കൊച്ചി : മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ്, സി.ഐ വിനോദ് എന്നീ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ വീട്ടമ്മയുടെ ലൈംഗിക പരാതിയില്‍ കഴമ്പില്ലെന്നും കള്ളപ്പരാതിയാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പരാതിക്കാരിയുടെ മൊഴികള്‍ പരസ്പരവിരുദ്ധമാണെന്നും പരാതിക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കേസെടുക്കാനുള്ള തെളിവില്ല. സംഭവം നടന്ന സ്ഥലങ്ങള്‍, തീയതി എന്നിവയില്ലെല്ലാം പരാതിക്കാരിയുടെ മൊഴികള്‍ പരസ്പര വിരുദ്ധമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥരുടെ സിഡിആര്‍ അടക്കമുള്ളവ പരിശോധിച്ചു. വ്യാജപ്പരാതിയില്‍ കേസെടുത്താല്‍ ഉദ്യോഗസ്ഥരുടെ മനോവീര്യം തകരുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ബലാത്സംഗ പരാതി നല്‍കിയിയിട്ടും പോലീസ് കേസെടുക്കില്ലെന്നാരോപിച്ച് വീട്ടമ്മ നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നടപടി. പരാതിക്കാരിയുടെ ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയ തന്നെ മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ്, പൊന്നാനി മുന്‍ സി.ഐ വിനോദ് എന്നിവര്‍ പീഡിപ്പിച്ചെന്നും തിരൂര്‍ മുന്‍ ഡി.വൈ.എസ്.പി വി.വി ബെന്നി ഉപദ്രവിച്ചെന്നുമാണ് യുവതിയുടെ പരാതി.
2022ലാണ് പീഡനം നടന്നതെന്ന് പരാതിയില്‍ പറയുന്നു. ആദ്യം പരാതി നല്കിയ പൊന്നാനി സി.ഐ വിനോദാണ് ആദ്യം വീട്ടിലെത്തി ബലാത്സംഗം ചെയ്തത്. ഈ പരാതി ഡി.വൈ.എസ്.പി ബെന്നിക്ക് കൈമാറിയെന്നും എന്നാല്‍, ബെന്നിയും വീട്ടിലെത്തി ഉപദ്രവിച്ചതായും ഇവര്‍ പറയുന്നു. പരിഹാരം ഇല്ലാത്തതിനാല്‍ മലപ്പുറം എസ്.പിയെ കണ്ടുവെന്നും എന്നാല്‍ സുജിത് ദാസും തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും യുവതി പറഞ്ഞു. തന്റെ പരാതിയില്‍ ഒരു നടപടിയും ഉണ്ടായില്ലെന്നും വീട്ടമ്മ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: