കന്യാകുമാരി: നടി സുകുമാരിയുടെ സ്മരണയ്‌ക്കായുള്ള ആദ്യത്തെ മള്‍ട്ടി മീഡിയ ആന്‍ഡ് ഫിലിം ടെക്‌നോളജി സ്‌കൂള്‍ കന്യാകുമാരിയിലെ നൂറുല്‍ ഇസ്ലാം സെന്റര്‍ ഫോര്‍ ഹയര്‍ എഡ്യുക്കേഷനില്‍ (നിഷ്) തുറക്കുന്നു. മമ്മൂട്ടി ശിലാസ്ഥാപനം നിര്‍വഹിച്ചു.
മള്‍ട്ടിമീഡിയ ലാബുകള്‍, ഡബ്ബിംഗ് തിയറ്ററുകള്‍, മള്‍ട്ടിപ്ലക്‌സ് തിയറ്റര്‍ തുടങ്ങിയവ ഉള്‍പ്പെട്ട വിദ്യാഭ്യാസസ്ഥാപനമാകും. പത്മശ്രീ സുകുമാരി മ്യൂസിയവും ഇതോടൊപ്പം സജ്ജമാകും. സുകുമാരിക്ക് ലഭിച്ച അംഗീകാരങ്ങളും പുരസ്‌കാരങ്ങളും ഇനി ഇവിടെയാകും ഉണ്ടാകുക.
മമ്മൂട്ടിയും നിംസ് ഹാര്‍ട്ട് ഫൗണ്ടേഷനും ചേര്‍ന്നുള്ള സൗജന്യ ഹ്യദയ ശസ്ത്രക്രിയാ പദ്ധതിയായ ഹാര്‍ട്ടു ടു ഹാര്‍ട്ട് പദ്ധതിയില്‍ സൗജന്യ ഹൃദയ ശസ്ത്രക്രിയകള്‍ തുടങ്ങിയ കാലം. ഒരു ദിവസം അപ്രതീക്ഷിതമായി നിംസ് മെഡിസിറ്റി എംഡി എസ്.എസ്. ഫൈസല്‍ ഖാന് ഒരു ഫോണ്‍കോള്‍. 369 എന്ന നമ്പരില്‍ അവസാനിക്കുന്ന അതിന്റെ അങ്ങേത്തലയ്‌ക്കല്‍ മമ്മൂട്ടിയായിരുന്നു.
സുകുമാരിച്ചേച്ചി ആശുപത്രിയില്‍ വരുന്നുണ്ടെന്നും കൃത്യമായി പരിശോധിക്കണമെന്നുമായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍. പരിശോധനയുടെ വിവരമറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടുത്ത ദിവസം തന്നെ സുകുമാരി നിംസിലെത്തി. ഗുരുതരമായ ഹൃദ്രോഗമാണെന്നും ഉടന്‍ ആന്‍ജിയോപ്ലാസ്റ്റി വേണമെന്നുമായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. ഈ വിവരം മമ്മൂട്ടി തന്നെ സുകുമാരിയുടെ മകനായ ഡോ. സുരേഷിനെ അറിയിച്ചു.
രണ്ടു പേരുടേയും അനുവാദത്തോടെ നിംസ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. മധു ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘം ദൗത്യം ഏറ്റെടുത്തു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാവുകയും ചെയ്തു. അന്നു മുതല്‍ സുകുമാരിയോടുള്ള ഹൃദയബന്ധം ചേര്‍ത്ത് പിടിക്കുകയാണ് നിംസ് കുടുംബം. പിന്നീട് ഹൃദയത്തിന്റെ പ്രവര്‍ത്തനം മോശമായതിനെ തുടര്‍ന്ന് വീണ്ടും ശസ്ത്രക്രിയ നടത്തി. അതിനുശേഷം കുറച്ചുനാള്‍ സുകുമാരി നിംസില്‍ തന്നെയായിരുന്നു. തനിക്ക് ലഭിച്ച അംഗീകാരങ്ങളും പുരസ്‌കാരങ്ങളും നിംസിന്റെ മേല്‍നോട്ടത്തില്‍ സൂക്ഷിക്കണമെന്ന ആഗ്രഹം അവര്‍ പങ്കുവച്ചത് ആ നാളുകളിലാണ്. ചികിത്സ പൂര്‍ത്തിയാക്കി ചെന്നൈയിലെ വീട്ടില്‍ വിശ്രമിക്കവേ അപ്രതീക്ഷിതമായിട്ടായിരുന്നു സുകുമാരിയുടെ അന്ത്യം. ‘എന്റെ കുടുംബത്തിലെ മൂത്തമകന്‍’ എന്ന് സുകുമാരി വിശേഷിപ്പിച്ച മമ്മൂട്ടിയുടെ കൈകളിലൂടെ അവരുടെ ഓര്‍മകള്‍ തുടിക്കുന്ന വിദ്യാലയത്തിനും മ്യൂസിയത്തിനും ആദ്യശിലയിടുമ്പോള്‍ അതിലെവിടെയോ ഇന്നും മിടിക്കുന്ന ഒരു മാതൃഹൃദയവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: