മാറനല്ലൂര്‍ (തിരുവനന്തപുരം): സിപിഐ നേതാവ് ഭാസുരാംഗന്റെ നേതൃത്വത്തില്‍ നൂറ് കോടിയിലേറെ രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല സര്‍വീസ് സഹ. ബാങ്കില്‍ നിക്ഷേപിച്ച തുക മകളുടെ വിവാഹാവശ്യത്തിന് ലഭിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രിക്ക് പരാതി നല്കിയ വീട്ടമ്മയ്ക്ക് ഒരു വര്‍ഷം മുമ്പ് വിരമിച്ച ഉദ്യോഗസ്ഥനെ ബന്ധപ്പെടണമെന്ന് മറുപടി.
കാട്ടാക്കട എട്ടിരുത്തി ചൂരക്കാട് രേവതിയില്‍ വിജയശേഖരന് നായരുടെ ഭാര്യ കെ.എസ്. ശ്രീലേഖക്കാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിപ്പ് ലഭിച്ചത്. കഴിഞ്ഞ 5 നാണ് ശ്രീലേഖ പരാതി നല്‍കിയത്. 2023 ലാണ് മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. തുടര്‍ന്ന് വിവാഹ ക്ഷണക്കത്ത് വച്ച് കണ്ടല ബാങ്കില്‍ അപേക്ഷ നല്കി. ഭൂമി വിറ്റ് കിട്ടിയ 14 ലക്ഷം രൂപയാണ് ബാങ്കില്‍ നിക്ഷേപിച്ചത്. നിക്ഷേപത്തുക കിട്ടാതെ വന്നതോടെ വിവാഹം മാറ്റിവയ്ക്കേണ്ടി വന്നു. ഭര്‍ത്താവ് വിജയശേഖരന് നായര്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നതിനാല്‍ ശ്രീലേഖയും മകളുമാണ് ബാങ്കില്‍ പോയിരുന്നത്. ഡിസംബറില്‍ മകളുടെ വിവാഹം തീരുമാനിച്ചെന്നും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ കുടംബം ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ ബുധനാഴ്ച വൈകിട്ടാണ് പരാതി ലഭിച്ചതെന്നും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അറിയിപ്പ് നല്‍കിയെന്നും ശ്രീകലയുടെ മൊബൈലില്‍ സന്ദേശം ലഭിച്ചു. സന്ദേശത്തില്‍ ഒരുദ്യോഗസ്ഥനെ ബന്ധപ്പെടാന്‍ ഫോണ്‍ നമ്പറും നല്കി. ഈ നമ്പരില്‍ ബന്ധപ്പെട്ടപ്പോള്‍ ഒരു വര്‍ഷം മുമ്പ് അദ്ദേഹം വിരമിച്ചതായാണ് വിവരം ലഭിച്ചത്.
കണ്ടല ബാങ്കിന്റെ വസ്തുവകകളും ആസ്തികളും സര്‍ക്കാരിലേക്ക് കണ്ടുകെട്ടാന്‍ സഹ. രജിസ്ട്രാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. പഴയ ഭരണസമിതി അംഗങ്ങളുടെ സ്വത്ത് കണ്ടുകെട്ടാനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും ഉത്തരവുണ്ട്. കണ്ടല ബാങ്കിനെ തകര്‍ച്ചയിലേക്ക് നയിച്ച ഭാസുരാംഗനും മകനും ഇ ഡി അന്വേഷണത്തെ തുടര്‍ന്ന് ഒരു വര്‍ഷമായി ജയിലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: