ജനിച്ച മണ്ണില്‍ കുടിയാന്മാരെ പോലെ ജീവിക്കേണ്ട ഗതികേട്, പള്ളിയും അമ്പലവും പൊളിച്ച് നീക്കേണ്ട അവസ്ഥ, വീട്ടില്‍ നിന്നും ഇറക്കി വിട്ടാല്‍ അന്തിയുറങ്ങാന്‍ ഇടമില്ലാത്തവര്‍, ഉറ്റവരും ഉടയോരും ഇല്ലാത്തവര്‍, അപകടത്തില്‍ പരിക്കേറ്റ് ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ വിഷമിക്കുന്നവര്‍, മക്കളുടെ വിദ്യാഭ്യാസവും വിവാഹവും മുടങ്ങിയ കുടുംബങ്ങള്‍, പറക്കമുറ്റാത്ത മക്കളെയും കൊണ്ട് വീട് വിട്ടിറങ്ങേണ്ടി വരുമോയെന്ന ഭീതിയില്‍ കഴിയുന്ന വിധവകള്‍, ഇനി എങ്ങോട്ടെന്ന ചോദ്യം ഉന്നയിക്കുന്ന രോഗബാധിതര്‍, ലൈഫ് പട്ടികയില്‍ പേരുണ്ട് എന്നാല്‍ വീട് വയ്ക്കാന്‍ പണം ലഭിക്കില്ല, ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന കെട്ടിടങ്ങള്‍ക്ക് ഉള്ളില്‍ കഴിയേണ്ട ദുരവസ്ഥ ഇങ്ങനെ പോകുന്ന വഖഫ് നിയമത്തിന്റെ പേരില്‍ എറണാകുളത്തെ മുനമ്പം നിവാസികളുടെ കണ്ണീര് കാഴ്ചകള്‍.
വഖഫ് ബോര്‍ഡിന്റെ ലക്ഷ്യം ഹോം സ്റ്റേകളും ഭൂമി കുംഭകോണവും
ചെറായി മുനമ്പം ബീച്ചില്‍ വര്‍ധിച്ചു വരുന്ന ഹോം സ്റ്റേകളാണ് വഖഫ് ബോര്‍ഡ് മുനമ്പം പ്രദേശത്തെ കണ്ണ് വയ്ക്കാന്‍ മറ്റൊരു കാരണം. തീരത്തിനു സമാന്തരമായിട്ടാണ് പു
തിയ ഹൈവേ നിര്‍മാണം. നിലവിലെ ചെറായി മുനമ്പം റോഡ് വീതി കൂട്ടിയാണ് ഹൈവേ നിര്‍മിക്കാന്‍ പോകുന്നത്. തീരത്തോട് ചേര്‍ന്ന് നിരവധി ഹോം സ്റ്റേകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹൈവേ നിര്‍മാണം തുടങ്ങുമ്പോള്‍ ഈ ഹോം സ്റ്റേകള്‍ നീക്കം ചെയ്യപ്പെടും. ഇതോടെ ഹോം സ്റ്റേകള്‍ മുനമ്പത്തുകാര്‍ താമസിക്കുന്ന സ്ഥലത്തേക്ക് മാറ്റണം.
താമസക്കാര്‍ ഒഴിഞ്ഞാലെ ഹോം സ്റ്റേകള്‍ നിര്‍മിക്കാന്‍ സാധിക്കൂ. നിലവില്‍ വീടുകള്‍ക്ക് ഇടയിലും ഹോം സ്റ്റേകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭൂമിക്ക് തുച്ഛമായ വിലയുണ്ടായിരുന്ന ഈ പ്രദേശത്ത് ലക്ഷങ്ങളാണ് ഇപ്പോള്‍ വില മതിക്കുന്നത്. കൂടാതെ മുനമ്പത്തെയും കോണ്‍വെന്റിനെയും ബന്ധിപ്പിച്ച് കായലിനു കുറുകെ പാലവും നിര്‍മിക്കുന്നുണ്ട്. ദേശീയ പാതയില്‍ നിന്നും എളുപ്പത്തില്‍ മുനമ്പത്ത് എത്താന്‍ സാധിക്കും. ഇതോടെ വലിയൊരു വ്യാപാര കേന്ദ്രവും കെട്ടിപ്പടുക്കാന്‍ സാധിക്കും. കായലിനും കടലിനും ഇടയിലാണ് വിവാദ ഭൂമി. വീതി കുറഞ്ഞ പ്രദേശമായതിനാല്‍ പ്രദേശവാസികളെ ഒഴിപ്പിച്ച് വീടുകളെ ഹോം സ്റ്റേകള്‍ ആക്കിയാല്‍ കടലും കായലും ഒരു പോലെ വീക്ഷിക്കാനാകും വിനോദ സഞ്ചാരികളെ വലിയ തോതില്‍ ആകര്‍ഷിക്കാനാകും.
ഇതിലേയ്ക്കായി പുതിയ കെട്ടിടം നിര്‍മിക്കേണ്ടി വരില്ല. നിലവിലെ കെട്ടിടങ്ങളെ ഹോം സ്റ്റേയിലേക്ക് മാറ്റിയാല്‍ മാത്രം മതിയാകും. കൂടാതെ ഭൂമി കുംഭകോണം നടത്താനും സാധിക്കും.
മകളുടെ വിവാഹത്തിന് പണം കണ്ടെത്താന്‍ സാധിക്കാതെ ആന്റണി
പതിനാറു വര്‍ഷം വിദേശത്ത് പണിയെടുത്ത് സ്വരൂക്കൂട്ടിയതെല്ലാം നഷ്ടമാകുമെന്ന് അറിഞ്ഞതോടെ ജീവച്ഛവമായിരിക്കുകയാണ് കോണ്‍വെന്റ് റോഡിലെ കാട്ടുപറമ്പില്‍ വീട്ടില്‍ ആന്റണി.
ചീന വല വലിച്ച് കിട്ടിയ തുച്ഛമായ വേതനം
സ്വരൂക്കൂട്ടി വിസ നേടിയാണ് വിദേശത്തേക്ക് പോയത്. മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കണം. മകളുടെ വിവാഹം നടത്തണം തിരികെ മടങ്ങി എത്തിയത് കടലോളം പ്രതീക്ഷകളോടെ. എന്നാല്‍ 35 വര്‍ഷമായി ജനിച്ച മണ്ണില്‍ നിന്നും വെറും കൈയ്യോടെ മടങ്ങേണ്ടി വരുമെന്ന ഭീതിയിലാണിപ്പോള്‍ ആന്റണി. ഒരിക്കല്‍ വീടും വസ്തുവും ഈട് നല്കി ഡിസിബിയില്‍ നിന്നും വായ്പയെടുത്തിരുന്നു. ഒരു കുഴപ്പവും ഉണ്ടായില്ല. ഇപ്പോള്‍ കെഎസ്എഫ്ഇയില്‍ ചിട്ടിക്ക് ജാമ്യം നല്‍കാനായി ഭൂമിയുടെ രേഖകള്‍ തയാറാക്കാന്‍ വില്ലേജ് ഓഫീസിലെത്തിയപ്പോഴാണ് ഭൂമി വഖഫിന്റേതെന്ന് അറിയുന്നത്.
രക്ഷിതാക്കളായ സേവ്യറും അല്‍ഫോണ്‍സയും രോഗ ബാധിതര്‍. ഇറക്കി വിടുമോ പരിഹാരം ഉണ്ടാകുമോ പോം വഴി എന്തെന്ന് അറിയില്ലെന്ന് ആന്റണി പറയുന്നു
ലൈഫ് പട്ടികയില്‍ ഇടം പിടിച്ചു; എന്നാല്‍ വീട് ലഭിക്കില്ല
ഭാര്യ, മകള്‍, പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച് കഴിയുന്ന അമ്മ എന്നിവരുമായി ഒറ്റമുറിയില്‍ കഴിയേണ്ട ഗതികേടിലാണ് മുനമ്പം വില്ലാര്‍ വീട്ടില്‍ നൈജുവിന്റേത്. ഇപ്പോള്‍ അതും കൈവിട്ട് പോകുമെന്ന അവസ്ഥയില്‍. അടച്ചുറപ്പില്ലാത്ത വീടായിരുന്നു നൈജുവിന്റേത്. ലൈഫ് പദ്ധതിയില്‍ വീടിനായി അപേക്ഷിച്ചു. പട്ടികയില്‍ ഇടം പിടിച്ചു. അതുവരെ താസിച്ചിരുന്ന വീട് പൊളിച്ച് മാറ്റി സമീപത്തായി ഒറ്റ മുറി നിര്‍മിച്ച് അതിലായി താമസം. ലൈഫ് പദ്ധതിയിലെ വീടിനായി പഞ്ചായത്തില്‍ സമര്‍പ്പിക്കേണ്ട ഭൂമിയുടെ രേഖകള്‍ തയാറാക്കാന്‍ റവന്യൂ ഓഫീസിലേക്ക് പോയപ്പോഴാണ് ജീവിതത്തില്‍ ഇടിത്തീ വീണത്. വസ്തു തങ്ങളുടേതല്ലെന്ന് രേഖകള്‍. ഇപ്പോള്‍ താമസിക്കുന്ന ഒറ്റ മുറിയും കുടിയൊഴിപ്പിച്ചേക്കാം. പറക്കമുറ്റാത്ത മകളോടൊപ്പം ഭാര്യയുടെയും രോഗിയായ അമ്മയുടെയും കൈ പിടിച്ച് എങ്ങോട്ട് പോകണമെന്ന് അറിയാതെ വിതുമ്പുകയാണ് നൈജു.
വേളാങ്കണ്ണിമാതാ ദൈവാലയവും വഖഫിന്റെ പിടിയില്‍
മുനമ്പം ബീച്ചിലെ പ്രധാന ദേവാലയമായ വേളാങ്കണ്ണിമാതാ ദൈവാലയവും വഖഫിന്റെ പിടിയില്‍. ഈ സ്ഥിതി തുടര്‍ന്നാല്‍ എപ്പോള്‍ വേണമെങ്കിലും പള്ളി വഖഫ് ബോര്‍ഡ് പറയുന്നതു പോലെ ചെയ്യേണ്ടി വരുമെന്ന് വിശ്വാസികള്‍. പള്ളി സ്ഥിതി ചെയ്യുന്നത് ഫറൂഖ് കോളജിന് നല്കിയ ഭൂമിയില്‍ തന്നെയെന്ന് വഖഫ് ബോര്‍ഡ്. വിശ്വാസികള്‍ക്ക് ഇത് സംബന്ധിച്ച് അറിയില്ലായിരുന്നു. വില്ലേജ് ഓഫീസീല്‍ ഭൂമിയൂടെ കരം ഒടുക്കാനെത്തിയപ്പോഴാണ് തങ്ങളുടെ ദേവാലയവും വഖഫ് ബോര്‍ഡ് കുരുക്കില്പ്പെട്ടെതെന്ന് മനസിലാക്കുന്നത്.
പുരാതനമായ നവജ്യോതി ഹിന്ദുമഹാസഭ വക ശ്രീഭുവനേശ്വരം ക്ഷേത്രത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. വഖഫ് ബോര്‍ഡിന്റെ അഭിപ്രായത്തില്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത് തങ്ങളൂടെ ഭൂമിയില്‍. പുരാതനമായ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഭൂമി എങ്ങനെ വഖഫിന്റെ കീഴിലുള്ളതായതെന്ന് വിശ്വാസികള്‍ ചോദിക്കുന്നത്. ക്ഷേത്രം പൊളിച്ച് നീക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് വിശ്വാസികള്‍.
ഇറക്കിവിട്ടാല്‍ ചെന്നു കയറാന്‍ ഒരിടമില്ല
ആരോരുമില്ലാതെ ഒറ്റയ്ക്ക് കഴിയുകയാണ് വൃദ്ധയായ ഭാര്‍ഗവി. വിവാഹം കഴിഞ്ഞിട്ടില്ല. ബന്ധുക്കള്‍ ആരും കൂടെയില്ല. വാര്‍ദ്ധക്യകാല പെന്‍ഷനില്‍ ജീവിതം കഴിഞ്ഞ് പോകുന്നു. വാര്‍ദ്ധക്യ സംബന്ധമായ രോഗങ്ങളും അലട്ടുന്നുണ്ട്.
സമീപ വാസികള്‍ പറഞ്ഞപ്പോഴാണ് താനും വീട് വിട്ട് ഇറങ്ങേണ്ടി വരുമോയെന്ന് ഭയക്കുന്നത്. ബന്ധുക്കളുടെ അവസ്ഥയും പരിതാപകരം. കുടിയൊഴുപ്പിച്ചാല്‍ അന്തിയുറങ്ങാന്‍ എവിടെ സ്ഥലം കണ്ടെത്തുമെന്നറിയാതെ ഭാര്‍ഗവി.
ബിജി പ്രിന്‍സിയുടെ വീട്ടിലെ വിണ്ടുകീറിയ കാഴ്ച
ചുമരുകളെല്ലാം വിണ്ട് കീറിയ കാഴ്ച, അടുക്കളയില്‍ ചോര്‍ച്ച, കിടപ്പ് മുറിയിലെ ചുമരുകള്‍ പകുതി ഇടിഞ്ഞ അവസ്ഥയില്‍. ശക്തമായ മഴയും കാറ്റും വീശിയടിച്ചാല്‍ വീട് ദേഹത്തു പതിക്കുന്ന അവസ്ഥയിലാണ് മുനമ്പത്ത് തോറാത്ത് വീട്ടില്‍ വിധവയായ ബിജി പ്രിന്‍സിയുടെ വീട്. അടുത്തകാലത്താണ് ഭര്‍ത്താവ് മരിച്ചത്. മകള്‍ പ്ലസ്ടു പഠനം കഴിഞ്ഞു. മകന് ഏഴാം ക്ലാസിലും. ഭര്‍ത്താവിന്റെയും ഭാര്യയുടെയും പേരിലാണ് വീടിരിക്കുന്ന ഭൂമി. ലൈഫ് പദ്ധതിയില്‍ വീട് ലഭിച്ചു. രണ്ടു പേരുടെയും പേരിലായതിനാല്‍ ഭൂമിയുടെ ഉടമസ്ഥാവകാശം മാറ്റിയെടൂക്കണം.
വില്ലേജ് ഓഫീസില്‍ രേഖകള്‍ നേടിയെടുക്കാനായി എത്തിയപ്പോഴാണ് തന്റെ ലൈഫ് ഇരുളടയുന്നതും ശ്രദ്ധയില്‍ പെട്ടത്. വഖഫില്‍ പെട്ടതിനാല്‍ വീടിന് രേഖകള്‍ തയാറാക്കുന്നതിനായി ഓഫീസുകള്‍ കയറി ഇറങ്ങി മടുത്തെന്ന് ബിജി പറഞ്ഞു. സമീപത്ത് ടാര്‍പോളിന്‍ കെട്ടി അമ്മയെ അവിടെ താമസിപ്പിക്കുന്നു. മക്കളും ഞാനും ഭയത്തോടെയാണ് അന്തിയുറങ്ങുന്നത്. ഇപ്പോള്‍ കുടിയൊഴിപ്പിക്കുമെന്ന ഭീതിയിലും. ഇതിനേക്കാള്‍ ഭേദം മരിക്കുന്നതാണ് നല്ലതെന്ന് ബിജി പറഞ്ഞു.
മകള്‍ക്ക് വീട് വയ്ക്കണം; സഫലമാകുമെന്ന് തോന്നുന്നില്ലെന്ന് സന്ധ്യ ഫിലിപ്പ്
തന്റെ വീടിനോട് ചേര്‍ന്ന് മക്കള്‍ക്ക് വീട് വയ്ക്കണമെന്ന് ആഗ്രഹമുണ്ട്. സഫലമാകുമെന്ന് തോന്നുന്നില്ലെന്ന് തൈയ്യില്‍ വീട്ടില്‍ സന്ധ്യ ഫിലിപ്പ്. സ്വന്തം ഭൂമി അല്ലെന്ന അവസ്ഥയിലായി. അടുത്ത അവകാശികള്‍ക്ക് ഭൂമി നല്കാന് സാധിക്കുമെന്ന് തോന്നുന്നില്ല. സര്‍ക്കാര്‍ ഇടപെട്ടാല്‍ തീരുമെന്ന് പറയുന്നുണ്ട്. എന്നാല്‍ ഇടപെടുന്നില്ല. എല്ലാം കൈവിട്ടു
പോകുമോയെന്ന ആശങ്കയിലെന്നും സന്ധ്യഫിലിപ്പ് പറഞ്ഞു.
വസ്തു കരം വാങ്ങും; കൈവശാവകാശം നല്‍കില്ല
ഭൂമി വഖഫ് ബോര്‍ഡിന്റേതെന്ന് വിവാദമായപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഇതോടെ കഴിഞ്ഞ വര്‍ഷം മുതല്‍ ഭൂനികുതി ഈടാക്കാന്‍ അനുമതി നല്കി. ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനു വേണ്ടിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഭൂ നികുതി ഈടാക്കുന്നത്. ഇതനുസരിച്ച് എല്ലാ പേരും നികുതി ഒടുക്കി. എന്നാല്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് നികുതി വാങ്ങിയ വില്ലേജ് ഓഫീസിലെ ജീവനക്കാരന് തന്നെ പറയുന്നു.
തീരദേശ ഹൈവേയ്ക്ക് ഭൂമി ഏറ്റെടുക്കും; ഉടമകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കില്ല
തീരദേശ ഹൈവേ കടന്നു പോകുന്നത് മുനമ്പം ചെറായി ബീച്ചിലെ തീരത്തോട് ചേര്‍ന്ന്. ഹൈവേ നിര്‍മാണത്തിനായി ഭൂമി അളന്ന് തിരിച്ച് കല്ലിട്ടു. നിരവധി പേരുടെ വീടും വസ്തുവും ഹൈവേ നിര്‍മാണത്തിന് ഏറ്റെടുക്കും. എന്നാല്‍ ഇവര്‍ക്കൊന്നും നഷ്ടപരിഹാരം ലഭിക്കില്ല. ഭൂമി വഖഫിന്റേതെന്ന തര്‍ക്കത്തില്‍ കുടുങ്ങിയതിനാല്‍ നഷ്ടപരിഹാരം നല്കാന് സര്‍ക്കാരും തയാറാകില്ല. ഇതോടെ വീട് ഭാഗികമായി നഷ്ടപ്പെടുന്നവര്‍ക്ക് പുനരുദ്ധരിക്കാനോ പൂര്‍ണമായും ഒഴിപ്പിക്കപ്പെട്ടവര്‍ക്ക് വീട് മറ്റെവിടെയെങ്കിലും നിര്‍മിക്കുന്നതിന് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: