കോട്ടയം: ‘ഹരിശ്രീ’ ഒഴിവാക്കി കുട്ടിക്ക് വിദ്യാരംഭം കുറിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കുമേല്‍ ട്രോള്‍ മഴ. ഔദ്യോഗിക വസതിയില്‍ ആദ്യക്ഷരം കുറിക്കാന്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തിയ കുട്ടിയെയാണ് ‘ഹരിശ്രീ’ എഴുതിക്കാതെ ഇംഗ്ലീഷ് അക്ഷരങ്ങളും മലയാള അക്ഷരങ്ങളും എഴുതിക്കുകയും പിന്നീട് കടലാസില്‍ അച്ഛന്‍, അമ്മ, നന്മ തുടങ്ങിയ വാക്കുകള്‍ എഴുതിക്കുകയും ചെയ്തത്.
മതനിരപേക്ഷത കാണിക്കാനാണ് ഹരിശ്രീ എഴുതിക്കാതിരുന്നത് എന്നാണ് മന്ത്രിയുടെ വ്യാഖ്യാനം. സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയുടെ ബന്ധുവാണ് കുട്ടി.
എന്നാല്‍ ഹരിശ്രീ എഴുതിക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് വിജയദശമി ദിവസം വിദ്യാരംഭത്തിന് തിരഞ്ഞെടുത്തുവെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു. ഹൈന്ദവ ആചാരപ്രകാരമാണ് വിജയദശമിക്ക് വിദ്യാരംഭം കുറിക്കുന്നത് . വിദ്യാരംഭ ദിനം തിരഞ്ഞെടുക്കുന്നതില്‍ മതനിരപേക്ഷത കാണിക്കാതിരുന്ന വിദ്യാഭ്യാസ മന്ത്രിയും കുടുംബവും ഹരിശ്രീയോട് മാത്രം വിരോധം വച്ചുപുലര്‍ത്തുന്നതിന്‌റെ യുക്തി എന്താണ് . മതനിരപേക്ഷത പുലര്‍ത്തണമെങ്കില്‍ സ്‌കൂള്‍ തുറക്കുന്ന ദിവസം വിദ്യാരംഭം കുറിക്കുന്നതായിരുന്നില്ലേ നല്ലതെന്നും പലരും ആരായുന്നുണ്ട്.
മന്ത്രിക്ക് ഹരിശ്രീ എന്ന് ചുറ്റിക്കെട്ടി എഴുതാന്‍ പറ്റാത്തതു കൊണ്ടാവും മറ്റ് അക്ഷരങ്ങള്‍ എഴുതിച്ചതെന്നു ചിലര്‍ പരിഹസിക്കുന്നു. മതനിരപേക്ഷ മന്ത്രിയുടെ പേര് കുട്ടി എന്നു മാത്രമാക്കണമെന്നും ശിവന്‍ എന്ന ഹിന്ദു നാമം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടവരുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: