ജെറുസലെം: ഇസ്രയേല്‍ ഇപ്പോള്‍ നടത്തുന്നത് ഉയിര്‍ത്തെഴുന്നേല്‍പിന്റെ യുദ്ധമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. നേരത്തെ ഇരുമ്പിന്റെ വാളുകള്‍ എന്നാണ് ഈ ഏറ്റുമുട്ടലിനെ ഇസ്രയേല്‍ വിശേഷിപ്പിച്ചിരുന്നത്. ഇസ്രയേലിനെ ഹമാസ് ആക്രമിച്ചിട്ട് ഒരു വര്‍ഷം തികയുന്ന വേളയിലാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഈ അഭിപ്രായപ്രകടനം.
ഇസ്രയേല്‍ സൈനിക കേന്ദ്രം ലക്ഷ്യമിട്ട് ഹെസ്ബുള്ള
ഇതിനിടെ ഹെസ്ബുള്ള തീവ്രവാദികള്‍ ഏകദേശം 130 ഓളം റോക്കറ്റുകള്‍ തിങ്കളാഴ്ച ഇസ്രയേലിനെ ലാക്കാക്കി അയച്ചു. ഇതില്‍ ചിലത് ഇസ്രയേലിന്റെ മൂന്നാമത്തെ വലിയ നഗരമായ ഹൈഫയില്‍ വീണതായി പറയുന്നു. ഹൈഫയിലെ ഇസ്രയേലിന്റെ സൈനിക കേന്ദ്രത്തെയാണോ ഹെസ്ബുള്ള ലക്ഷ്യമിട്ടതെന്ന് സംശയിക്കുന്നു. റോക്കറ്റുകള്‍ അധികവും ഇസ്രയേല്‍ പ്രതിരോധ സംവിധാനം തകര്‍ത്തു.
ഹമാസും മിസൈലുകള്‍ തൊടുത്തു
ഹമാസ് പലസ്തീനില്‍ നിന്നും അയച്ച മിസൈലുകളില്‍ രണ്ടെണ്ണം ടെല്‍ അവീവ് എന്ന നഗരത്തില്‍ പതിച്ചതായി ഇസ്രയേല്‍. രണ്ട് പേര്‍ക്ക് പരിക്കേറ്റതായും പറയുന്നു.
പരിഭ്രാന്തി പരത്തി ഹൂതി മിസൈലുകള്‍; രണ്ടും വെടിവെച്ചിട്ടു
ലെബനനിലെ ഹൂതി തീവ്രവാദികള്‍ ഇസ്രയേലിനെ ലാക്കാക്കി രണ്ട് മിസൈലുകള്‍ അയച്ചതായും പറയുന്നു.ഇതില്‍ ഒന്ന് ടെല്‍ അവീവ് എന്ന ഇസ്രയേലിന്റെ പ്രധാനനഗരത്തെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. ഇതോടെ ടെല്‍ അവീവിലെ അപായ സൈറനുകള്‍ മുഴങ്ങിയതായും പറയുന്നു. ഈ മിസൈലുകള്‍ രണ്ടും ഇസ്രയേല്‍ വെടിവെച്ചിടുകയും ചെയ്തു. ഹമാസ് തീവ്രവാദികള്‍ ഇസ്രയേല്‍ ആക്രമിച്ച് ആയിരങ്ങളെ വധിച്ചതിന്റെ ഒന്നാം വാര്‍ഷിക ദിനമായ ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ ജനത മരിച്ചവരെ അനുസ്മരിച്ച് നഗരങ്ങളില്‍ മെഴുകുതിരികള്‍ തെളിയിച്ചു.
ബെയ്റൂട്ട് വിമാനത്താവളത്തിനടുത്തും ഇസ്രയേല്‍ ആക്രമണം
ഒക്ടോബര്‍ ഏഴിനും ഇസ്രയേല്‍ ലെബനനിലും ഗാസയിലും ശക്തമായ വ്യോമാക്രമണം തുടര്‍ന്നു. ലെബനനിലെ ബെയ്റൂട്ട് വിമാനത്താവളത്തിനടുത്ത് ശക്തമായ ആക്രമണമാണ് ഇസ്രയേല്‍ നടത്തിയത്. ഹെസ്ബുള്ള കേന്ദ്രമായ തെക്കന്‍ ലെബനനിലും ഇസ്രയേല്‍ ശക്തമായ ബോംബാക്രമണം നടത്തി. ഒരിടത്ത് പത്ത് ഫയല്‍ ഫൈറ്റര്‍മാര്‍ കൊല്ലപ്പെട്ടതായി ലെബനന്‍ ആരോഗ്യവകുപ്പ് അറിയിച്ചു. ഞായറാഴ്ച രാത്രി ഇസ്രയേല്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഇറാനെ തിരിച്ചടിക്കുമോ?
ഇസ്രയേലിനെതിരെ 180 ഓളം ബാലിസ്റ്റിക് മിസൈലുകള്‍ അയച്ച ഇറാനെതിരെ ഹമാസ് ഇസ്രയേലിനെ ആക്രമിച്ച ദിവസമായ ഒക്ടോബര്‍ ഏഴിന് തന്നെ മറുപടി കൊടുക്കുമോ എന്ന് കാത്തിരിക്കുകയാണ് ലോകം. ഇതുവരെയും ഇസ്രയേല്‍ ഒന്നും ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഹെസ്ബുള്ളയിലെയും ഹമാസിലെയും ഇറാന്റെ ഖുദ് സ് സേനയുടെയും നേതാക്കളെ ഇസ്രയേല്‍ വധിച്ചു എന്നതൊഴിച്ചാല്‍ ഇറാനെതിരെ നേരിട്ട് ഒരു ആക്രമണവും നടത്തിയിട്ടില്ല. ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയ് ഇപ്പോഴും ഒളിവില്‍ കഴിയുകയാണ്.
ഇസ്രയേല്‍ ഇറാനിലെ ആണവ കേന്ദ്രങ്ങളിലോ, എണ്ണപ്പാടങ്ങളിലോ ആക്രമണം നടത്തുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്. സാമ്പത്തികമായി ഇറാനെ തകര്‍ക്കുക വഴി പകരം വീട്ടുകയാണ് ഇസ്രയേല്‍ ലക്ഷ്യമെന്ന് പറയുന്നു. പക്ഷെ ആ ആക്രമണദിനം എന്നാണെന്ന് ഇതുവരെയും ഇസ്രയേല്‍ പുറത്തുവിട്ടിട്ടില്ല.
എന്തായാലും ഇസ്രയേലിനെ കാര്യമായി പരിക്കേല്‍പിക്കാവുന്ന തരത്തിലുള്ള ഒരു ആക്രമണം നടത്താന്‍ ഇറാനോ ഹെസ്ബുള്ള തീവ്രവാദികള്‍ക്കോ, ഹമാസ് തീവ്രവാദികള്‍ക്കോ ഹൂതി റെബലുകള്‍ക്കോ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: