കാന്‍ കഴിയാതെ പോകുന്ന സംഘര്‍ഷങ്ങളില്‍ നിന്നു രൂപപ്പെടുന്നതാണ് ഇത്തരം വെല്ലുവിളികള്‍. പ്രശ്‌നങ്ങള്‍ക്ക് നയതന്ത്ര തലത്തില്‍ പരിഹാരം കണ്ടെത്തുക എന്നതാണ് പരിഹാരം. അതിന് ഉഭയകക്ഷി ചര്‍ച്ചയും പക്വതയോടെയുള്ള സമീപനവും വേണം. യുദ്ധക്കളത്തില്‍ പരിഹാരമുണ്ടാകില്ല. അതാണ് മോദി ചൂണ്ടിക്കാട്ടിയത്.
വര്‍ത്തമാന കാലത്തിന്റെ ശാപമായ ഭീകര പ്രവര്‍ത്തനത്തിന്റെ കറുത്ത മുഖത്തിനു നേരെയായിരിക്കണം മോദി വിരല്‍ ചൂണ്ടുന്നത്. പല രൂപത്തിലും ഭാവത്തിലും പേരിലും പടര്‍ന്നു പിടിക്കുന്ന അന്താരാഷ്‌ട്ര ഭീകരതയുടെ വളര്‍ച്ചയാണ് ഇന്ന് പല സംഘര്‍ഷങ്ങളുടെയും തുടക്കത്തിനും അപകടകരമായ വളര്‍ച്ചയ്‌ക്കും കാരണമാകുന്നത്. രാഷ്‌ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് നയതന്ത്ര പരിഹാരം സാധ്യമായേക്കാം. എന്നാല്‍, ഒളിപ്പോരാട്ടം നടത്തുന്ന ഭീകര സംഘടനകളെ അടിച്ചമര്‍ത്തുകതന്നെ വേണ്ടിവരും. കാര്യസാധ്യത്തിന് ഇത്തരം ഭീകര ഗ്രൂപ്പുകളെ വളര്‍ത്തുകയും ഉപയോഗിക്കുകയും ചെയ്യുന്ന, പാകിസ്ഥാന്‍ അടക്കമുള്ള ചില രാജ്യങ്ങളാണ് യുദ്ധക്കൊതി പരത്തുന്നത്. അത്തരം രാജ്യങ്ങളുടെ തണലിലാണ് ഭീകരത ലോകരാഷ്‌ട്രങ്ങളില്‍ വേരോട്ടമുണ്ടാക്കുന്നത്. ആഫ്രിക്കയിലും യൂറോപ്പിലും ഒട്ടേറെ രാജ്യങ്ങളില്‍ പിടിമുറുക്കിക്കഴിഞ്ഞ ഭീകരവാദത്തെ നേരിടാന്‍ ലോകം ഇന്ന് ഉറ്റുനോക്കുന്നത് ഭാരതത്തിലേക്കാണ്. അതിനെ ഫലപ്രദമായി നേരിടുന്ന രാജ്യം ഭാരതമാണ്.
വിഭിന്ന സംസ്‌കാരങ്ങളെയും മതങ്ങളെയും സൗഹൃദപൂര്‍വം ഉള്‍ക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്തിട്ടുള്ള ഭാരതം ഒരിക്കലും സംഘര്‍ഷത്തിന്റെ പാത തെരഞ്ഞെടുത്തിട്ടില്ല. എന്നും സഹിഷ്ണുതയുടെ പാതയിലായിരുന്നു നമ്മള്‍. പക്ഷെ, ഭീകരതയ്‌ക്കു നേരെ സഹിഷ്ണുത പരിഹാരമാകില്ല. അതിനാല്‍ത്തന്നെ അതിനെ അമര്‍ച്ച ചെയ്‌തേ പറ്റൂ. അത് ഫലപ്രദമായി ചെയ്യുന്ന ഭാരതം ഭീകരരുടെ കണ്ണിലെ കരടാകുന്നത് സ്വാഭാവികം. അതുകൊണ്ടുതന്നെ ലോകം ഇങ്ങോട്ട് ഉറ്റുനോക്കുന്നു. പക്ഷെ, തീവ്രവാദത്തിന്റെ വേര് അറുക്കാന്‍ ലോക രാഷ്‌ട്രങ്ങള്‍ സംയുക്തമായി അതിനെതിരെ ചലിക്കണം. പ്രചോദനം ഭാരതം ആയിരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: