തിരുവനന്തപുരം: കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്- നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി( എന്‍ഐഐഎസ്ടി) യുടെ നൂതന പരിസ്ഥിതി സൗഹൃദ പദ്ധതിയുടെ വിലയിരുത്തല്‍ പ്രക്രിയയില്‍ ടാറ്റ സ്റ്റീല്‍ ലിമിറ്റഡ് (ടിഎസ്എല്‍) പങ്കാളിയാകും.
ഉരുക്ക് വ്യവസായശാലകളില്‍ നിന്ന് പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈഓക്സൈഡിന്റെ അളവ് കുറയ്‌ക്കുന്നതിനുള്ള എന്‍ഐഐഎസ്ടി യുടെ പദ്ധതിയാണ് ടാറ്റ സ്റ്റീല്‍ ലിമിറ്റഡിന്റെ (ടിഎസ്എല്‍) മേല്‍നോട്ടത്തില്‍ വിലയിരുത്തുക. ഇത് സംബന്ധിച്ച ധാരണാപത്രം ഇരുസ്ഥാപനങ്ങളും കൈമാറി. എന്‍ഐഐഎസ്ടി സ്ഥാപകദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ധാരണാപത്രം കൈമാറിയത്.
നിലക്കടല, ചോളം എന്നിവയില്‍ നിന്നുള്ള കാര്‍ഷികാവശിഷ്ടങ്ങളില്‍ നിന്ന് തുകല്‍ നിര്‍മ്മിക്കുന്നതിനുള്ള എന്‍ഐഐഎസ്ടി യുടെ സാങ്കേതികവിദ്യ സൂറത്തിലെ സ്റ്റാര്‍ട്ടപ്പായ ലീഫി ലെതര്‍ പ്രൈവറ്റ് ലിമിറ്റഡിനും തദവസരത്തില്‍ കൈമാറി.
ചടങ്ങില്‍ ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാഡമി പ്രസിഡണ്ട് അശുതോഷ് ശര്‍മ്മ ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു. സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ.സി. അനന്തരാമകൃഷ്ണന്‍ അധ്യക്ഷനായി. ടിഎസ്എല്‍ ചീഫ് ടെക്നോളജി ഓഫീസര്‍-പ്രോസസ് ഡോ. അതനു രഞ്ജന്‍ പാലും പങ്കെടുത്തു.
ടാറ്റാ സ്റ്റീല്‍ ലിമിറ്റഡുമായി ഇത്തരമൊരു ധാരണാപത്രം ഒപ്പിടുന്നതില്‍ അത്യധികം സന്തോഷമുണ്ടെന്ന് ഡോ.സി. അനന്തരാമകൃഷ്ണന്‍ പറഞ്ഞു. സസ്യാവശിഷ്ടങ്ങളില്‍ നിന്ന് വ്യാവസായിക മൂല്യമുള്ള ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനാണ് എന്‍ഐഐഎസ്ടി മുന്‍ഗണന നല്കുന്നത്. മാലിന്യ സംസ്കരണം, തുകല്‍ ഉത്പാദനവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രത്യാഘാതം എന്നിങ്ങനെയുള്ള ആഗോള വെല്ലുവിളികളെ നേരിടാന്‍ ഈ പരിപാടി ലക്ഷ്യമിടുന്നു. ജൈവമാലിന്യങ്ങളില്‍ നിന്നുള്ള നൂതന ഉത്പന്ന നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്ന സാങ്കേതികവിദ്യകളുടെ കൈമാറ്റത്തിന് ഈ പദ്ധതി വഴിയൊരുക്കി. പാരിസ്ഥിതിക സുസ്ഥിരതയും സാമ്പത്തിക വളര്‍ച്ചയും ഇതിലൂടെ കൈവരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അത്യാധുനിക സംസ്കരണ പ്രക്രിയകളിലൂടെ കാര്‍ഷികാവശിഷ്ടങ്ങളില്‍ നിന്ന് നിര്‍മ്മിക്കപ്പെടുന്ന തുകലിന് കാര്‍ബണ്‍ ഫൂട്ട്പ്രിന്‍റ് കുറയ്‌ക്കുന്നതിന് വലിയ പങ്കുണ്ട്. വളരെക്കാലം ഈട് നില്ക്കുന്ന ഈ ഉത്പന്നം വാഹനങ്ങളിലും വീടുകളിലും ഒരുപോലെ ഉപയോഗിക്കാനാകും. മൃഗങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന തുകലിനേക്കാള്‍ പരിസ്ഥിതി സൗഹൃദമാണ് കാര്‍ഷിക വിഭവങ്ങളില്‍ നിന്നുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: