ബെംഗളൂരു: ടൊവിനോ ചിത്രമായ അജയന്റെ രണ്ടാം മോഷണം (എആർഎം) വ്യാജപതിപ്പ് പ്രചരിപ്പിച്ച കേസിൽ തമിഴ് റോക്കഴ്സ് അംഗങ്ങൾ ബെംഗളൂരുവിൽ പിടിയിൽ. തമിഴ്നാട് സ്വദേശികളായ പ്രവീൺ കുമാറും കുമരേശനുമാണ് പിടിയിലായത്. വ്യാജപതിപ്പ് ഷൂട്ട് ചെയ്തത് കോയമ്പത്തൂരിലെ തിയ്യേറ്ററിൽ വെച്ചാണെന്ന് സൈബർ പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നിൽ തമിഴ് റോക്കേഴ്സ് സംഘത്തിൽപ്പെട്ടവരാണെന്നും വ്യക്തമായി.
പിടിയിലാകുന്ന സമയത്ത് പ്രതികളുടെ പക്കൽ കഴിഞ്ഞദിവസം പുറത്തിറങ്ങിയ രജനി ചിത്രം വേട്ടയന്റെ വ്യാജപതിപ്പും ഉണ്ടായിരുന്നു. ഇരുവരെയും ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് എത്തിച്ചു. കേസിൽ വേറെയും പ്രതികളുണ്ടെന്നാണ് ലഭ്യമായ വിവരം. ചിത്രം പ്രചരിപ്പിച്ച വെബ്സൈറ്റ് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്കെത്തിച്ചത്. അജയന്റെ രണ്ടാം മോഷണത്തിന്റെ സംവിധായകൻ ജിതിൻ ലാലിന്റെയും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെയും പരാതിയിലാണ് നടപടി.
റിലീസ് ചെയ്ത് രണ്ടാം ദിവസമാണ് എആർഎം വ്യാജപതിപ്പ് ടെലഗ്രാമിൽ എത്തിയത്. ട്രെയിൻ യാത്രയ്‌ക്കിടെ ഒരാൾ ചിത്രം മൊബൈൽ ഫോണിൽ കാണുന്ന ദൃശ്യം സംവിധായകൻ ജിതിൻ ലാൽ തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. പിന്നാലെ ജിതിൻ ലാൽ കൊച്ചി സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: