തിരുവനന്തപുരം: ഓണക്കാലത്ത് റിക്കാര്‍ഡ് കളക്ഷന്‍ ഉണ്ടായിട്ടും സപ്തംബറിലെ ശമ്പളം നിഷേധിച്ച സര്‍ക്കാര്‍-മാനേജ്‌മെന്റ് ധാര്‍ഷ്ട്യത്തിനെതിരെ കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) കുത്തുപാളയുമായി നിയമസഭാ മാര്‍ച്ച് നടത്തി. ട്രാന്‍സ്‌പോര്‍ട്ട് ഭവനില്‍ നിന്നാരംഭിച്ച കുത്തുപാള സമരം നിയമസഭയ്‌ക്ക് മുന്നില്‍ കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
ഭൂരിഭാഗം ഡിപ്പോകളും ലാഭത്തിലായെന്ന് പറഞ്ഞ് വകുപ്പ് മന്ത്രി ജീവനക്കാരെ അഭിനന്ദിക്കുമ്പോള്‍ മറുഭാഗത്ത് മനഃപൂര്‍വം അവര്‍ക്ക് ശമ്പളം നല്‍കാതെ നരകിപ്പിക്കുകയാണ്. എട്ട് വര്‍ഷം കൊണ്ട് ജീവനക്കാര്‍ കടം കയറി കുത്തുപാളയെടുത്തു. കെഎസ്ആര്‍ടിസിയില്‍ ആളെ പറ്റിക്കുന്ന കണക്കല്ലാതെ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്ന ഒരു വരവ് ചെലവ് കണക്കില്ല. ലാഭത്തിലായിട്ടും ഓണത്തിന് ബോണസും അഡ്വാന്‍സും നിഷേധിച്ചു. പ്രതിഷേധം കനത്തപ്പോള്‍ ചിങ്ങത്തില്‍ നല്‍കേണ്ടണ്ട ഉത്സവബത്ത കന്നിയില്‍ നല്‍കി മാതൃകയായി എന്ന് എസ്. അജയകുമാര്‍ പറഞ്ഞു. ശമ്പളം തവണകളാക്കിയ ഇടത് സര്‍ക്കാര്‍ റഫറണ്ടം മുന്നില്‍ കണ്ടാണ് ഇനി എല്ലാ മാസവും ഒന്നാം തീയതി ഒറ്റത്തവണയായി ശമ്പളം നല്‍കുമെന്ന് വീമ്പിളക്കുന്നതെന്നും എസ്. അജയകുമാര്‍ പറഞ്ഞു.
തിരുവനന്തപുരം ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് സുരേഷ് കാവില്‍ കുത്തുപാള സമരത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സി. ഹരീഷ് കുമാര്‍, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി പ്രദീപ്.വി.നായര്‍, ട്രഷറര്‍ ആര്‍.എല്‍. ബിജുകുമാര്‍, നേതാക്കളായ എസ്. സുരേഷ് കുമാര്‍, ജി.എസ്. ഗോപകല, എസ്.വി. ഷാജി, എന്‍.എസ്. രണജിത്ത്, എസ്. ഗിരീന്ദ്രലാല്‍, എസ്.ആര്‍. അനീഷ്, എ.എസ്.പത്മകുമാര്‍, ഡി.ബിജു എന്നിവര്‍ സംസാരിച്ചു. സി.എസ്. ശരത്, വി.ആര്‍. ആദര്‍ശ്, കെ.സന്തോഷ്, എസ്.വി. ഹരീഷ് കുമാര്‍, ആര്‍. കവിരാജ്, ടി. സുരേഷ് കുമാര്‍. വി.ആര്‍. അജിത് എന്നിവര്‍ നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: