കൊച്ചി: മത്സ്യത്തൊഴിലാളികളുടെ ഏക്കര്‍ കണക്കിന് ഭൂമി തട്ടിയെടുക്കാന്‍ വഖഫ് ബോര്‍ഡ് നീക്കം. തങ്ങളുടേതെന്ന് അവകാശ വാദം ഉന്നയിച്ച് എറണാകുളം വൈപ്പിന്റെ വടക്കന്‍ തീരത്തെ മുനമ്പത്ത് 114 ഏക്കര്‍ വരുന്ന തീരദേശഭൂമി തട്ടിയെടുക്കാനാണ് നീക്കം നടത്തുന്നത്. ഭൂമി അധിനിവേശം നടത്തുന്നതിലൂടെ അറുനൂറോളം കുടുംബങ്ങള്‍ തെരുവിലാകും ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിനായി മുനമ്പം ചെറായി തീരത്തെ രണ്ടായിരത്തിലധികം വരുന്നവര്‍ പ്രക്ഷോഭത്തിലാണ്. എന്നാല്‍ കുടിയൊഴിപ്പിക്കാനുള്ള നീക്കവുമായി മുന്നോട്ട് പോവുകയാണ് വഖഫ് ബോര്‍ഡ്.
തീരദേശത്ത് മത്സ്യബന്ധനനം മാത്രമായിരുന്നപ്പോള്‍ ഈ പ്രദേശത്ത് വഖഫിന് നോട്ടമുണ്ടായിരുന്നില്ല. എന്നാല്‍ ആറ് കിലോമീറ്ററിലധികം മുനമ്പം മുതല്‍ ചെറായി വരെ വ്യാപിച്ച് കിടക്കുന്ന ബീച്ചിന്റെ ടൂറിസം സാധ്യതകള്‍ തിരിച്ചറിഞ്ഞതോടെയാണ് കോടികള്‍ കൊയ്‌തെടുക്കാന്‍ പ്രദേശവാസികളെ എങ്ങനെയും ഇറക്കിവിട്ട് ഭൂമി തട്ടിയെടുക്കാന്‍ വഖഫ് ബോര്‍ഡ് നീക്കം തുടങ്ങിയത്. ഒന്നുകില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കി തുച്ഛമായ വിലയ്‌ക്ക് ഭൂമി തട്ടിയെടുക്കുക ഇല്ലെങ്കില്‍ വഖഫിന്റെ മറവില്‍ കുടിയൊഴിപ്പിക്കുക, എന്ന കുതന്ത്രമാണ് പയറ്റുന്നത്.
2017 വരെ സ്വന്തമെന്ന് കരുതിയിരുന്ന വീടും വസ്തുവും ഒരു സുപ്രഭാതത്തില്‍ റവന്യൂ രേഖകളില്‍ വഖഫിന്റേതായി മാറുകയായിരുന്നു. ഇതോടെ തങ്ങളുടെ കൈവശം ഇരിക്കുന്ന ആധാരങ്ങള്‍ക്ക് കടലാസിന്റെ വില പോലും ഇല്ലാതെയായി.
റീസര്‍വ്വെ നടത്തി നല്കിയ ഭൂമിയുടെ കൈവശാവകാശത്തിനായി റവന്യൂ ഓഫിസുകളില്‍ കയറി ഇറങ്ങിയിട്ടും രക്ഷയില്ലാതായി. 2022ല്‍ നിരവധി പേര്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഭൂമി ഉപയോഗിക്കുന്നതിന് വില്ലേജ് ഓഫീസുകളില്‍ ഭൂനികുതി ഒടുക്കാനെത്തിയപ്പോഴാണ് ചതിയുടെ തീവ്രത അറിയുന്നത്.
വഖഫിന്റെ മറവില്‍ ടി.എ അബ്ദുള്‍ സലാം, നാസര്‍ മലൈയില്‍ എന്നിവര്‍ വഖഫ് സംരക്ഷണ സമിതി എന്ന പേരില്‍ പള്ളിപ്പുറം വില്ലേജിലെ മുനമ്പം മുതല്‍ ചെറായി ബീച്ച് വരെ 404 ഏക്കര്‍ ഭൂമി വഖഫിന്റേതെന്ന് കാട്ടി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്ന വിവരമാണ് നാട്ടുകാര്‍ അറിയുന്നത്. ഫറൂഖ് കോളജിനായി ദാനം നല്കിയ ഭൂമിയും ഇതിലുണ്ടെന്ന അവകാശ വാദം ഇവര്‍ ഉന്നയിക്കുന്നു. എന്നാല്‍ കടലെടുത്ത തീരം പോയിട്ട് ഇന്ന് 104 ഏക്കറാണ് ബാക്കിയുള്ളത്. ഈ ഭൂമി കോളജിന്റേതെന്നാണ് വഖഫിന്റെ വാദം. ഇതോടെ റവന്യൂ രേഖകളില്‍ നിലവിലെ ഭൂമിയെല്ലാം തത്വത്തില്‍ വഖഫിന്റേതാക്കി മാറ്റി റവന്യൂ വിഭാഗം.
ഇതോടെ 600 കുടുംബങ്ങളുടെ ജീവിതം വഴിമുട്ടി. മക്കളുടെ പഠനം, വിവാഹം, ബാങ്ക് വായ്പകള്‍, ലൈഫ് ഭവന പദ്ധതി എല്ലാം പ്രതിസന്ധിയിലായി. എന്നാല്‍ വിവാദ ഭൂമിയില്‍ ഉള്‍പ്പെട്ട മുസ്ലിം വിഭാഗത്തിലുള്ളവരുടെ ചില വസ്തുക്കള്‍ വഖഫ് ഭൂമിയില്‍ നിന്നും ഒഴിവാക്കിയ വിചിത്ര സംഭവവും ഉണ്ടായി. റവന്യൂ വിഭാഗം ഇതിനു വേണ്ടി ഒത്തുകളിച്ചു. ഭൂമിയുടെ അവകാശം തിരികെ കിട്ടിയില്ലെങ്കില്‍ മക്കളുമായി കടലിലേക്കെന്ന് പറയുന്ന വിധവകളെയും അന്തിയുറങ്ങാന്‍ ഇടമില്ലെന്ന് വിലപിക്കുന്ന നിരാലംബരെയും ഇവിടെ കാണാം. വഖഫിന്റെ അധിനി വേശ നീക്കത്തില്‍ മരവിച്ച മനസ്സുമായി ജീവിക്കുകയാണ് ഒരു സമൂഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: