ബെയ്‌റൂട്ട്: ഹിസ്ബുള്ള ഭീകരരുടെ ആസ്ഥാനത്ത് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ മുതിര്‍ന്ന കമാന്‍ഡര്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ തിങ്കളാഴ്ച രാത്രി നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുള്ളയുടെ ലോജിസ്റ്റിക്‌സ് യൂണിറ്റ് തലവനും ജിഹാദ് കൗണ്‍സില്‍ അംഗവുമായ സുഹൈല്‍ ഹുസൈന്‍ ഹുസൈനിയെ വധിച്ചത്. ഇസ്രയേല്‍ സേന തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
രാത്രി ബെയ്റൂട്ടിലെ ഹിസ്ബുള്ളയുടെ ആസ്ഥാനത്തേയ്‌ക്ക് ആയിരുന്നു വ്യോമാക്രമണം. രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ആക്രമണമെന്ന് ഇസ്രയേല്‍ സേന എക്സിലൂടെ അറിയിച്ചു. അതേസമയം സംഭവത്തില്‍ ഹിസ്ബുള്ള ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇസ്രയേലില്‍ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികമായ തിങ്കളാഴ്ച ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ നിര്‍ത്താതെയുള്ള ആക്രമണമാണ് ഇസ്രയേല്‍ നടത്തിയത്. ഒരു മണിക്കൂറിനുള്ളില്‍ തെക്കന്‍ ലെബനനിലെ 120 ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടിട്ടുണ്ട്. എങ്ങും തീഗോളങ്ങളും കനത്ത പുകയുമായിരുന്നു. തെക്കന്‍ ലെബനന്‍ ഏതാണ്ട് ഇസ്രയേലിന്റെ കീഴിലായി കഴിഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ വടക്കന്‍ ലെബനന്‍ കേന്ദ്രീകരിച്ച് ഇസ്രയേല്‍ സൈന്യം നീങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ട്.
ഇതുവരെയുള്ള ആക്രമണങ്ങളിലൂടെ ഹിസ്ബുള്ളയുടെ ശക്തി തകര്‍ക്കുവാന്‍ ഇസ്രയേലിന് സാധിച്ചിട്ടുണ്ട്. ഭീകരരെ പൂര്‍ണമായും പിഴുതെറിയുന്നതുവരെ ആക്രമണം തുടരുമെന്ന ദൃഢനിശ്ചയത്തിലാണ് ഇസ്രയേല്‍. തെക്കന്‍ ലെബനനിലെ ബറാഷിറ്റില്‍ പത്ത് അഗ്‌നിരക്ഷാസേനാംഗങ്ങള്‍ കൊല്ലപ്പെട്ടു. കഴിഞ്ഞമാസം ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്‌റുള്ളയെയും പ്രമുഖ നേതാക്കളെയും വധിച്ചിരുന്നു. ഈ മാസം മൂന്നിന് ഗാസ ഗവണ്‍മെന്റ് തലവന്‍ റൗഹി മുഷ്താഹ ഉള്‍പ്പെടെ പലസ്തീന്‍ ഭീകര സംഘടനയായ ഹമാസിന്റെ മൂന്ന് മുതിര്‍ന്ന നേതാക്കളെ ഇസ്രയേല്‍ വധിച്ചിരുന്നു. സമേ സിറാജും സമേ ഔദേയും കൊല്ലപ്പെട്ട മറ്റ് രണ്ട് ഭീകരര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: