മലപ്പുറം: സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സഹോദരനെ 123 വര്‍ഷം കഠിന തടവിനും ഏഴു ലക്ഷം രൂപ പിഴ അടക്കുന്നതിനും ശിക്ഷിച്ചു. കോടതി വിധിക്ക് പിന്നാലെ പ്രതിയായ സഹോദരൻ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. പ്രതിയെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജ് അഷ്‌റഫ് എ എം ആണ് ശിക്ഷ വിധിച്ചത്. സംഭവം നടക്കുമ്പോൾ 19 വയസായിരുന്നു പ്രതിക്ക്.
2019 ലാണ് കേസിന് ആസ്പദമായ സംഭവം. അരീക്കോട് പൊലീസാണ് പ്രതിക്കെഎതിരെ കേസ് എടുത്തത്. വൈദ്യ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. പ്രായപൂര്‍ത്തിയാകാത്ത അതിജീവിത ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ചികിത്സ തേടിയ വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിക്കാത്തതിന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ഈ കേസിലെ രണ്ടാം പ്രതിയാണ്. ഇയാൾക്ക് എതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെ തുടര്‍ന്നാണ് ഒന്നാം പ്രതിക്കെതിരെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി വിധി പ്രഖ്യാപിച്ചത്.
പോക്‌സോയിലെ വിവിധ വകുപ്പുകൾ, ഐപിസി 376 , ജുവൈനൽ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരം ആണ് പ്രതിക്ക് 123 വര്‍ഷം കഠിന തടവ് വിധിച്ചത്. ഏഴു ലക്ഷം രൂപ പിഴ അടയ്‌ക്കാനും പിഴ അടച്ചില്ലെങ്കില്‍ 11 മാസം സാധാരണ തടവിനും കോടതി വിധിച്ചു.
അരീക്കോട് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍മാരായിരുന്ന എൻ വി ദാസന്‍, ബിനു തോമസ്, ഉമേഷ് എ എന്നിവരായിരുന്നു ഈ കേസിന്റെ അന്വേഷണോദ്യോഗസ്ഥര്‍. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമസുന്ദരന്‍ ഹാജരായി. കേസില്‍ പ്രോസിക്യുഷന്‍ ഭാഗം തെളിവിലേക്കായി 23 സാക്ഷികളെ വിസ്തരിച്ചിട്ടുള്ളതും 25 രേഖകള്‍ ഹാജരാക്കിയിട്ടുള്ളതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: