തിരുവനന്തപുരം: ക്ഷുദ്രശക്തികള്‍ തലപൊക്കുകയാണെന്നും ഈ സാഹചര്യത്തില്‍ സമൂഹം ജാഗരൂകരാകണമെന്നും മുന്‍ ഡിജിപി ഡോ. ആര്. ശ്രീലേഖ. ദുഷ്ടശക്തികളെ നിഗ്രഹിക്കാന്‍ നമുക്ക് വടിയെങ്കിലും വേണ്ടേയെന്നും അവര്‍ ചോദിച്ചു. പൂജപ്പുര നഗരത്തിന്റെ ആര്‍എസ്എസ് വിജയദശമി പഥസഞ്ചലനത്തിന് ശേഷം തിരുമല വിശ്വപ്രകാശ് സ്കൂള്‍ ഗ്രൗണ്ടിലെ പൊതുപരിപാടിയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു ശ്രീലേഖ.
ക്ഷുദ്രശക്തികള്‍ ഇപ്പോഴും കാണാമറയത്തുണ്ടെന്ന് മനസ്സില്‍ ഓര്‍മയുണ്ടാകണമെന്നും ശ്രീലേഖ പറഞ്ഞു. ക്ഷുദ്രശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ അവിടവിടെ തലപൊക്കി വരുന്നുണ്ട്. അത് കാണാനുള്ള കണ്ണ് ഭരണകര്‍ത്താക്കള്‍ക്ക് ഉണ്ടെങ്കിലും അവയെ മറികടന്ന് എത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ കൂടുതല്‍ കരുതല്‍ ആവശ്യമുണ്ട്. എപ്പോഴും ജാഗരൂകരായിരിക്കണം. അത് ആര്‍എസ്എസ് ചെയ്യുന്നുണ്ട് എന്ന കാര്യത്തില്‍ തികച്ചും അഭിമാനിക്കാമെന്നും ശ്രീലേഖ കൂട്ടിച്ചേര്‍ത്തു.
ആദ്യമായാണ് പങ്കെടുക്കുന്നതെെങ്കിലും പഥസഞ്ചലനവും ശാരീരികും കണ്ടപ്പോള്‍ പോലീസ് ജീവിതവുമായി അടുത്ത ബന്ധം അനുഭവപ്പെട്ടെന്നും അപരിചത്വം തോന്നുന്നില്ലെന്നും ശ്രീലേഖ പറഞ്ഞു. പെട്ടെന്ന് സല്യൂട്ട് ചെയ്യേണ്ടി വരുമോ എന്ന് ആശയക്കുഴപ്പമുണ്ടയി. കഠിനമായ ശാരീരിക ശിക്ഷണത്തിലൂടെയേ മനസിനെ ശക്തിപ്പെടുത്താവു. കല്ലില്‍ ശില്പം കൊത്തി എടുക്കുന്ന പോലെ ഒരു ശുദ്ധീകരണമാണ്. ചെറിയ പ്രായത്തിലുള്ള കുട്ടികള്‍ മുതല്‍ ഇതില്‍ പങ്കെടുക്കുന്നത് കണ്ടിട്ട് സന്തോഷമുണ്ട്. രാജ്യസ്നേഹത്തിനായി, മണ്ണിനായി, നമ്മുടെ അമ്മയ്ക്കായി ജീവിതം പോലും കൊടുക്കാന്‍ തയ്യാറായി നില്‍ക്കുന്നവരാണ് നമ്മളെല്ലാവരും. അതിനുള്ള നല്ല ഒരു അവസരം നമ്മളെ തേടി എത്തട്ടെയെന്നും ശ്രീലേഖ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: