സ്പാനിഷ് ഇതിഹാസം ആന്ദ്രേ ഇനിയേസ്റ്റ ലുയാന്‍ പടിയിറക്കം സ്ഥിരീകരിച്ചിരിച്ചു. ലോക ഫുട്‌ബോളിലെ ഏറ്റവും കരുത്തനായ മധ്യനിരക്കാരനാണ് ബൂട്ടഴിക്കുന്നത്. മധ്യനിരയിലെ കളിക്കാഴ്ചകള്‍ക്ക് മഴവില്ലഴക് പകര്‍ന്ന കാലമാണ് കടന്നുപോയ രണ്ട് പതിറ്റാണ്ട്. ലോകം മിഡ്ഫീല്‍ഡിലെ രാജാക്കന്മാരെ ഹൃദയത്തില്‍ കുടിയിരുത്തിയ കാലം. ആ ഇഷ്ടത്തിന് ഇരട്ടിമധുരം പകരുകയായിരുന്നു ഇനിയേസ്റ്റയുടെ ചുവടുകള്‍.
നെതര്‍ലാന്റ്‌സിന്റെ ഇതിഹാസതാരം യോഹാന്‍ ക്രൈഫ് ബാഴ്‌സ വാണ കാലം മുതലേ കുറിയന്‍ പാസുകളുമായി മുന്നേറുന്ന ടിക്കി ടാക്കയ്‌ക്ക് പ്രചാരം സിദ്ധിച്ചിട്ടുണ്ട്. ക്രൈഫ് കളമൊഴിഞ്ഞു. പിന്നീട് എഫ്‌സി ബാഴ്‌സിലോണയുടെ നിറം മങ്ങി. പിന്നെ ബാഴ്‌സ തിളങ്ങിയത് പെപ്പ് ഗ്വാര്‍ഡിയോളയുടെ കാലത്താണ്. ബ്രസീലിയന്‍ സൂപ്പര്‍താരം റോണാള്‍ഡീഞ്ഞോ കൂടി എത്തിയതോടെ ബാഴ്‌സയുടെ തലവര വീണ്ടും മാറി. സുവര്‍ണതാരങ്ങളുടെ നിര. അതിലൊരു നക്ഷത്രമായി ഇനിയേസ്റ്റ. ഗോള്‍ വേട്ടയ്‌ക്കായി പിറന്ന മെസിയായിരുന്നു മുന്‍നിരയില്‍, മധ്യനിരയില്‍ സാവി-സെര്‍ജിയോ ബുസ്‌ക്വേറ്റ്‌സ്-ഇനിയേസ്റ്റ ത്രയം… ബാഴ്‌സയുടെ ആയുധങ്ങള്‍. പരിശീലകനായി പെപ്പ് ഗ്വാര്‍ഡിയോള എത്തിയതോടെ ബാഴ്‌സയുടെ റേഞ്ച് മാറി.
സ്പാനിഷ് ഫുട്‌ബോള്‍ ഇതിനും മുമ്പേ ലൂയിസ് അരഗോണസിന്റെയും വികെന്റെ ഡെല്‍ ബോസ്‌ക്വെയുടെയും പരിശീലനത്തില്‍ ചിറകടിച്ചു പറന്നുതുടങ്ങിയിരുന്നു. മനോഹരമായ ടിക്കി ടാക്ക വീണ്ടും തല ഉയര്‍ത്തി. മധ്യനിരയിലെ നീക്കങ്ങള്‍ക്ക് അഴകേറിയ പതിറ്റാണ്ടിന്റെ തുടക്കം. അതിന് അമരക്കാരന്‍ ആയി ഇനിയേസ്റ്റ.
വമ്പന്‍മാരായ റയല്‍ മാഡ്രിഡും ടിക്കിടാക്കയിലൂടെ കരുത്താര്‍ജിച്ചതോടെ സ്പാനിഷ് പോര് മുറുകി. ആ പോര്‍മുഖങ്ങളില്‍ ബാഴ്‌സയ്‌ക്ക് കരുത്തായി ഇനിയേസ്റ്റ നിറഞ്ഞു നിന്നു. ഈ കളിമികവിന് മാര്‍ക്കിടാന്‍ ബാഴ്‌സയ്‌ക്കൊപ്പം താരം നേടിയ 35 കിരീടങ്ങളെക്കാള്‍ വലിയ കണക്കുകളില്ല. ഇടയ്‌ക്ക് സാവി ക്ലബ്ബ് വിട്ട് പോയപ്പോഴും ഇനിയേസ്റ്റയുടെ ബലത്തില്‍ തിളങ്ങി നിന്നത് ബാഴ്‌സ മാത്രമായിരുന്നില്ല സാക്ഷാല്‍ ലയണല്‍ മെസി കൂടിയായിരുന്നു. മെസിയുടെ ആത്മവിശ്വാസത്തിന്റെ അടിത്തറയായിരുന്നു ഇനിയേസ്റ്റ. 2018ല്‍ ഇനിയേസ്റ്റ ഒഴിഞ്ഞ ശേഷമുള്ള ബാഴ്‌സയുടെ പ്രകടനം നോക്കിയാല്‍ ഈ വ്യത്യാസം വ്യക്തമാകും.
ബാഴ്‌സയ്‌ക്കപ്പുറം 2008 യൂറോ കപ്പില്‍ സ്പാനിഷ് ടീം കിരീടം നേടിയതും 2010 ലോകകപ്പില്‍ വിശ്രമമില്ലാതെ എല്ലാ മത്സരങ്ങളിലും കളിച്ചതും ഫൈനലില്‍ വിജയഗോള്‍ നേടി മാന്‍ ഓഫ് ദി മാച്ച് ആയതും ഇനിയേസ്റ്റയുടെ കളിമികവിന്റെ മായാത്ത അടയാളങ്ങളായി. രണ്ട് വര്‍ഷത്തിന് ശേഷം 2012 യൂറോ മത്സരങ്ങള്‍. ഒരു ഗോള്‍ പോലും ഇനിയേസ്റ്റ അടിച്ചിരുന്നില്ല, ഗോളിലേക്ക് ഒരേയൊരു പാസ് മാത്രം. എന്നിട്ടും ടൂര്‍ണമെന്റിന്റെ മികച്ചതാരമായി- അതായിരുന്നു മധ്യനിരയില്‍ ഈ താരം നെയ്‌തെടുത്ത വിജയമന്ത്രങ്ങളുടെ മൂല്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: