തൃശ്ശൂര്‍ : ആര്‍എസ്എസിന്റെ വളര്‍ച്ചയിലുള്ള ഭയവും അസൂയയുമാണ് സംഘത്തിനെതിരായ നുണപ്രചരണത്തിന് പിന്നിലെന്ന് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം.രാധാകൃഷ്ണന്‍.
തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് വിജയം സംഘം തൃശ്ശൂര്‍ പൂരം അലങ്കോലമാക്കിയത് കൊണ്ടാണെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ ഇത്തരം അസൂയയില്‍ നിന്നുണ്ടായതാണ്. തോല്‍വി അംഗീകരിക്കാനും സുരേഷ്‌ഗോപിയുടെ വിജയം എന്തുകൊണ്ടെന്ന് മനസ്സിലാക്കാനുമുള്ള വിവേകം പോലും ഇവര്‍ക്ക് നഷ്ടമായിരിക്കുന്നു. ആര്‍എസ്എസ് തൃശ്ശൂര്‍ മഹാനഗര്‍ വിജയദശമി ആഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
തൃശ്ശൂരില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ പതിറ്റാണ്ടുകളായുള്ള പരിശ്രമത്തിലൂടെ സംഘം ആഴത്തില്‍ സ്വാധീനം സൃഷ്ടിച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ ജനകീയ-സേവന പ്രവര്‍ത്തനങ്ങളും ജനങ്ങളെ ആകര്‍ഷിച്ചു. വിജയത്തിനു പിന്നില്‍ അനേകായിരങ്ങളുടെ കഠിനാധ്വാനമാണ്. ഇതൊന്നും കാണാതെ നുണപ്രചാരണം നടത്തുന്നത് അസൂയയാണ്. എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടത് തെറ്റാണെന്ന് പ്രചരിപ്പിക്കുന്നതും ഈ ഭയത്തിന്റെയും അസൂയയുടെയും അടിസ്ഥാനത്തിലാണ്. ചീഫ് സെക്രട്ടറി ഉള്‍പ്പെടെ പല ഉന്നത ഉദ്യോഗസ്ഥരും ആര്‍എസ്എസ് കാര്യാലയത്തില്‍ എത്തുകയും നേതാക്കളെ കാണുകയും ചെയ്യാറുണ്ട്. രാജ്യവ്യാപകമായി അത്തരം സമ്പര്‍ക്ക പ്രവര്‍ത്തനങ്ങള്‍ ദീര്‍ഘകാലമായി ആര്‍എസ്എസ് നടത്തുന്നതാണ്.
തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടത് ചില പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലമാണ്. പൂരം തകര്‍ക്കാനുള്ള ശ്രമം ഇതാദ്യമായല്ല. പൂരം മാത്രമല്ല ശബരിമല ഉള്‍പ്പെടെ കേരളത്തിലെ ക്ഷേത്രങ്ങളും ഉത്സവങ്ങളും തകര്‍ക്കാന്‍ വര്‍ഷങ്ങളായി ഗൂഢനീക്കം നടക്കുന്നു. ഹിന്ദു ഐക്യം തകര്‍ക്കുക എന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യം. വലിയ ഉത്സവങ്ങളില്‍ ജാതിമതഭേദമന്യേ എല്ലാവരും ഒരുമിച്ചു വരുന്നത് പലര്‍ക്കും സഹിക്കുന്നില്ല. ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാനാണ് അവരുടെ ശ്രമം.
കഴിഞ്ഞ 99 വര്‍ഷമായി ആര്‍എസ്എസ് രാജ്യത്ത് സൃഷ്ടിച്ച വലിയ പരിവര്‍ത്തനം എല്ലാ രംഗത്തും ദൃശ്യമാണ്. രാഷ്‌ട്രത്തെയും സമാജത്തെയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഘം പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഗുണഫലങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിഘടനവാദം അവസാനിച്ചതും ദേശീയത ശക്തിപ്പെട്ടതും ഉദാഹരണമാണ്.
ഒരു നൂറ്റാണ്ടായി ആശയത്തിലും പ്രവര്‍ത്തനരീതിയിലും അണുവിട മാറാതെയാണ് ആര്‍എസ്എസ് മുന്നേറ്റം തുടരുന്നത്. 2025 ലും പ്രവര്‍ത്തനത്തില്‍ ഒരു മാറ്റവും ഉണ്ടാകില്ല. 2047 ല്‍ സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷം ആഘോഷിക്കുമ്പോള്‍ ഭാരതത്തെ വൈഭവശാലിയായ രാഷ്‌ട്രമാക്കുകയാണ് ലക്ഷ്യം.
സംഗീതസംവിധായകന്‍ ഔസേപ്പച്ചന്‍ അധ്യക്ഷനായിരുന്നു. നഗരത്തില്‍ നടന്ന പഥസഞ്ചലനം വടക്കുന്നാഥ ക്ഷേത്ര മൈതാനിയില്‍ സമാപിച്ചു. തുടര്‍ന്നായിരുന്നു പൊതുസമ്മേളനം. കായിക പ്രദര്‍ശനവും നടന്നു. മഹാനഗര്‍ സംഘചാലക് ഡോ.പി.വി.ഗോപിനാഥന്‍, സഹകാര്യവാഹ് ടി. ഹരിഗോവിന്ദന്‍, ബൗദ്ധിക് പ്രമുഖ് കെ.രാധാകൃഷ്ണന്‍ തുടങ്ങിയവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: