കോട്ടയം: നെടുമുടി വേണുവിന്റെ അവസാന സിനിമയായ സ്വര്‍ഗ്ഗം തുറക്കുന്ന സമയം താന്‍ കണ്ടില്ലെന്ന് ഭാര്യ സുശീല. സിനിമ റിലീസ് ചെയ്തപ്പോള്‍ സംവിധായകന്‍ ജയരാജ് വിളിച്ച് പറഞ്ഞിരുന്നു. ആശുപത്രിയില്‍ കഴിയവെ, പതിവിനു വിരുദ്ധമായി ആ ചിത്രത്തിന്റെ കഥ ശശിച്ചേട്ടന്‍ (നെടുമുടിവേണു) എന്നോട് പറഞ്ഞതാണ്. ഇനി അഭിനയം കൂടി കാണാനുള്ള മനക്കരുത്തില്ല . അതുകൊണ്ടാണ് കാണാന്‍ തോന്നാഞ്ഞത് എന്ന് നെടുമുടി വേണുവിന്റെ മൂന്നാം ചരമവാര്‍ഷിക ദിനത്തില്‍ മനോരമയില്‍ എഴുതിയ ഓര്‍മ്മക്കുറിപ്പില്‍ സുശീല പറഞ്ഞു.
എംടി വാസുദേവന്‍ നായരുടെ തിരക്കഥകളെ ആസ്പദമാക്കി ചെയ്ത മനോരഥങ്ങള്‍ എന്ന സിനിമ പരമ്പരയില്‍ ഒന്നാണ് സ്വര്‍ഗ്ഗം തുറക്കുന്ന സമയം. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നെങ്കിലും ജയരാജിന്‌റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.
അവസാന കാലത്ത് ആശുപത്രിയില്‍ കഴിയവെ ഈ ചിത്രത്തിന്റെ കഥ എന്നോട് പറഞ്ഞിരുന്നു. മരണശയ്യയില്‍ കിടക്കുന്ന ഒരു വൃദ്ധന്‍. ഒന്നു മരിച്ചുകിട്ടിയിരുന്നെങ്കില്‍ എന്ന് അക്ഷമരായി കാത്തുനില്‍ക്കുന്ന ബന്ധുക്കള്‍.അവരില്‍ നിന്നൊക്കെ വ്യത്യസ്തയായ, സ്‌നേഹമയിയായ സഹോദരി .. ഇതൊക്കെയും എന്നോട് വിശദമായി പറഞ്ഞിരുന്നു. ശശിച്ചേട്ടനാണ് മരണാസന്നനായ വൃദ്ധനായി അഭിനയിച്ചത്. അന്നത്തെ ആശുപത്രി വാസത്തിനുശേഷം ശശിച്ചേട്ടന്‍ ജീവിതത്തിലേക്ക് മടങ്ങിയില്ല.
മരണം കാത്തു കിടക്കുന്ന വ്വദ്ധന്റെ കഥ അദ്ദേഹം പറഞ്ഞത് ഒരു ഉള്‍ക്കിടിലത്തോടെയാണ് ഞാന്‍ കേട്ടത്. ഇനി അഭിനയം കൂടി കാണാനുള്ള മനക്കരുത്ത് ഇല്ലാത്തതിനാലാണ് സിനിമ കാണാഞ്ഞത് എന്നും സുശീല ഓര്‍മ്മിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: