പി. സുധാകരന്
(ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി)
225 വര്‍ഷങ്ങള്‍ക്കു മുന്‍പ് ശക്തന് തമ്പുരാന് വിഭാവനം ചെയ്ത് ആരംഭിച്ച തൃശൂര്‍ പൂരത്തിന്റെ പ്രധാന സംഘാടകര്‍ പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളാണ്. കണിമംഗലം, പനമുക്കുംപിള്ളി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, നെയ്തലക്കാവ് തുടങ്ങിയ 8 ഘടകപൂരങ്ങളും കൂടി ചേര്‍ന്നതാണ് തൃശൂര്‍ പൂരം. ഈ 10 ക്ഷേത്രങ്ങളിലേയും പൂരം സന്ധിക്കുന്നതും ഇലഞ്ഞിത്തറമേളം, കുടമാറ്റം, വെടിക്കെട്ട് തുടങ്ങിയ പ്രധാന കാര്യങ്ങള്‍ നടക്കുന്നതും ശ്രീവടക്കുന്നാഥ സന്നിധിയിലാണ് എന്നതാണ് തൃശൂര്‍ പൂരത്തിന്റെ സവിശേഷത.
തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളത്താണ് പ്രശസ്തമായ മഠത്തില്‍വരവ്
2024 ഏപ്രില്‍ 19 ന് നടന്ന കഴിഞ്ഞ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ രാത്രിയിലുള്ള മഠത്തില്‍ വരവ് എഴുന്നള്ളിപ്പ് ആള്‍ക്കൂട്ടത്തിന്റെ പേര് പറഞ്ഞ് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകിന്റെ നേതൃത്വത്തില്‍ പോലീസ് തടയുകയും ലാത്തിച്ചാര്‍ജ് ചെയ്യുകയും കുത്തുവിളക്ക് പിടിച്ച വാര്യര്‍ക്കും പൂരം സംഘാടകര്‍ക്കും പൊതുജനങ്ങള്‍ക്കും മര്‍ദനമേറ്റതിനെ തുടര്‍ന്ന് ഭഗവതിയുടെ തിടമ്പ് താഴെയിറക്കി ചരിത്രത്തിലാദ്യമായി തൃശൂര്‍ പൂരം ഇടയ്ക്ക് വച്ച് നിര്‍ത്തിവെക്കേണ്ടിയും വന്നു. അന്യദേശങ്ങളില്‍ നിന്നുവന്നവരടക്കമുള്ള ലക്ഷക്കണക്കിന് വിശ്വാസികളും, പൂരപ്രേമികളും പൂരവും, വെടിക്കെട്ടും കാണാനാകാതെ നിരാശരായി മടങ്ങേണ്ട സാഹചര്യം ഉണ്ടായി. ഇത് ലക്ഷക്കണക്കിന് വിശ്വാസികള്‍ക്കും, പൂരപ്രേമികള്‍ക്കും ദു:ഖവും അമര്‍ഷവും ഉണ്ടാക്കിയ സംഭവമായിരുന്നു.
രണ്ടേകാല്‍ നൂറ്റാണ്ടായി നടക്കുന്ന തൃശൂര്‍ പൂരം ആദ്യമായി ഇടയ്ക്കുവച്ചു നിര്‍ത്താന്‍ കാരണക്കാരായവര്‍ തന്നെ വസ്തുതകളെ ദുര്‍വ്യാഖ്യാനം ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണിപ്പോള്‍. തൃശൂര്‍ പൂരം 30 മണിക്കൂര്‍ തുടര്‍ച്ചയായി നടക്കുന്ന ആചാര അനുഷ്ഠാനങ്ങളും ഉത്സവ ആഘോഷങ്ങളുമാണ്. സാമ്പിള്‍ വെടിക്കെട്ടും, ചമയ പ്രദര്‍ശനവും കൂടിയായാല്‍ അത് നാല് ദിവസമായി നീളും.
ഈ വര്‍ഷത്തെ പൂരം ആരംഭിച്ചതു മുതല്‍ ഘടകപൂരമായ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തില്‍ തുടങ്ങി പല സന്ദര്‍ഭങ്ങളിലും പോലീസ് അതിക്രമം ഉണ്ടായി. വടക്കുന്നാഥന്റെ തിരുസന്നിധിയില്‍ വിളക്കു വെക്കാന്‍ ചെന്ന ജീവനക്കാരനും ആനക്ക് പട്ടയുമായി വന്നവരും പോലീസ് കയ്യേറ്റത്തിന് ഇരയായി.
വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരം സുഗമമായി നടത്താനും തൃശൂരിലേക്ക് ഒഴുകിയെത്തുന്ന പൂരാസ്വാദകര്‍ക്കും വിശ്വാസികള്‍ക്കും വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനും നേതൃത്വം കൊടുക്കേണ്ടത് സ്ഥലത്തെ മന്ത്രിമാര്‍, എം.പി, എംഎല്‍എ തുടങ്ങിയ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും പോലീസും തൃശൂര്‍ കോര്പറേഷന് ഭരണസമിതിയുമാണ്.
ഈ വര്‍ഷത്തെ പൂരത്തില്‍ പല സന്ദര്‍ഭങ്ങളിലും പോലീസ് അതിക്രമം ഉണ്ടായിട്ടും ഇവരാരും തന്നെ ഇടപെട്ടില്ല എന്നത് ദുരൂഹമാണ്. രാത്രി 12 മണി സമയത്ത് പൂരം നിര്‍ത്തിവച്ചതിനു ശേഷം മന്ത്രി കെ. രാജനും മുന്‍ മന്ത്രിയും പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയുമായ വി.എസ്. സുനില്‍കുമാറും എത്തി ഇടപെടുന്നത് പുലര്‍ച്ചെ അഞ്ചു മണിയോട് കൂടിയാണ് എന്നതും തൃശൂര്‍ എംഎല്‍എ പി. ബാലചന്ദ്രനും, എം.പി. ടി.എന്‍. പ്രതാപനും സ്ഥാനാര്‍ത്ഥി കെ. മുരളീധരനും പൂരപ്പറമ്പിലേക്ക് തിരിഞ്ഞു പോലും നോക്കിയില്ല എന്നതും ദുരൂഹവും അതീവ ഗൗരവതരവുമാണ്.
സുരേഷ് ഗോപി 4 മണിക്ക് എത്തി വിഷയത്തില്‍ ഇടപെട്ടതാണ് പ്രശ്നപരിഹാരത്തിലേക്ക് വഴിവച്ച ഒരു കാരണം എന്നത് അദ്ദേഹത്തിന്റെ വിജയത്തോട് കൂടി കമ്മ്യൂണിസ്റ്റ് കോണ്‍ഗ്രസ് നേതാക്കളെ അസ്വസ്ഥരാക്കിയിരിക്കയാണ്. സമസ്താപരാധം പറഞ്ഞ് തോല്‍വി സമ്മതിക്കുന്നതിനു പകരം രക്ഷകരില്‍ കുറ്റം അടിച്ചേല്‍പ്പിക്കുന്ന നീചകര്‍മമാണ് അവര്‍ ചെയ്യുന്നത്.
പൂരം പ്രദര്‍ശനം തകര്‍ത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കാന്‍ ശ്രമിക്കുന്നു
തൃശൂര്‍ പൂരം നടത്തിപ്പിനുള്ള വരുമാന സ്രോതസ് പൂരം പ്രദര്‍ശിനിയാണ്. 61 വര്‍ഷത്തോളമായി പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന പൂരം പ്രദര്‍ശന കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടക്കുന്നാഥ ക്ഷേത്ര മൈതാനിയില്‍ കിഴക്ക് ഭാഗത്ത് 6 ഏക്കര്‍ സ്ഥലത്ത് പൂരം പ്രദര്‍ശനം നടന്നുവരുന്നു. മുന്‍ കാലങ്ങളില്‍ 5 ലക്ഷം രൂപയോളം തറവാടക ഈടാക്കിയിരുന്നത് കൊച്ചിന് ദേവസ്വം ബോര്‍ഡ് രണ്ടേകാല്‍ കോടി രൂപയാക്കി ഉയര്‍ത്തി പൂരം നടത്തിപ്പ് പ്രതിസന്ധിയിലാക്കാന്‍ ശ്രമിച്ചത് സിപിഎമ്മിന്റെയും ഇടത് ജനപ്രതിനിധികളുടേയും അറിവും സമ്മതത്തോടെയുമാണ് എന്ന കാര്യം പൂരം കലക്കല്‍ ഇവരുടെ മുന്‍കൂട്ടിയുള്ള അജണ്ടയാണ് എന്ന് ഉറപ്പിക്കുന്നു.
ആന എഴുന്നെള്ളിപ്പ് തടസപ്പെടുത്തുന്നു
പൂരത്തിന് എഴുന്നെള്ളിക്കുന്ന ആനകളെ പരിശോധിക്കുന്നതിനും ആരോഗ്യം ഉറപ്പുവരുത്തുന്നതിനും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളും, പൂരം സംഘാടക സമിതിയും തയ്യാറാണ്. മൃഗസംരക്ഷണ വകുപ്പാണ് ആനകളെ പരിശോധിക്കുന്നതും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും. പക്ഷേ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, എന്‍ജിഒകള്‍ എന്നിവയുടെ ഇടപെടലിലൂടെ വര്ഷാവര്ഷങ്ങളില് ആനകളെ എഴുന്നള്ളിക്കുന്നതില്‍ തടസം സൃഷ്ടിക്കുന്നു. പൂരം കലക്കാന്‍ ഉദ്ദേശിക്കുന്ന വിദേശബന്ധമുള്ള എന്‍ജിഒകള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍,,രാഷ്ട്രീയക്കാര്‍, ജനപ്രതിനിധികള്‍ എന്നിവരെ സ്വാധീനിച്ച് ആനകള്‍ക്കും വെടിക്കെട്ടിനും തടസം സൃഷ്ടിക്കുന്നു.
വെടിക്കെട്ട് സുഗമമായി നടത്താനുള്ള നടപടി കൈക്കൊള്ളണം
മുന്‍ കാലങ്ങളെ അപേക്ഷിച്ച് വെടിക്കെട്ടിന്റെ ഗാംഭീര്യത്തില്‍ വലിയ കുറവു വന്നിട്ടുണ്ട്. 2016 ലെ പുറ്റിങ്ങല്‍ അപകടത്തിന് ശേഷമാണിതെന്ന് മനസിലാക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ നൂറ് മീറ്റര്‍ പരിധി നിയന്ത്രണമാണ് വെടിക്കെട്ട് നടത്തുന്നതിലെ പ്രതിസന്ധി എന്നാണ് മനസിലാക്കുന്നത്. അവിടെയും സംസ്ഥാന സര്‍ക്കാരോ, ജില്ലാ ഭരണകൂടമോ, പോലീസോ, തൃശൂരിലെ എം.പി., എംഎല്‍എമാരോ വേണ്ടത്ര സഹായിക്കാറില്ല എന്നതാണ് പൂര കമ്മിറ്റിയുടെ പരാതി.
പോലീസ് ബന്തവസിലെ അപാകതകള്‍
പൂരത്തിന്റെയും പൂരം കാണാന്‍ വരുന്നവരുടെയും സുരക്ഷയും പൂരം കാണാനുള്ള സൗകര്യവും ഒരുക്കുക എന്നതാണ് പോലീസിന്റെ ജോലി. അതിന് സംഘാടകരെ സഹായിക്കുക എന്നതുമാണ്. പക്ഷേ കഴിഞ്ഞ ചില വര്‍ഷങ്ങളായി കാണുന്നത് പൂരം നടത്തിപ്പ് പോലീസ് ഏറ്റെടുക്കുന്നതാണ്. മുന്‍കാലങ്ങളില്‍ തൃശൂര്‍ പൂരം ബന്തവസില്‍ പരിചയസമ്പന്നരായ, ജനങ്ങളുമായി നിത്യേന ഇടപഴകുന്ന ഡിവൈഎസ്പി അല്ലെങ്കില്‍ എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് ചുമതല ഏല്‍പ്പിക്കാറുള്ളത്. ഇത്തവണ കമ്മീഷണറടക്കമുള്ള ഉദ്യോഗസ്ഥര്‍ പൂരം നടത്തിപ്പില്‍ പരിചയക്കുറവുള്ളവരായിരുന്നു. പൂരം നന്നായി നടക്കണമെന്ന് ആഗ്രഹമുള്ള എസിപി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിമിതമായ അധികാരങ്ങള്‍ നല്കി പൂര്‍ണ നിയന്ത്രണം കമ്മീഷണര്‍ ഏറ്റെടുത്തു തന്നെ ദുരുപദേശപരമായിരുന്നു. പൂരവും വെടിക്കെട്ടും കാണാന്‍ പറ്റാത്തവിധം പൂരപ്പറമ്പിലേക്ക് പ്രവേശനം പോലും തടഞ്ഞ് ബാരിക്കേഡുകള്‍ കെട്ടി വഴിയടച്ചു . പഞ്ചവാദ്യവും മേളവുമായി ആനപ്പുറത്ത് എഴുന്നള്ളിച്ച് വരുന്ന പൂരം കാണാന്‍ അനുവദിക്കാതെ ജനങ്ങളെ അകറ്റിനിര്‍ത്തി. അങ്ങിനെ മാറാതെ പൂരം കാണുന്നവരെ ആയിരുന്നു ലാത്തിച്ചാര്‍ജ് ചെയ്ത് ഓടിച്ചത്.
പൂരം കലക്കികളും അവരുടെ ലക്ഷ്യവും
ഒന്നുകില്‍ ആന, അല്ലെങ്കില്‍ വെടിക്കെട്ട്, അതുമല്ലെങ്കില്‍ പൂരം പ്രദര്‍ശിനി… അങ്ങിനെ 20 വര്‍ഷത്തോളമായി പൂരം നടത്തിപ്പിന് ഒന്നല്ലെങ്കില്‍ മറ്റൊരു പ്രതിസന്ധി ഉണ്ടാക്കി കൊണ്ടിരിക്കുന്നു. ഭാരതം ദൂര്ബലപ്പെടണമെങ്കില് ഹിന്ദുധര്‍മം തകരണം. അതിന് ക്ഷേത്രവും, ക്ഷേത്ര സംസ്കാരവും നശിക്കണം. ക്ഷേത്ര കേന്ദ്രീകൃതമായി നടക്കുന്ന ഉത്സവങ്ങളും, ആഘോഷങ്ങളും ഇല്ലാതാകണം. അതിലുള്ള വിശ്വാസം നഷ്ടപ്പെടണം, അഭിമാനബോധം ഇല്ലാതാകണം. അതുകൊണ്ട് ശബരിമലയും പത്മനാഭസ്വാമി ക്ഷേത്രവും ഗുരുവായൂരും കൊടുങ്ങല്ലൂരും അടങ്ങുന്ന ക്ഷേത്രസങ്കേതങ്ങള്‍ വിവാദകേന്ദ്രങ്ങളാക്കുന്നു. ഹിന്ദു ആധ്യാത്മിക ആചാര്യന്മാരും ധാര്‍മിക ഗ്രന്ഥങ്ങളും അവഹേളിക്കപ്പെടുകയും, അധിക്ഷേപിക്കപ്പെടുകയും ചെയ്യുന്നു. അതിന് നേതൃത്വം കൊടുക്കുന്നവര്‍ വിദേശപണം പറ്റുന്ന എന്ജിഒകളാകാം, ഇസ്ലാമിക തീവ്രവാദികളാകാം കമ്മ്യൂണിസ്റ്റ് – മാര്‍ക്സിസ്റ്റ് പ്രസ്ഥാനങ്ങളാകാം… അവര്‍ തന്നെയാണ് വര്‍ഷങ്ങളായി തൃശൂര്‍ പൂരം കലക്കുന്നത്. പൂരം കലക്കികള്‍ക്ക് മറ്റൊരു ലക്ഷ്യം കൂടിയുണ്ട്, അത് കേരളത്തിലെ പ്രമുഖ സ്വകാര്യ ദേവസ്വം ക്ഷേത്രങ്ങളായ തിരുവമ്പാടിയും പാറമേക്കാവും കയ്യേറുക എന്നതാണ്.
അതുകൊണ്ട് പൂരം കലക്കുന്നവര്‍ തന്നെ ഭരണത്തിന് നേതൃത്വം കൊടുക്കുമ്പോള്‍ പൂരം കലക്കാന്‍ ഉപയോഗിക്കുന്ന ചട്ടുകങ്ങളായ ഉദ്യോഗസ്ഥര്‍ സംരക്ഷിക്കപ്പെടുന്നു. പൂരവും ക്ഷേത്രവും സംരക്ഷിക്കുന്നവരെയും ഹിന്ദു സംഘടനകളേയും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളെയും അവര്‍ കുറ്റവാളികളായി ചിത്രീകരിക്കുന്നു. ഇവര്‍ക്ക് കാലം മാപ്പ് നല്‍കില്ല. തൃശൂര്‍ പൂരത്തിനിടെ പൂരം കലക്കുന്നതിന് കാരണമായ അക്രമസംഭവങ്ങള്‍ അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്ന പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെയും പൊതുജനങ്ങളുടേയും, ഹിന്ദു സംഘടനകളുടേയും ആവശ്യം നിരാകരിക്കുന്ന ഭരണകൂടം ജനമനസില്‍ അസ്വസ്ഥത സൃഷ്ടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: