India

ഹിജാബ് ധരിക്കുന്ന മുസ്‌ളീം വിദ്യാര്‍ത്ഥിനികള്‍ക്ക് മാത്രമായി കോളേജുകള്‍ തുടങ്ങാന്‍ കര്‍ണാടക

Published by

ബംഗളൂരു: ഹിജാബ് വിട്ടൊരു കളിയില്ല. ഹിജാബ് ധരിക്കണമെന്ന് നിര്‍ബന്ധിച്ചാല്‍ പഠനം നിര്‍ത്തുക തന്നെ. എന്നാല്‍ ഇത്തരക്കാരെ പഠിപ്പിക്കാന്‍ കോളേജ് തുടങ്ങുകയാണ് കര്‍ണാടക. ഹിജാബ് നിരോധനത്തെ തുടര്‍ന്ന് പഠനം നിര്‍ത്തിയ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വഖഫ് ബോര്‍ഡ് വക വനിതാ കോളേജുകള്‍ തുടങ്ങാനാണ് പദ്ധതി.

ന്യൂനപക്ഷ ക്ഷേമ വകുപ്പിനാണ് കോളേജുകളുടെ നടത്തിപ്പ്. ബെംഗളൂരു, മൈസൂരു, ബാഗല്‍കോട്ട്, ചിത്രദുര്‍ഗ എന്നിവ ഉള്‍പ്പെടുന്ന ജില്ലകളിലാണ് തുടക്കമിടുക. 15 കോളേജുകള്‍ക്ക് പ്രതീകാത്മകമായി ന്യൂനപക്ഷ ക്ഷേമമന്ത്രി തറക്കല്ലിട്ടു. സര്‍ക്കാര്‍ ഈ പദ്ധതിക്കായി 47.76 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

സ്‌കൂള്‍ യൂണിഫോമിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സ്‌കൂള്‍ അഡ്മിനിസ്ട്രേറ്റര്‍മാര്‍ നിഷ്‌കര്‍ഷിച്ചതിനെത്തുടര്‍ന്ന് ഹിജാബ് ധരിച്ചതിന്റെ പേരില്‍ നിരവധി മുസ്ലിം വിദ്യാര്‍ത്ഥിനികളെ ക്ലാസുകളില്‍ നിന്ന് വിലക്കിയതാണ് ഹിജാബ് വിവാദത്തിന് കാരണമായത്.

മതസ്വാതന്ത്ര്യം ചൂണ്ടിക്കാട്ടി ഹിജാബ് ഉപേക്ഷിക്കാന്‍ തയ്യാറാകാഞ്ഞതിനെത്തുടര്‍ന്ന് സ്ഥിതിഗതികള്‍ വഷളായതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രധാരണം നിരോധിച്ചുകൊണ്ട് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കി. കര്‍ണാടക ഹൈക്കോടതി ഈ നിരോധനത്തെ പിന്തുണച്ചു.

ഹിജാബ് നിരോധനം കാരണം കുറഞ്ഞത് 1,000 മുസ്ലീം പെണ്‍കുട്ടികളെങ്കിലും പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകളില്‍ നിന്ന് പിന്‍മാറിയെന്നാണ് റിപ്പോര്‍ട്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by