കോഴിക്കോട് : തന്നെ സൂപ്പര്‍ സ്റ്റാര്‍ എന്ന് ആദ്യം വിളിച്ചത് ഗംഗാധരേട്ടനെന്ന് സിനിമാതാരവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. തനിക്ക് സൂപ്പർ സ്റ്റാർ എന്ന ഖ്യാതി ആദ്യം നൽകിയത് നിർമാതാവ് പി.വി. ഗംഗാധരനാണ്, അന്ന് മുതൽ തന്റെ ജീവിതത്തിന്റെ ആരംഭിച്ചെന്നും സുരേഷ് ഗോപി പറഞ്ഞു.
പി.വി. ഗംഗാധരന്റെ ഒന്നാം അനുസ്മരണ ചടങ്ങിൽ സംസാരിക്കുക ആയിരുന്നു നടൻ. വടക്കൻ വീരഗാഥ നടപ്പാക്കിയെടുക്കാൻ തന്റെ ആയുസ്സിന്റെ പകുതിയും ഉപയോഗിച്ച നിർമാതാവാണ് അദ്ദേഹമെന്നും സുരേഷ് ഗോപി പറഞ്ഞു.
വഴിത്തിരിവായി ഏകലവ്യന്‍
‘ഏകലവ്യന്‍’ എന്ന സിനിമ നിര്‍മ്മിക്കുമ്പോള്‍ അദ്ദേഹം എന്റെ അടുത്ത് വന്ന് പറഞ്ഞത്, ‘നിനക്ക് ഒരു പക്ഷേ വടക്കൻ വീരഗാഥ പല കാരണങ്ങൾ കൊണ്ടും ലഭിക്കാതെ പോയിട്ടുണ്ടെങ്കിൽ, അതിന് പ്രായശ്ചിത്തവും പരിഹാരവും എന്ന നിലയ്‌ക്കായിരിക്കണം ഏകലവ്യൻ’, എന്നാണ്. പടത്തിന്റെ റിലീസിന് തലേദിവസം അദ്ദേഹം എന്നെ വിളിച്ച് പറഞ്ഞു, ‘ചിത്രത്തിന്റെ ഇരുപത്തിയഞ്ചാമത്തെ ദിവസത്തിൽ വരേണ്ട പരസ്യ വാചകം ഇപ്പോഴേ എന്റെ മനസിൽ ഉണ്ട്’ എന്ന്.- സുരേഷ് ഗോപി പറഞ്ഞു.
‘ഏകലവ്യന്‍ റിലീസാകുമ്പോള്‍ ഹോട്ടലിൽ ബില്ലടക്കാൻ പറ്റാത്തത് കൊണ്ട് ഞങ്ങളെ വിടാതെ വച്ചിരിക്കുകയായിരുന്നു’ .
ആ സമയത്ത് ഞാൻ ഗോവയിൽ ആയിരുന്നു. പാമരം എന്ന സിനിമയുടെ ഷൂട്ടിനായി. ഏകലവ്യൻ റിലീസ് ആയതിന്റെ തലേദിവസം നിന്നു പോയൊരു സിനിമ ആയിരുന്നു അത്. ആ വേദനയിൽ ഹോട്ടലിൽ കിടക്കുമ്പോഴായിരുന്നു അദ്ദേഹം വിളിച്ചത്. ഹോട്ടലിൽ ബില്ലടക്കാൻ പറ്റാത്തത് കൊണ്ടും പ്രൊഡ്യൂസർ മുങ്ങിയത് കൊണ്ടും ഞങ്ങളെ അവിടെന്ന് വിടാതെ വച്ചിരിക്കുകയാണ്. ഏകലവ്യന്റെ ആ സുഖം അനുഭവിക്കാൻ ആദ്യ മൂന്ന് ദിവസം എനിക്ക് സാധിച്ചിട്ടില്ല. ഏകലവ്യൻ റിലീസ് ചെയ്ത് കഴിഞ്ഞ ശേഷം പത്രത്തിലെ തലവാചകം ഇങ്ങനെയായിരുന്നു ‘സുരേഷ് ഗോപി, സൂപ്പർ സ്റ്റാർ…’. എന്റെ ജീവിതം ആയിരുന്നു അവിടെ ആരംഭിച്ചത്. -സുരേഷ് ഗോപി പറഞ്ഞു.
ഗംഗാധരേട്ടന്‍ തന്റെ ആയുസ്സിന്റെ പാതി നല്‍കി നിര്‍മ്മിച്ച സിനിമയാണ് ‘ഒരു വടക്കന്‍ വീരഗാഥ’
തിയറ്ററിൽ പോയി സിനിമ കാണാൻ സ്വാതന്ത്ര്യം കിട്ടുന്ന വർഷം 1976 ആണ്. പ്രീ ഡിഗ്രി കാലഘട്ടമായിരുന്നു അത്. ആ സമയത്താണ് സുജാത എന്ന ചിത്രം അദ്ദേഹം നിർമിക്കുന്നത്. സ്ട്രെസും കാര്യങ്ങളുമെല്ലാം പല സമയങ്ങളിലും എപ്പോഴെങ്കിലുമൊക്കെ നിർമാതാക്കളിൽ തിളച്ച് മറിഞ്ഞ് വരാറുണ്ട്. പക്ഷേ അദ്ദേഹത്തെ ദേഷ്യപ്പെട്ട് ഞാൻ കണ്ടിട്ടേ ഇല്ല. മുഖം ചുളുങ്ങി കണ്ടിട്ടില്ല. അത്തരം നിർമാതാക്കൾ മലയാള സിനിമയിൽ വളരെ വിരളമാണ്. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് അദ്ദേഹമൊരു അപൂർവ്വ ഗംഗാപ്രവാഹം ആണെന്ന്. വടക്കൻ വീരഗാഥ നടപ്പാക്കിയെടുക്കാൻ അദ്ദേഹം തന്റെ ആയുസിന്റെ പകുതിയും ഉപയോഗിച്ചിട്ടുണ്ട്. നിർമാതാവ് എന്ന നിലയ്‌ക്ക് മാത്രമായിരുന്നില്ല അത്. ഒരു കലാപ്രേമിയുടെ ഹൃദയ പങ്കാളിത്തം കൂടിയായിരുന്നു അത്. വടക്കൻ വീരഗാഥ മലയാളത്തിലെ ബെസ്റ്റ് ചരിത്ര സിനിമയാണ്. തെന്നിന്ത്യയിലെ, ഇന്ത്യയിലെ എന്ന് വേണമെങ്കിൽ പറയാനാകും. – സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: