ന്യൂദൽഹി : ഹരിയാനയിലും ജമ്മു കശ്മീരിലും ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന്റെ പ്രധാന കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മികവാർന്ന പ്രവർത്തനങ്ങളുടെ ഫലമാണെന്ന് അറിയിച്ച് കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രി ചിരാഗ് പാസ്വാൻ. കർഷകർക്കും യുവാക്കൾക്കും സൈനികർക്കും വേണ്ടി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ വികസന പദ്ധതികളാണ് വിജയത്തിന് ആധാരമായതെന്നും അദ്ദേഹം വ്യക്തമാക്കി.
ഹരിയാനയുടെ വിജയം കർഷകരുടെയും യുവാക്കളുടെയും സൈനികരുടെയും ഭരണഘടനയുടെയും വിജയമാണ്. സംവരണത്തെയും ഭരണഘടനയെയും കുറിച്ചുള്ള ബിജെപിയുടെ വീക്ഷണത്തെ ചോദ്യം ചെയ്തവർക്ക് തക്ക മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ പ്രതിപക്ഷങ്ങൾ ഉന്നയിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും തിരഞ്ഞെടുപ്പ് ഫലങ്ങൾ ഉത്തരം നൽകി. പ്രതികൂല സാഹചര്യങ്ങളിലും ഹരിയാനയിൽ സർക്കാർ രൂപീകരിക്കുന്നതിൽ ബിജെപി വിജയിച്ചതിന് പ്രധാനമന്ത്രിയെ വീണ്ടും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ഇവിഎമ്മുകളെ പഴിചാരുന്ന കോൺഗ്രസ്, നാഷണൽ കോൺഫറൻസിന്റെ സ്ഥിരം ശൈലിയേയും അദ്ദേഹം വിമർശിച്ചു.
ഫലം കോൺഗ്രസിന് അനുകൂലമായി വരുമ്പോൾ എല്ലാം ശരിയാണ്, പക്ഷേ ഫലം തങ്ങൾക്ക് അനുകൂലമാകാതെ വരുമ്പോൾ ഇത് ജനാധിപത്യത്തിന്റെ പരാജയമാണെന്നും അവർ പറയുന്നു. ഈ ചിന്ത വളരെ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: