ന്യൂദല്‍ഹി: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം മൂലം മധ്യേഷ്യയില്‍ ഉരുണ്ടുകൂടുന്ന യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ മറ്റെല്ലാ ഏഷ്യന്‍ കറന്‍സികളും പോലും ഇന്ത്യന്‍ രൂപയെയും ദുര്‍ബലമാക്കുന്നു. വിദേശ ഫണ്ടുകള്‍ ഇന്ത്യയിലെ ഓഹരി വിപണിയില്‍ നിന്നും വലിയ തോതില്‍ പിന്‍വലിക്കപ്പെടുകയാണ്. വിദേശ പോര്‍ട്ട്ഫോളിയോ ഇന്‍വെസ്റ്റേഴ്സ് കഴിഞ്ഞ ദിവസം ഏകദേശം 1.13 ലക്ഷം കോടി രൂപയാണ് ഓഹരി വിപണിയില്‍ നിന്നും പിന്‍വലിച്ചത്.
അതുപോലെ അസംസ്കൃത എണ്ണവില ഉയരുന്നതും വലിയ ആശങ്ക ഉളവാക്കുകയാണ്. സെപ്തംബര്‍ 30ന് ബാരലിന് 69 ഡോളര്‍ എന്ന നിലയില്‍ നിന്നും ഒറ്റയടിക്ക് ബാരലിന് 78.92 ഡോളര്‍ എന്ന നിലയിലേക്ക് അസംസ്കൃത എണ്ണവില ഉയര്‍ന്നിരിക്കുകയാണ്. അടിയന്തരമായി യുദ്ധസാഹചര്യത്തില്‍ അയവുവന്നില്ലെങ്കില്‍ വലിയ പ്രതിസന്ധികളിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തല്‍. ഇറാന്‍ ഇസ്രയേലിനെതിരെ വന്‍തോതില്‍ ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചതാണ് കൂടുതല്‍ സംഘര്‍ഷം ഉണ്ടാകുമോ എന്ന ആശങ്ക ഉണ്ടാക്കുന്നത്. ഇസ്രയേല്‍ ഇറാന് നേരെ വലിയ ആക്രമണങ്ങള്‍ നടത്തിയേക്കും എന്ന ഭീതിയിലാണ് മധ്യേഷ്യ.
ഇതിന് സമാന്തരമായി റഷ്യ-ഉക്രൈന്‍ യുദ്ധവും ശക്തിപ്രാപിക്കുകയാണ്. അമേരിക്ക, യൂറോപ്യന്‍ പിന്തുണയോടെ റഷ്യയ്‌ക്ക് മേല്‍ ഉക്രൈന്‍ നടത്തുന്ന ആക്രമണവും ആശങ്കയ്‌ക്ക് വഴിവെക്കുകയാണ്. റഷ്യ കടുത്ത പ്രതികരണത്തിലേക്ക് നീങ്ങുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഡോളറിന് 84 രൂപ എന്ന നിലയും വിട്ട് രൂപയുടെ മൂല്യം ഇടിയുന്നത്. ശനിയാഴ്ച ഒരു ഡോളറിന് 84 രൂപ 14 പൈസ എന്ന നിലയിലേക്ക് താഴ്ന്നിരിക്കുകയാണ്. ചൈനയില്‍ പലിശനിരക്ക് ഈയിടെ 50 ബേസിസ് പോയിന്‍റ് കുറച്ചത് മൂലം വിദേശ നിക്ഷേപകര്‍ ചൈനീസ് ഓഹരിവിപണിയില്‍ പോകുന്നതും തലവേദന സൃഷ്ടിക്കുന്നു. എണ്ണവില ഉയരുന്നു മധ്യേഷ്യയില്‍ യുദ്ധസാഹചര്യത്തില്‍ അയവ് വരുത്താന്‍ ഇന്ത്യ ആവുന്നതും ശ്രമിക്കുന്നുണ്ട്. പക്ഷെ അത് ഫലവത്താകാത്ത ഇറാന്‍-ലെബനോന്‍-പലസ്തീന്‍ സഖ്യത്തില്‍ നിന്നും അകന്നിരിക്കുകയാണ് ഇസ്രയേല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: