ശബരിമല തീര്‍ത്ഥാടനത്തില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ട് എന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സീസണ് അടുക്കുമ്പോള്‍ ഓരോരോ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരും. തീര്‍ത്ഥാടകരുടെ വരവ് വിലക്കാനുള്ള നടപടിയും പ്രചാരണവും തകൃതിയായി നടക്കും. മുല്ലപ്പെരിയാര്‍ പൊട്ടല്‍ വാര്‍ത്ത ശക്തമായി ഉയരുന്നത് മണ്ഡലകാല സീസണിലാണ്. അരവണയില്‍ പല്ലിയും ഉണ്ണിയപ്പത്തില്‍ പൂപ്പലും പമ്പാനദിയിലെ ജലത്തില്‍ വിസര്‍ജ്യത്തിന്റെ അളവ് കൂടുതലും ഒക്കെ വലിയ വാര്‍ത്തകളായി വരും. മകരവിളക്കിന്റെ ശാസ്ത്രീയതയെക്കുറിച്ചും ചര്‍ച്ചകള്‍ സജീവമാകും.
ശബരിമല വിശ്വാസികളോടു കാണിക്കുന്ന ക്രൂരതയാണിതെല്ലാം. വിശ്വാസലോപമുണ്ടാക്കി ശബരിമലയുടെ മഹത്വത്തിന് കളങ്കം ഏല്‍പ്പിക്കുക എന്ന ദീര്‍ഘകാല ആഗ്രഹത്തിന്റെ പുറത്തേക്കുവരുന്ന തെളിവുകളാണിതൊക്കെ. ഇതുകൊണ്ടൊന്നും ശബരിമല തീര്‍ത്ഥാടനത്തിലുള്ള ഭക്തജനങ്ങളുടെ വിശ്വാസം തകരുന്നതല്ല എന്ന് തുടര്‍ന്നുള്ള ഭക്തജനപ്രവാഹം തെളിയിക്കുന്നു. അതിന്റെ ഒടുവിലത്തേതാണ് ദര്‍ശനത്തിനെത്തുന്നവരുടെ എണ്ണം നിജപ്പെടുത്താനുള്ള പുതിയ തീരുമാനം. ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലെ പ്രധാന തീരുമാനം ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം നല്കിയാല് മതി എന്നതാണ്. ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ് മാത്രം മതി എന്നതാണ് മറ്റൊരു തീരുമാനം.
ഭക്തരെ പ്രവേശിപ്പിക്കുന്നത് പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കുന്നതിന് പകരം നിശ്ചിത ശതമാനം പേരെ സ്പോട്ട് എന്‍ട്രി വഴി കടത്തിവിടണം. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാന്‍ പല കാരണങ്ങള്‍ കൊണ്ടും കഴിയാത്ത ഭക്തരെ ക്യൂ വഴി പ്രവേശിപ്പിക്കണം. കഴിഞ്ഞ സീസണിലും തീര്‍ഥാടക സംഖ്യ കുറയ്ക്കാനുള്ള നീക്കം ഉണ്ടായി. ഇരുമുടിക്കെട്ടുമേന്തി ദര്‍ശനത്തിനെത്തിയ പതിനായിരങ്ങളാണ് തിരിച്ചയക്കപ്പെട്ടത്. അത് ആവര്‍ത്തിക്കാനാണ് ശ്രമം. ദര്‍ശന പുണ്യകാലത്ത് ഭക്തരെ പരിമിതപ്പെടുത്തുന്നത് ഭക്തജനങ്ങളുടെ അവകാശത്തിലും ആരാധനാ സ്വാതന്ത്ര്യത്തിലുമുള്ള ഭരണകൂടത്തിന്റെ നഗ്നമായ കൈകടത്തലാണ്.
ശബരിമലയിലെത്തുന്ന അയ്യപ്പഭക്തന്മാര്ക്ക് ദര്‍ശനം നടത്തി സമാധാനമായി തിരിച്ചുപോകാനുള്ള അവസരമാണ് ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്ന്നൊരുക്കേണ്ടത്. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ശബരിമല തീര്‍ത്ഥാടനത്തെ ഉപഭോഗ സംസ്കാരത്തിന്റെ ഭാഗമായിട്ടാണ് ഉത്തരവാദിത്തപ്പെട്ടവര്‍ ഇപ്പോള്‍ കാണുന്നത്. എരുമേലിയില്‍ കുറി തൊടുന്നതിന് പണം ഈടാക്കാനുള്ള ദേവസ്വം ബോര്‍ഡ് നീക്കം അതിന്റെ ഒടുവിലത്തെ തെളിവായിരുന്നു. തീര്‍ത്ഥാടനത്തെ കച്ചവടത്തിന്റെ ഭാഗമായി കാണുന്നത് അനുവദിക്കാനാവില്ല. ദേവസ്വം ബോര്‍ഡിന്റെ വരുമാനസ്രോതസ്സാണ് ശബരിമല എന്നത് മറക്കരുത്. ബോര്‍ഡിന്റെ കീഴിലുള്ള ആയിരത്തില്‍പരം ക്ഷേത്രങ്ങള്‍ നിലനില്ക്കുന്നതുപോലും ഇവിടത്തെ വരുമാനത്തെ ആശ്രയിച്ചാണെന്ന കാര്യവും മറക്കരുത്. അതിനാല്‍ത്തന്നെ അയ്യപ്പഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയെന്നത് ദേവസ്വം ബോര്‍ഡിന്റെ പ്രാഥമിക കടമയാണ്. ഭക്തജനങ്ങള്‍ക്ക് ഉണ്ടാവുന്ന തൃപ്തിയാണ് ഇവിടെ പ്രധാനം.
യുക്തിസഹമല്ലാത്ത വിധത്തിലും അനാവശ്യമായും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതിനെയാണ് ഹൈന്ദവ സംഘടനകള്‍ ചോദ്യം ചെയ്യുന്നത്. വിശ്വാസത്തിന്റെയും ആചാരങ്ങളുടെയുമൊക്കെ പ്രശ്നമായതിനാല്‍ നിയന്ത്രണങ്ങള്‍ എന്തൊക്കെ വേണമെന്ന കാര്യത്തില്‍ ഇത്തരം സംഘടനകളുമായി സര്‍ക്കാരിന് ആശയവിനിമയമോ ചര്‍ച്ചകളോ നടത്താവുന്നതാണ്. എന്നാല്‍ അതിനൊന്നും നില്‍ക്കാതെ ഏകപക്ഷീയമായി നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാനാവില്ല. നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ അയ്യപ്പഭക്തരെ ആചാരങ്ങള്‍ അനുഷ്ഠിക്കാനും, അങ്ങനെ തീര്‍ത്ഥാടനം സുഗമമാക്കാനുമുള്ള നടപടികള്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടാവണം.
സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മാത്രമായി നീക്കങ്ങളെ കാണാനാവില്ല. ഹിന്ദുക്കളുടെ തീര്‍ത്ഥാടന സംസ്കാരത്തെ തകര്‍ക്കാനും ഹൈന്ദവ ഏകീകരണത്തെ തടയാനുമുള്ള ആസൂത്രിത നീക്കമായിക്കൂടി ഇതിനെ കാണണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: