കിഷ്ത്വാര്‍ (ജമ്മുകശ്മീര്‍): ഭീകരതയ്ക്കെതിരായ ജനവിധിയായി മുസ്ലിം ഭൂരിപക്ഷ മേഖലയായ കിഷ്ത്വാര്‍ മണ്ഡലത്തില്‍ ശഗുന്‍ പരിഹാര്‍ പൊരുതി നേടിയ വിജയം. അഞ്ചാണ്ടു മുമ്പ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അജിത് പരിഹാറിന്റെ മകള്‍. ജമ്മുകശ്മീര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി അവതരിപ്പിച്ച ഏക വനിതാ സ്ഥാനാര്‍ഥി. മുന്‍ മന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ സജാദ് അഹമ്മദ് കിച്ച്ലുവിനെയാണ് ഇരുപത്തൊന്‍പതുകാരിയായ ഷാഗുന്‍ 521 വോട്ടിനു തോല്പിച്ചത്.
2018ല്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അച്ഛന്റെയും അമ്മാവന് അനില്‍ പരിഹാറിന്റെയും ചോരയില്‍ തൊട്ടാണ് ദേശ സുരക്ഷയ്ക്കായി പൊതു പ്രവര്ത്തനത്തിനിറങ്ങുമെന്ന് അന്ന് 24 വയസുണ്ടായിരുന്ന ശഗുന്‍ പ്രതിജ്ഞയെടുത്തത്. ഇലക്ട്രോണിക്സില് മാസ്റ്റര്‍ ബിരുദത്തിനു പഠിക്കുകയായിരുന്നു അവള്.
29,053 വോട്ട് നേടിയ ശഗുന്‍ വോട്ടെണ്ണലിന്റെ എല്ലാ ഘട്ടത്തിലും ലീഡ് നിലനിര്‍ത്തി. സജാദ് അഹമ്മദിനു ലഭിച്ചത് 28,532 വോട്ട്. പിഡിപിയുടെ ഫിര്‍ദോസ് അഹമ്മദ് തക്ക് 997 വോട്ടില്‍ ഒതുങ്ങി.
എന്നിലും പാര്‍ട്ടിയിലും അര്‍പ്പിച്ച വിശ്വാസത്തിന് കിഷ്ത്വാറിലെ ജനങ്ങള്‍ക്കു മുന്നില്‍ ഞാന്‍ നമസ്കരിക്കുന്നു. അവരുടെ പിന്തുണ അനുഗ്രഹമാണ്, വിജയ ശേഷം ശഗുന്‍ പറഞ്ഞു. ഈ വിജയം എന്റേതല്ല, ജമ്മുകശ്മീരിലെ ദേശീയവാദികളുടേതാണ്. ഭീകരതയ്ക്കെതിരേ പോരാടാനും രാജ്യത്തെ സംരക്ഷിക്കാനും ജീവന് ബലിയര്‍പ്പിച്ച എല്ലാവര്‍ക്കുമുള്ള ആദരവാണ് ഈ വിജയം, ശഗുന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: