തിരുവനന്തപുരം: ചാല കൊത്തുവാള്‍ത്തെരുവിലെ വ്യാപാരികളുടെ ദുരിതം തീരുന്നില്ല. സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി ചാല കൊത്തുവാള്‍ത്തെരുവിലെ ഓടയുടെയും റോഡിന്റെയും പണി ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും ഒരിടത്തും എത്തിയിട്ടില്ല. മനപ്പൂര്‍വം വ്യാപാരികളെ ദ്രോഹിക്കാന്‍ വേണ്ടിയാണ് റോഡുപണി വൈകിപ്പിക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു.
വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യമൊരുക്കാതെയാണ് ഓടയുടെ പണി . അതിനാല്‍ ചെറിയ മഴപെയ്യുമ്പോള്‍ പോലും വെള്ളക്കെട്ട് രൂക്ഷമാണ്. ഇത് സമീപത്തെ കടകള്‍ക്ക് ഭീഷണിയാകുന്നുണ്ട്. വെള്ളക്കെട്ട മൂലം പലരും കടയിലേക്ക് വരുന്നതുപോലുമില്ലെന്ന് കച്ചവടക്കാര്‍ പരിതപിക്കുന്നു. ഒരുവര്‍ഷത്തിനിടെ നിരവധി കടകള്‍ പൂട്ടിപ്പോയി. ചിലര്‍ വന്‍ കടക്കെണിയിലായി. തലമുറകളായി കൈമാറി വന്ന കച്ചവടം നിര്‍ത്താന്‍ പലരും തയ്യാറാകാത്തതിനാലാണ് നഷ്ടം സഹിച്ചും വ്യാപാരം മുന്നോട്ട് കൊണ്ട് പോകുന്നതെന്നാണ് മിക്ക കച്ചവടക്കാരും പറയുന്നത്.
അട്ടക്കുളങ്ങര-കിള്ളിപ്പാലം ബൈപാസ് റോഡില്‍ നിന്നും കൊത്തുവാള്‍ത്തെരുവില്‍ പ്രവേശിക്കുന്നതു മുതല്‍ മത്സ്യമാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്നതുവരെ റോഡ് ഉയര്‍ത്തി കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. അതിനുശേഷം 100 മീറ്ററോളം ദൂരത്തില്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതിനായി രണ്ടടിയിലേറെ താഴ്ചയില്‍ കുഴിച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞിവസം രാത്രിയാണ് റോഡ് കുഴിച്ചത്. ജെസിബി ഉപയോഗിച്ച് റോഡ് താഴ്ത്തിയപ്പോള്‍ റോഡിലൂടെ പോകുന്ന പ്രധാന പൈപ്പ് ലൈന്‍ പൊട്ടി വെള്ളം ലീക്ക് ആകാന്‍ തുടങ്ങി. പൊട്ടിയ പൈപ്പ് ലൈന്‍ നന്നാക്കാന്‍ പോലും ശ്രമിക്കാതെ രാത്രി പന്ത്രണ്ട് മണിയോടെ ജോലിക്കാര്‍ പണി നിര്‍ത്തിപോയി. നേരം വെളുത്തപ്പോഴേക്കും റോഡ് മുഴുവന്‍ വെള്ളക്കെട്ടായി.
സ്മാര്‍ട്ട് സിറ്റി അധികൃതരോ നഗരസഭയോ വാട്ടര്‍ അതോറിറ്റിയോ തിരിഞ്ഞുനോക്കാത്തതിനാല്‍ ചായക്കട നടത്തുന്ന കാജയുടെ നേതൃത്വത്തില്‍ കച്ചവടക്കാരാണ് പൈപ്പ് ലൈനിന്റെ ചോര്‍ച്ച അടച്ചത്. റോഡ് കുഴിച്ചിട്ടിരിക്കുന്നതിനാല്‍ ലോഡുമായി വരുന്ന ലോറികളില്‍ നിന്നും സാധനങ്ങള്‍ കടകളിലേക്ക് ചുമന്ന് കയറ്റണം. ഇത് കച്ചവടക്കാര്‍ക്ക് അധിക ബാധ്യതയാണ്. ഒരുവര്‍ഷമായി തങ്ങളുടെ വരുമാനം മുടക്കി ഇഴഞ്ഞു നീങ്ങുന്ന സ്മാര്‍ട്ട്റോഡ് പണിക്കെതിരെ കേരള വ്യാപാരി വ്യവസായി ജില്ലാ കമ്മറ്റിയുടെയും കൊത്തുവാള്ത്തെരുവ് യൂണിറ്റ് കമ്മറ്റിയുടെയും നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
തങ്ങളനുഭവിക്കുന്ന ദുരിതത്തിന് ശാശ്വതമായ പരിഹാരമുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുള്‍പ്പടെ നടത്താന്‍ തയ്യാറെടുക്കുകയാണ് ചാലയിലെ വ്യാപാരികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: