ചെന്നൈ: സംഗീത ഇതിഹാസമായിരുന്ന എം എസ് സുബ്ബുലക്ഷ്മിയെ അവഹേളിച്ച, ഭാരത സംസ്കാരത്തെ പൂര്‍ണ്ണമായി എതിര്‍ക്കുന്ന നിരീശ്വര വാദിയായ ടി. എം. കൃഷ്ണയ്ക്ക് എം. എസ്. സുബ്ബുലക്ഷ്മി പുരസ്കാരം നല്‍കുന്നതിനെതിരെ ചെറുമകന് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. സംഗീത കലാനിധി എം. എസ്. സുബ്ബുലക്ഷ്മി പുരസ്കാരം കൃഷ്ണയ്ക്ക് സമ്മാനിക്കുന്നതില്‍ നിന്ന് ചെന്നൈയിലെ മ്യൂസിക് അക്കാദമിയെ തടയണമെന്നാണ് വി. ശ്രീനിവാസന്റെ ആവശ്യം.
കര്‍ണാടക സംഗീതത്തിലെ ഇതിഹാസമായിരുന്ന സുബ്ബുലക്ഷ്മിയെ മരണശേഷം നിന്ദ്യമായ വാക്കുകള്‍ കൊണ്ട് വിമര്‍ശിച്ചയാളാണ് കൃഷ്ണയെന്നും അദ്ദേഹത്തിന് ഈ പുരസ്കാരം നല്‍കുന്നത് നിരീശ്വരവാദിക്ക് ഭക്തിപുരസ്കാരം നല്‍കുന്നതിന് തുല്യമാണെന്നും ശ്രീനിവാസന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
ഒരു ലേഖനത്തില്‍, സുബ്ബുലക്ഷ്മിയെ ”ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തട്ടിപ്പെന്നും, സന്യാസി ബാര്‍ബി ഡോള്‍” എന്നും വിശേഷിപ്പിച്ചിരുന്നു. തന്റെ പേരില്‍ ട്രസ്റ്റും ഫൗണ്ടേഷനും സ്മാരകവും ആരംഭിക്കുന്നതിനെയും സുബ്ബുലക്ഷ്മി വിലക്കിയിരുന്നു. അവാര്‍ഡ് പ്രഖ്യാപനം കുടുംബത്തെ ഞെട്ടിച്ചതായി ശ്രീനിവാസന്റെ ഹര്‍ജിയില്‍ പറയുന്നു. ജസ്റ്റിസ് ആര്.എം.ടി. ടീക്കാ രാമന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
കൃഷ്ണയ്ക്ക് പുരസ്കാരം നല്കുന്നതിനെതിരേ നേരത്തേയും പ്രതിഷേധം ഉയര്‍ന്നിരുന്നു. സംഗീതജ്ഞരായ രഞ്ജനി- ഗായത്രിമാരും ഹരികഥ വിദ്വാന് ദുഷ്യന്ത് ശ്രീധറും പ്രതിഷേധസൂചനയായി മ്യൂസിക് അക്കാദമിയുടെ സമ്മേളനം ബഹിഷ്കരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: