ഉദയ്പൂര്‍(രാജസ്ഥാന്): വിദേശികളെഴുതിയ ചരിത്രം വായിച്ച് അഭിമാനം മറന്ന കാലത്തിന് മാറ്റമുണ്ടാവണമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍കുമാര്‍. മഹാറാണാ പ്രതാപ് മുഗള അധിനിവേശത്തിനെതിരെ വിജയക്കൊടി ഉയര്‍ത്തിയ ദെവൈര്‍ യുദ്ധവിജയത്തിന്റെ ഓര്‍മകള്‍ പുതുക്കി ഉദയ്പൂരില്‍ ചേര്‍ന്ന മഹാസമ്മേളനത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരുമാസത്തെ വിജയോത്സവമാണ് യുദ്ധകേന്ദ്രമായിരുന്ന രാഷ്ട്രീയ തീര്‍ത്ഥില്‍ സംഘടിപ്പിച്ചത്.
അധിനിവേശത്തിന്റെ നൂറ്റാണ്ടുകള്‍ പിന്നിട്ടാണ് ഭാരതം മുന്നേറിയതെന്ന് മറക്കരുതെന്ന് അരുണ്‍കുമാര്‍ പറഞ്ഞു.
ഗ്രീക്കുകാര്‍, ഹൂണര്‍, കുശാനന്മാര് തുടങ്ങിയ അധിനിവേശ ശക്തികളെ നമ്മള് പരാജയപ്പെടുത്തി, സ്വാംശീകരിച്ചു. പോരാട്ടത്തിന്റെ ആയിരം വര്‍ഷങ്ങള്‍ ഈ രാഷ്ട്രത്തിന് അഭിമാനം പകര്‍ന്ന് നമുക്ക് മുന്നിലുണ്ട്. മറ്റുള്ളവരെഴുതിയ ചരിത്രത്തില്‍ ആ അധ്യായങ്ങളുണ്ടാവില്ല. വിധേയത്വത്തിന്റെ അവശേഷിക്കുന്ന അടയാളങ്ങളും മായ്ച്ച് അവയെ തിരുത്തി എഴുതേണ്ടതുണ്ട്, അദ്ദേഹം ഓര്‍മിപ്പിച്ചു.
മുഗള്‍ അക്രമിയായ അക്ബറിനെതിരെ മേവാറിന്റെ ശൗര്യം ഏകപക്ഷീയ വിജയം നേടിയത് 1582ല്‍ വിജയദശമി നാളിലായിരുന്നുവെന്ന് അരുണ്‍കുമാര്‍ ചൂണ്ടിക്കാട്ടി. കൊളോണിയല്‍ ആധിപത്യത്തെയും അത് സൃഷ്ടിക്കുന്ന മനസ്ഥിതിയെയും ഉന്മൂലനം ചെയ്യാന്‍ റാണാ പ്രതാപിന്റെ വിജയം എക്കാലത്തും പ്രേരണയാണെന്ന് അദ്ദേഹം സമ്മേളനത്തെ അഭിവാദ്യം ചെയ്ത് പറഞ്ഞു.
റാണാ പ്രതാപ് മേവാറിന്റെ മാത്രമല്ല ഭാരതത്തിന്റെയാകെ മാറ്റത്തിന് വഴിതെളിച്ച പോരാളിയാണ്. പ്രതിസന്ധിഘട്ടങ്ങളിലും അചഞ്ചലമായ രാഷ്ട്രബോധത്തോടെ അദ്ദേഹം നാടിനെ നയിച്ചു. സമാനതകളില്ലാത്ത നേതൃപാടവം കൊണ്ട് ലോകത്തെ അതിശയിപ്പിച്ചു. സാധാരണജനങ്ങളില്‍ ആവേശവും സൈനികരില്‍ ആത്മവിശ്വാസവും ജ്വലിപ്പിച്ച് രാഷ്ട്രതന്ത്രത്തിന്റെ എല്ലാ മേഖലകളിലും മഹാറാണാ പ്രതാപിന്റെ പ്രഭാവം ഉയര്‍ന്നുനിന്നു, അരുണ്‍ കുമാര്‍ പറഞ്ഞു.
1640ലെ വിജയദശമി ദിനത്തിലെ നടന്ന ദെവൈര്‍ യുദ്ധ വിജയം ഭാരതചരിത്രത്തില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവന്നത്. 36,000 മുഗള്‍ സൈനികരെ പൂര്‍ണമായി പരാജയപ്പെടുത്തിയ റാണാ പ്രതാപിന്റെ സൈന്യം അവര്‍ സ്ഥാപിച്ച 36 കാവല്‍ കോട്ടകള്‍ നശിപ്പിച്ചു. തുടര്‍ന്ന് മേവാര്‍, വാഗഡ്, ഗോദ്വാര്, മേര്വാര, മാള്‍വ, ഗുജറാത്തിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മഹാറാണാ പ്രതാപിന്റെ ഭരണം രണ്ട് പതിറ്റാണ്ട് തുടര്‍ന്നുവെന്ന് അരുണ്‍ കുമാര്‍ ചൂണ്ടിക്കാട്ടി.
വീരശിരോമണി മഹാറാണ പ്രതാപ് കമ്മിറ്റി ചെയര്മാന് പ്രൊഫ. ബിപി ശര്‍മ്മ അധ്യക്ഷനായി. മേവാര്‍ പീഠാധീശ്വര്‍ സ്വാമി സുദര്ശനാചാര്യ മഹാരാജ്, പ്രതാപ് ഗൗരവ് കേന്ദ്ര ഡയറക്ടര്‍ അനുരാഗ് സക്സേന, വിജയ് മഹോത്സവ സംയോജകന്‍ ഡോ.സുഭാഷ് ഭാര്‍ഗവ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: