ദുബായ് : നാല്പത്തിമൂന്നാമത് ഷാർജ അന്താരാഷ്‌ട്ര പുസ്തകമേളയുടെ വിശദാംശങ്ങൾ അറിയിച്ച് ഷാർജ ബുക്ക് അതോറിറ്റി. നവംബർ 6-ന് പുസ്തകമേള ആരംഭിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു. പ്രധാന ആസ്ഥാനത്ത് നടന്ന പ്രത്യേക പത്രസമ്മേളനത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.
ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന പുസ്തകമേള നവംബർ 17 വരെ നീണ്ട് നിൽക്കും. എമിറേറ്റിന്റെ സാംസ്‌കാരിക പദവി കൂടുതൽ ശക്തമാക്കുന്നതിനാണ് നാല്പത്തിമൂന്നാമത് ബുക്ക് ഫെസ്റ്റിവൽ ലക്ഷ്യം വെക്കുന്നതെന്ന് സംഘാടക സമിതി അറിയിച്ചു.
മൊറോക്കോയാണ് ഇത്തവണത്തെ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിലെ പ്രധാന അതിഥി രാജ്യം. 112 രാജ്യങ്ങളിൽ നിന്നുള്ള 2520 പ്രസാധകർ ഇത്തവണത്തെ ഷാർജ പുസ്തകമേളയിൽ പങ്കെടുക്കുന്നുണ്ട്.
‘അത് ഒരു പുസ്തകത്തിൽ നിന്ന് ആരംഭിക്കുന്നു’ എന്ന ആശയത്തിലൂന്നിയാണ് നാല്പത്തിമൂന്നാമത് ഷാർജ അന്താരാഷ്‌ട്ര പുസ്തകമേള സംഘടിപ്പിക്കുന്നത്. സാമൂഹിക പുരോഗതിയുമായി ബന്ധപ്പെട്ട് വായന, അറിവ് എന്നിവയ്‌ക്കുള്ള പ്രാധാന്യം ഈ ആശയം എടുത്ത് കാട്ടുന്നതായും സമിതി അറിയിച്ചു.
യുഎഇയിൽ നിന്നുള്ള 234-ഉം, ഈജിപ്തിൽ നിന്നുള്ള 172-ഉം, ലെബനനിൽ നിന്നുളള 88-ഉം, ഇന്ത്യയിൽ നിന്നുള്ള 52-ഉം പ്രസാധകർ ഇത്തവണത്തെ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ പങ്കെടുക്കുന്നുണ്ട്. പുസ്തകമേളയുടെ ഭാഗമായി ഏതാണ്ട് 1357-ൽ പരം പരിപാടികൾ അരങ്ങേറുന്നതാണ്.
https://x.com/SharjahBookAuth/status/1843352669693657599
കഴിഞ്ഞ വർഷം ഷാർജ എക്സ്പോ സെന്ററിൽ നടന്ന ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ 112 രാജ്യങ്ങളിൽ നിന്നുള്ള 2.17 ദശലക്ഷം സന്ദർശകർ പങ്കെടുത്തിരുന്നു. സന്ദർശകരിൽ 54.2 ശതമാനം പേർ പുരുഷന്മാരും, 45.8 ശതമാനം പേർ സ്ത്രീകളുമാണെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. മേളയിൽ രണ്ട് ലക്ഷത്തിലധികം വിദ്യാർത്ഥികളും പങ്കെടുത്തിരുന്നു.
ബുക്ക് ഫെസ്റ്റിവൽ അതോറിറ്റി സിഇഒ അഹ്മദ് ബിൻ റക്കാദ് അൽ അമീരി, മൊറോക്കോ അംബാസഡർ അഹ്മദ് എൽ താസി, ഷാർജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് ഹസൻ ഖലാഫ്, ഫെസ്റ്റിവൽ ജനറൽ കോഓർഡിനേറ്റർ ഖൗല അൽ മുജെയ്‌നി, പ്രൊഫഷണൽ കോൺഫെറൻസസ് ജനറൽ കോഓർഡിനേറ്റർ മൻസൂർ അൽ ഹസനി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: