പത്തനംതിട്ട: ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി സ്വര്‍ണാഭരണങ്ങളും പണവും മൊബൈല്‍ ഫോണുകളും കവര്‍ന്നു. കവര്‍ച്ചയ്‌ക്ക് ഇരകളായ ദമ്പതികള്‍ വെല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കൊല്ലം – വിശാഖപട്ടണം എക്‌സ്പ്രസില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പത്തനംതിട്ട തലച്ചിറ സ്വദേശികളും തമിഴ്‌നാട്ടിലെ ഹൊസൂറില്‍ സ്ഥിര താമസക്കാരുമായ രാജുവും ഭാര്യ മറിയാമ്മയുമാണ് കവര്‍ച്ചയ്‌ക്കിരയായത്.
നാട്ടില്‍ നിന്നും മടങ്ങവെ വെള്ളിയാഴ്ച രാത്രി എട്ടരയോടെ കായംകുളത്ത് നിന്നും ട്രെയിനില്‍ കയറി. ജോളാര്‍ പേട്ട സ്‌റ്റേഷനിലായിരുന്നു ഇറങ്ങേണ്ടത്. ഇതേ കോച്ചില്‍ ഹിന്ദി സംസാരിക്കുന്ന, വിശാഖപട്ടണത്ത് ബിസിനസ് ആണെന്ന് അയാള്‍ സ്വയം പരിചയപ്പെടുത്തിയ ഒരാള്‍ കൂടിയുണ്ടായിരുന്നു.
ഒമ്പതരയോടെ ദമ്പതികള്‍ ഭക്ഷണം കഴിച്ചു ഉറങ്ങാന്‍ കിടന്നു. രാത്രി പതിനൊന്നരയോടെ മറിയാമ്മയ്‌ക്ക് ചുമ വന്നപ്പോള്‍ ബര്‍ത്തിനോട് ചേര്‍ന്ന് ഫ്‌ലാസ്‌കില്‍ ഇവര്‍ വച്ചിരുന്ന ചൂട് വെള്ളം കുടിച്ചു. രാജു ഫ്‌ലാസ്‌ക്കിലെ വെള്ളമെടുത്ത് മറിയാമ്മയ്‌ക്ക് നല്‍കാന്‍ തുടങ്ങിയപ്പോള്‍ അടുത്തിരുന്ന അപരിചിതന്‍ സഹായിക്കാന്‍ എന്ന രീതിയില്‍ എത്തി. വേണ്ടെന്നു പറയുകയും രണ്ടുപേരും സ്വയം വെള്ളം കുടിക്കുകയും ചെയ്തു. എന്നാല്‍ അതിനുശേഷം ഒന്നും ഓര്‍മ്മയില്ലെന്ന് ഇരുവരും പറയുന്നു.
ഫ്‌ലാസ്‌കില്‍ ഉണ്ടായിരുന്ന വെള്ളത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയെന്ന് സംശയമുണ്ടെന്ന് ദമ്പതികള്‍ പറയുന്നു. ജോളാര്‍പേട്ട് സ്‌റ്റേഷനില്‍ രാജുവും മറിയാമ്മയും ഇറങ്ങിയില്ലെന്ന് മനസിലായ മകന്‍ ഷിനു റെയില്‍വേ പൊലീസിന്റെ സഹായം തേടി. അങ്ങനെയാണ് തൊട്ടടുത്ത കാട്പാടി സ്‌റ്റേഷനില്‍ വച്ച് ബോധരഹിതരായി ഇവരെ കണ്ടെത്തുന്നത്. പരാതിയില്‍ അന്വേഷണം നടക്കുന്നു എന്നാണ് കാട്പാടി റെയില്‍വേ പൊലീസ് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: