ചണ്ഡീഗഢ് :തെരഞ്ഞെടുപ്പ് പ്രവചനക്കാരുടെ എല്ലാ പ്രവചനങ്ങളേയും കാറ്റില്‍ പറത്തുന്നതായിരുന്നു ഹരിയാനയിലെ ബിജെപിയുടെ ഉഗ്രവിജയം. രണ്ട് തവണ ഭരിച്ച സംസ്ഥാനത്ത് 90ല്‍ 49 സീറ്റുകളും നേടി സമഗ്രവിജയം മൂന്നാമതും നേടിയെടുക്കുക എന്ന അസാധ്യമായ വിജയമാണ് ബിജെപി സ്വന്തമാക്കിയത്.
അതിന് പിന്നില്‍ ജാട്ട് കര്‍ഷകരുടെ എതിര്‍പ്പ് ഏറ്റുവാങ്ങിയ മനോഹര്‍ ലാല്‍ ഖട്ടാര്‍ എന്ന മുഖ്യമന്ത്രിയെ ലോക് സഭയില്‍ മത്സരിപ്പിച്ച്, പകരം പിന്നാക്കകാരനായ നയാബ് സിങ്ങ് സൈനി എന്ന ക്ലീന്‍ ഇമേജുള്ള നേതാവിനെ മുഖ്യമന്ത്രിക്കസേരയില്‍ ഇരുത്തിയ ബിജെപിയുടെ തന്ത്രമാണ്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് 200 ദിവസം മുന്‍പാണ് മുഖ്യമന്ത്രിക്കസേരയിലേക്ക് പുതുമുഖമായ നയാബ് സിങ്ങ് സൈനിയെ ബിജെപി കൊണ്ടുവന്നത്. മനോഹര്‍ ലാല്‍ ഖട്ടാറിനെ കേന്ദമന്ത്രിയാക്കുകയും ചെയ്തു. ആരെയും വേദനിപ്പിക്കാത്ത മികച്ച തെരഞ്ഞെടുപ്പ് എഞ്ചിനീയറിംഗ്. അതില്‍ വിദഗ്ധരാണ് മോദിയും അമിത് ഷായും നദ്ദയും എല്ലാം. .
ഇത് തെരഞ്ഞെടുപ്പില്‍ രണ്ട് വിധത്തില്‍ ബിജെപിയെ സഹായിച്ചു. പിന്നാക്കക്കാരുടെ വോട്ടുകള്‍ കൂടുതലായി ബിജെപിയിലേക്കെത്തി. മനോഹര്‍ ലാല്‍ ഖട്ടാറെ മാറ്റിയതോടെ ജാട്ട് കര്‍ഷകര്‍ക്ക് ബിജെപിയോടുള്ള എതിര്‍പ്പ് ഇല്ലാതായി. ജാട്ട് മേഖലയിലും ബിജെപി വെന്നിക്കൊടി പാറിച്ചു. രണ്ടും ചേര്‍ന്നപ്പോഴാണ് ബിജെപിയുടെ പടയോട്ടം തന്നെയായി ഹരിയാന തെരഞ്ഞെടുപ്പ് മാറിയത്.
അഗ്നിവീര്‍ പദ്ധതിയുടെ വിജയം
മുഖ്യമന്ത്രിക്കസേരയില്‍ എത്തിയതോടെ നയാബ് സിങ്ങ് സൈനി ആദ്യം നടപ്പാക്കിയത് അഗ്നിവീര്‍ പദ്ധതി പ്രകാരം യുവാക്കള്‍ക്ക് ജോലി നല്‍കലാണ്. അഗ്നീവര്‍ പദ്ധതിയെ വിമര്‍ശിച്ചുകൊണ്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയ പ്രചാരണങ്ങളെ വെല്ലുന്ന കൗണ്ടര്‍ പ്രചാരണങ്ങളാണ് ബിജെപി അഴിച്ചുവിട്ടത്. പറഞ്ഞതുപോലെ തൊഴില്‍ നല്‍കിയതോടെ യുവാക്കള്‍ ബിജെപിയ്‌ക്കൊപ്പം നിന്നു. വെറുതെ ഭയപ്പെടുത്തുന്ന കോണ്‍ഗ്രസിനെയല്ല, ശമ്പളവും തൊഴില്‍ സ്ഥിരതയും നല്‍കിയ ബിജെപിയെ യുവാക്കള്‍ വിശ്വസിച്ചത് സ്വാഭാവികം.
വൈദ്യുതി സൗജന്യം, മെഡിക്കല്‍ പരിശോധന ഫ്രീ
മിനിമം ചാര്‍ജ്ജുള്ളവര്‍ക്ക് വൈദ്യതി സൗജന്യമാക്കി. സാധാരണക്കാരില്‍ എത്തിച്ചേര്‍ന്ന ബിജെപിയുടെ ആശ്വാസമായിരുന്നു ഇത്. അതുപോലെ പാവപ്പെട്ടവര്‍ക്ക് മെഡിക്കല്‍ പരിശോധനകള്‍ സൗജന്യമായി നല്‍കി. ഇതുവഴി പരമ്പരാഗത ജാട്ട് ഇതര വോട്ടര്‍മാരെ ബിജെപിയ്‌ക്കൊപ്പം നിര്‍ത്താനായി.
ജെജെപി ഇല്ലാതായി, ജാട്ട് മേഖലയില്‍ 70 ശതമാനം സീറ്റുകളും പിടിച്ചടക്കി ബിജെപി
ഇക്കുറി ജാട്ട് വോട്ടുകള്‍ കോണ്‍ഗ്രസ്, ജെജെപി, ഐഎൻ്‍എല്‍ഡി എന്നീ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ വീതിച്ചെടുത്തേക്കുമെന്ന കണക്കുകൂട്ടലും പിഴച്ചു. ഇക്കുറി ജാട്ട് സീറ്റുകളില്‍ 70 ശതമാനവും ബിജെപി കയ്യടക്കി. ആകെയുള്ള 33 ജാട്ട് സീറ്റുകളില്‍ 17ഉം ബിജെപി നേടി. മറ്റ് ഏഴ് സീറ്റുകളില്‍ ബിജെപി മുന്നിലാണ്. ബിജെപിയോടൊപ്പം ഭരണത്തില്‍ എത്തുകയും പിന്നീട് തെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിയെ തള്ളിപ്പറയുകയും ചെയ്ത ജെജെപി ഒന്നുമല്ലാതായി എന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം മധുരപ്രതികാരമായി. കോണ്‍ഗ്രസിന് ആകെ 14 സീറ്റുകളേ കിട്ടിയുള്ളൂ.
പട്ടികജാതി സീറ്റുകളിലും ബിജെപി തന്നെയാണ് മുന്നില്‍. 17ല്‍ 9 സീറ്റുകളും ബിജെപി കയ്യടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: