1893 സെപ്തംബറില്‍ സ്വാമി വിവേകാനന്ദന് ചിക്കാഗോയില്‍ ലോക മത സമ്മേളനത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗം വിശ്വവിഖ്യാതമാണ്. ഹിന്ദുത്വത്തിന്റെ ശബ്ദം ലോകത്തെ അറിയിച്ച പ്രസംഗം. ചിക്കാഗോയിലേക്കുള്ള സ്വാമിയുടെ യാത്രയ്ക്കിടെ ഉണ്ടായ ഒരു കൂടിക്കാഴ്ച ഇന്ത്യന്‍ വ്യവസായത്തിന്റെ തലവരമാറ്റി എന്നതാണ് ചരിത്രം. ഭാരതീയ വ്യവസായത്തിന്റെ പിതാവെന്ന് കരുതപ്പെടുന്ന ജംഷഡ്ജി ടാറ്റയുമായിട്ടായിരുന്നു ആ കൂടിക്കാഴ്ച. ചിക്കോഗോയില്‍ നടക്കുന്ന വ്യവസായ പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു ടാറ്റ. ജാപ്പനീസ് തുറമുഖമായ യോകോഹാമയില്‍ നിന്ന് കനേഡിയന്‍ തുറമുഖമായ വാന്‍കൂവറിലേക്കുള്ള കപ്പല്‍ യാത്രയിലാണ് ഇരുവരും ഒന്നിച്ചുണ്ടായിരുന്നത്.
ഇംഗ്ലീഷ് പാണ്ഡിത്യമുള്ള കാഷായ വേഷധാരിയെ ജംഷഡിജിക്ക് ഏറെ ഇഷ്ടപ്പെട്ടു. തന്റെ ബിസിനസ് പദ്ധതികളെക്കുറിച്ച് സ്വാമിയുമായി സംസാരിച്ചു. ഭാരതം പോലെ പിന്നാക്കം നില്ക്കുന്ന ഒരു രാജ്യത്തിന് മുന്നേറണമെങ്കില്‍ ഇവിടെ വ്യവസായങ്ങള്‍ വരണമെന്നും അതിനാദ്യം വേണ്ടത് രണ്ടു കാര്യങ്ങള്‍ ആണെന്നും അദ്ദേഹത്തോട് സ്വാമി വിവേകാനന്ദന് പറഞ്ഞു. ഒന്നാമത്തെ കാര്യം ശാസ്ത്രം വളരണം, ശാസ്ത്രീയമായ ചിന്തകള്‍ വളര്‍ത്തുന്നതിനുള്ള ഉന്നത വിദ്യാഭ്യാസം ഭാരതത്തില്‍ ഉണ്ടാകണം. രണ്ടാമത്തെ കാര്യം രാജ്യം സ്വന്തമായി ഇരുമ്പും സ്റ്റീലും ഉത്പാദിപ്പിക്കണം, അതിലൂടെ സ്വന്തമായി മെഷീനുകളും വ്യവസായങ്ങളും വളരും. ആ യാത്രയില്‍ അവര്‍ പിരിയുമ്പോള്‍ എന്താണ് തന്റെ വഴി എന്നതിനെക്കുറിച്ചു ജംഷഡ്ജിക്ക് ചിത്രം വ്യക്തമായിരുന്നു. രാജ്യത്തിന്റെ വ്യവസായ കുതിപ്പിന്റെ തുടക്കമായിരുന്നു പിന്നീട് സംഭവിച്ചത്.
രാജ്യം ഭാരതരത്നം നല്കി ആദരിച്ച ജെആര്‍ഡി ടാറ്റ, ഭാരതത്തിന്റെ മുക്കിലും മൂലയിലും നിറഞ്ഞു നില്ക്കുന്ന വ്യവസായ സ്ഥാപനമാക്കി ടാറ്റാ ഗ്രൂപ്പിനെ വളര്‍ത്തിയെടുത്തു. ടാറ്റായ വളര്‍ച്ചയില്‍നിന്ന് വളര്‍ച്ചയിലേക്ക് നയിച്ച് ആഗോള വ്യവസായ സാമ്രാജ്യമാക്കി മാറ്റിയത് രത്തന്‍ ടാറ്റായാണ്.
ജംഷഡ്ജിക്ക് രണ്ടു മക്കള്‍. രണ്ടു പേര്‍ക്കും കുട്ടികളില്ല. നവാല്‍ എന്ന ആളെ ദത്തെടുത്തു, നവാലിന്റെ പുത്രനാണ് രത്തന്‍. മുംബൈയിലായിരുന്നു ജനനം. രത്തന്‍ 10 വയസ്സുള്ളപ്പോള്‍ നവാല്‍ ടാറ്റ ഭാര്യയെ ഉപേക്ഷിച്ചതിനാല്‍ രത്തന്‍ ടാറ്റാ അനാഥനായി. അമ്മൂമ്മയുടെ സംരക്ഷണത്തിലാണ് പിന്നീട് വളര്‍ന്നത്.
ജംഷഡ്ജിയുടെ മാതൃസഹോദരന്റെ കൊച്ചു മകന് ജെആര്‍ഡി ടാറ്റയായിരുന്നു അന്ന് ടാറ്റായുടൈ ചെയര്മാന്. അരനൂറ്റാണ്ടിലേറെ ടാറ്റയെ നയിച്ച ജെആര്‍ഡിയുടെ പിന്‍ഗാമിയായിട്ടാണ് ടാറ്റാ ഗ്രൂപ്പിന്റെ തലപ്പത്ത് രത്തന്‍ എത്തിയത്. ചെയര്‍മാനായി സ്ഥാനമേല്ക്കുമ്പോള് പതിനായിരം കോടി രുപ വിറ്റുവരവുള്ള ഇന്ത്യന്‍ കേന്ദ്രികൃത ഗ്രൂപ്പായിരുന്നു ടാറ്റാ..രണ്ടു പതിറ്റാണ്ടിനിടയില്‍ ഒന്നര നൂറ്റാണ്ടിന്റെ ചരിത്രമുള്ള ടാറ്റാ ഗ്രൂപ്പിനെ ആഗോള വ്യവസായ സാമ്രാജ്യമാക്കി മാറ്റി എന്നതാണ് രത്തന്‍ ടാറ്റായുടെ വലിയ സംഭാവന. ഇന്ത്യന്‍ സ്റ്റോക്ക് എക്സേഞ്ചിന്റെ 10 ശതമാനത്തിനടുത്ത് കൈയ്യാളുന്ന ടാറ്റാ ഉത്പന്നങ്ങള്‍ 140 രാജ്യങ്ങളിലേക്ക് കയറ്റി അയക്കപ്പെടുന്നു. വ്യവസായ ലോകത്തെ എല്ലാ ഭൂഖണ്ഡങ്ങളിലും സാന്നിധ്യമുള്ള സാമ്രാജ്യമായി രത്തന്‍ ടാറ്റാ ഗ്രൂപ്പിനെ പടുത്തുയര്‍ത്തി. ആറ് വന്‍കരകളിലായി 80 രാഷ്ട്രങ്ങളില്‍ ടാറ്റ ഗ്രൂപ്പിന് 100 ലധികം കമ്പനികള്‍.
ടാറ്റ ഗ്രൂപ്പിനെ സുവര്‍ണ്ണ കാലഘട്ടത്തില്‍ നയിക്കാനായി എന്നതാണ് രത്തന്‍ ടാറ്റയുടെ നിയോഗം. ഓരോ ശരാശരി ഭാരതീയനും ദൈനംദിന ജീവിതത്തില്‍ ടാറ്റായുടെ ഏതെങ്കിലും ഉത്പന്നം ഉപയോഗിക്കാതെ ഉറങ്ങുന്നില്ല. ഉപ്പു മുതല്‍ സോഫ്റ്റ്വെയര് വരെ വരുന്ന പറഞ്ഞാല്‍ തീരാത്ത ടാറ്റ ഉത്പന്നങ്ങള്‍ എന്നും നമ്മുടെ ജീവിതത്തെ അറിയാതെ സ്പര്‍ശിക്കുന്നുണ്ട്. ആഗോളവത്കരണത്തിന്റെ വെല്ലുവിളികള്‍ക്കും സാധ്യതകള്‍ക്കുമിടയില്‍, ലയനങ്ങളിലൂടെയും ഏറ്റെടുക്കലുകളിലൂടെയും ടാറ്റയുടെ രാജ്യാന്തര വളര്‍ച്ചയ്ക്കു കുതിപ്പും കണ്ടെത്തി.
ജീവനക്കാരുമായി ആശയവിനിമയം നടത്തുക എന്നതാണ് വ്യവസായി എന്ന നിലയില്‍ ആദ്യം ചെയ്യേണ്ടത് എന്നതായിരുന്നു രത്തന്‍ ടാറ്റായുടെ നിലപാട്. ഭാരതീയ സാഹചര്യത്തില്‍ ഏറെ പ്രധാനമുള്ളതാണ് ഏതൊരു കമ്പനി ചെയര്‍മാനും ജീവനക്കാരുമായി നന്നായി ആശയവിനിമയം നടത്തണം. അത് പ്രകടമായിരിക്കുകയും വേണം എന്നത്. അത് നിങ്ങളെ അവരുടെ നല്ലൊരു സഹപ്രവര്‍ത്തകനാക്കും എന്നാണ് രത്തന്‍ ടാറ്റാ അനുഭവത്തിന്റെ പിന്‍ബലത്തില്‍ പറയുന്നത്.
ഭാഗ്യപരീക്ഷണം നടത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്തെ വലിയ കമ്പനികളെല്ലാം വിജയിച്ചത് ഭാഗ്യപരീക്ഷണം നടത്തി തന്നെയാണ്. ലോകത്തിന് ഗുണപരമായ മാറ്റമുണ്ടാക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തില്‍ നിന്നാണ് ആപ്പിള്‍, ഗൂഗിള്‍, ഫേസ്ബുക്ക് തുടങ്ങിയ സംരംഭങ്ങളെല്ലാം ഉണ്ടായത്.
വിനയത്തെക്കുറിച്ച രത്തന്‍ ടാറ്റാ പറയുമ്പോള്‍ അര്‍ഹതയുള്ളയാളിന്റെ വാക്കുകളായിട്ടാണ് വിലയിരുത്തപ്പെണ്ടത്. ‘വിനയമുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് നിങ്ങളെ സമീപിക്കാനും നിങ്ങളുടെ സഹായം തേടാനും എളുപ്പമായിരിക്കും. ആളുകള്‍ ബിസിനസിനേയും ബിസിനസ് നടത്തിപ്പിനേയും എങ്ങനെ കാണുന്നു എന്നതിന്റെ അടിത്തറയാണ് വിശ്വാസം. മറ്റുള്ളവരുമായി കരാറുകള്‍ തയാറാക്കുമ്പോഴും അത് പാലിക്കുമ്പോഴും വിശ്വാസം എന്ന ഘടകം പരമപ്രധാനമാകും. ജീവനക്കാരും ഉപഭോക്താക്കളും ഓഹരിയുടമകളുമായി ഒരു മാനസിക ബന്ധം സ്ഥാപിക്കാന്‍ ഇത് സഹായിക്കുന്നു. വിശ്വാസമാണ് നിങ്ങളെ ഒന്നാന്തരമൊരു ബിസിനസുകാരനാക്കുന്നത്.” എന്നാണ് രത്തന്‍ വിശദീകരിക്കുന്നത്.
‘തുടക്കകാലത്ത് മനസ് മടുക്കാത്തതെ ജോലി ചെയ്തതു കൊണ്ടാണ് പിന്നീട് ടാറ്റാ ഗ്രൂപ്പിനെ നയിക്കാന്‍ എനിക്കായത് എന്ന വിശ്വാസക്കാരനായിരുന്നു രത്തന്‍ ടാറ്റാ. കഠിനാധ്വാനത്തിലൂടെ നിങ്ങള്‍ വിജയിച്ച ദിവസങ്ങളിലേക്ക് പിന്തിരിഞ്ഞു നോക്കുമ്പോള്‍ ആ ദിവസങ്ങളെ കഠിനമായ ദിവസങ്ങള്‍ എന്ന് വിളിക്കാനല്ല നിങ്ങള്‍ക്കു തോന്നുക, ഒരു മികച്ച പ്രൊഫഷണലായി നിങ്ങളെ വളര്‍ത്തിയെടുത്ത ദിവസങ്ങള്‍ എന്നാണ്. എതിരാളികള്‍ നിങ്ങളെ പ്രചോദിപ്പിക്കട്ടേ’എന്നതാണ് അദ്ദേഹത്തിന്റെ മറ്റൊരുപദേശം.
‘നിങ്ങളെ നിരന്തരം പ്രചോദിപ്പിക്കുന്ന വ്യക്തികള്‍ നിങ്ങളുടെ ജീവിതത്തിലുണ്ടാകണം. തളരുമ്പോള്‍ നിങ്ങള്‍ക്ക് ഊര്‍ജം പകരുകയും വളരുമ്പോള്‍ ആ വളര്‍ച്ചയില്‍ അഹങ്കരിക്കരുതെന്ന് സ്വന്തം ജീവിതത്തിലൂടെ നിങ്ങള്‍ക്ക് കാണിച്ചു തരികയും ചെയ്യുന്ന ആളുകളായിരിക്കണം അത് ‘ എന്ന രത്തന്‍ ടാറ്റയുടെ വാക്കുകള്‍ അദ്ദേഹത്തിനു തന്നെ ഏറെ യോജിക്കുമായിരുന്നു.
‘നിങ്ങളെ മറ്റുള്ളവര്‍ വിലയിരുത്തുന്നത് ഒരു പക്ഷേ നിങ്ങള്‍ നേടിയ സമ്പത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം. എന്നാല്‍ നിങ്ങളുടെ ഒരു ദിവസത്തെ ജോലി തീര്‍ത്ത് ഉറങ്ങാന്‍ കിടക്കുമ്പോള്‍ നിങ്ങള്‍ക്ക് സംതൃപ്തി തോന്നണമെങ്കില്‍ ഈ ലോകത്തിന് എന്തെങ്കിലും പ്രയോജനം നിങ്ങള്‍ കാരണമുണ്ടായിരിക്കണം. നമുക്കെല്ലാവര്‍ക്കും ഈ ലോകത്തിന് ഗുണം ചെയ്യാനാവും. എത്ര പരാജയപ്പെട്ടാലും സമൂഹത്തോടുള്ള ഒടുങ്ങാത്ത പ്രതിബദ്ധതയായിരിക്കണം നമ്മെ മുന്നോട്ടു നയിക്കുന്ന ഇന്ധനം” ഇതുപറയാന്‍ രത്തന്‍ ടാറ്റയെപ്പോലെ അര്‍ഹര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം.
അവിവാഹിതനായ രത്തന്‍ ടാറ്റയുടെ 66 ശതമാനം ഓഹരികളുടെ നിക്ഷേപം ചാരിറ്റബിള്‍ ട്രസ്റ്റുകളിലാണ് എന്നത് അധികാരവും സമ്പത്തും പ്രശസ്തിയും ഒന്നും അദ്ദേഹത്തെ അല്പം പോലും ഭ്രമിപ്പിച്ചിട്ടില്ല എന്നതിന്റെ നേര്‍ക്കാഴ്ചയാണ്. ജീവിതത്തിലുടനീളം ലളിത ജീവിതം നയിച്ചു. ടാറ്റ ഗ്രൂപ്പ് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എണ്ണമറ്റതാണ്. ലോകത്തില്‍ ഏറ്റവും അധികം ബിസിനസ് എത്തിക്സ് (സാന്മാര്ഗിക നീതി) പുലര്‍ത്തുന്ന ബിസിനസ്് ഗ്രൂപ്പായി ടാറ്റ തെരഞ്ഞെടുക്കപ്പെട്ടത് രത്തന്‍ നേതൃത്വത്തിലിരിക്കുമ്പോഴാണ്.
സമ്പത്തിനേക്കാള്‍ അധികമായി രാജ്യസ്നേഹത്തിന്റെയും തൊഴിലാളി സ്നേഹത്തിന്റെയും അടിയുറച്ച നീതിയുടെയും മൂല്യത്തിന്റെയും മാര്‍ഗത്തില്‍ മാത്രം പോകുന്നതുകൊണ്ട് ഒട്ടനവധി ബിസിനസുകള്‍ നഷ്ടപ്പെടുകയും പ്രൊജക്ടുകള്‍ രത്തന്‍ ടാറ്റ വേണ്ടെന്നു വയ്ക്കുകയും ചെയ്തിട്ടുണ്ട്.
പക്ഷെ ഒരിക്കലും തങ്ങളുടെ മൂല്യങ്ങളില്‍ നിന്നും വ്യതിചലിക്കില്ല എന്നതിന്റെയും മറ്റെന്തിനേക്കാളും മുന്പില് രാജ്യമാണെന്നും വിശ്വസിക്കുന്നതു കൊണ്ടാണ് ടാറ്റ ഗ്രൂപ്പ് ലോകത്തിലെ ഏറ്റവും എത്തിക്കല്‍ ആയ ബിസിനസ് ഗ്രൂപ്പ് ആയി തെരഞ്ഞെടുക്കപ്പെടുന്നതും രാജ്യം ആവശ്യപ്പെടുകയാണെങ്കില് കൊറോണയെ തോല്‍പ്പിക്കാന്‍ തന്റെ മുഴുവന്‍ സമ്പാദ്യവും നല്കാന് താന്‍ തയ്യാറാണെന്ന് രത്തന്‍ ടാറ്റക്ക് പറയാന്‍ കഴിഞ്ഞതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: