മുംബൈ : എൻസിപി നേതാവും മഹാരാഷ്‌ട്ര മുൻ മന്ത്രിയുമായ ബാബ സിദ്ദിഖിയുടെ കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്ത സംഭവമാണെന്ന് സംശയിക്കുന്നതായി മുംബൈ പോലീസ്. കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി കോണുകളിലൂടെ അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.
വാടക കൊലപാതകം, ബിസിനസ്സ് വൈരാഗ്യം, ചേരി പുനരധിവാസ പദ്ധതിയെച്ചൊല്ലിയുള്ള ഭീഷണി എന്നിവ ഉൾപ്പെടെ വിവിധ ഭാഗങ്ങളിലൂടെയാണ് ക്രൈംബ്രാഞ്ച് കേസിൽ അന്വേഷണം ആരംഭിച്ചത്. അതേ സമയം അക്രമികളെന്ന് പറയപ്പെടുന്ന രണ്ട് പേർ അറസ്റ്റിലായപ്പോൾ മറ്റൊരു പ്രതി ഒളിവിലാണെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
ഹരിയാന സ്വദേശി ഗുർമൈൽ ബൽജിത് സിംഗ് (23), ഉത്തർപ്രദേശ് സ്വദേശി ധർമരാജ് രാജേഷ് കശ്യപ് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. മൂന്ന് പ്രതികൾക്കെതിരെ കൊലപാതകം ഉൾപ്പെടെയുള്ള ബിഎൻഎസ് വകുപ്പുകളും ആയുധ നിയമത്തിലെയും മഹാരാഷ്‌ട്ര പോലീസ് നിയമത്തിലെയും വകുപ്പുകൾ പ്രകാരവും കേസെടുത്തിട്ടുണ്ട്.
ബാബ സിദ്ദിഖിനെ മുംബൈയിലെ ബാന്ദ്ര ഏരിയയിലെ ഖേർ നഗറിൽ അദ്ദേഹത്തിന്റെ മകനും എംഎൽഎയുമായ സീഷാൻ സിദ്ദിഖിന്റെ ഓഫീസിന് പുറത്ത് വച്ച് മൂന്ന് പേർ വെടിവയ്‌ക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
സംഭവത്തിന് ശേഷം ഫോറൻസിക് സംഘം കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിച്ച് സാമ്പിളുകൾ ശേഖരിച്ചുവെന്നും ആക്രമണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് സമീപത്തെ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പോലീസ് കണ്ടെടുത്ത 9.9 എംഎം പിസ്റ്റളിൽ നിന്ന് നാലോ അഞ്ചോ റൗണ്ട് വെടിയുതിർത്തതായിട്ടാണ് റിപ്പോർട്ട്. കേസിന്റെ അന്വേഷണത്തിനായി മുംബൈ പോലീസ് ഒന്നിലധികം സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ ഒളിവിലുള്ള മൂന്നാം പ്രതിയെ പിടികൂടാൻ ചില സംഘങ്ങളെ മഹാരാഷ്‌ട്രയിൽ നിന്ന് അയച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: