Kerala

കരുവന്നൂര്‍: പുതിയ തട്ടിപ്പ് കണ്ടെത്തിയത് കഴിഞ്ഞ വര്‍ഷം: സിപിഎംഅറിവോടെയെന്ന് സൂചന

Published by

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിനെ രക്ഷിക്കാന്‍ ലഭ്യമാക്കിയ ഫണ്ടില്‍ നിന്നും ഒരു കോടിയിലേറെ വെട്ടിച്ചത് കണ്ടെത്തിയത് 2023 നവംബറില്‍ ഇരിങ്ങാലക്കുട യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ നടത്തിയ പരിശോധനയില്‍. ക്രമക്കേട് അനുവദിക്കാനാവില്ല എന്നും പണം ബാങ്കിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്ന് നിര്‍ദേശിച്ചെങ്കിലും അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി സമ്മതിച്ചില്ല.

തുടര്‍ന്ന് ക്രമക്കേട് സംബന്ധിച്ച റിപ്പോര്‍ട്ട് ജോയിന്റ് രജിസ്ട്രാറുടെ മുന്നിലെത്തി. ഇതോടെ ഇനിയുള്ള ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ ജീവനക്കാരില്‍ നിന്ന് അധികം കൈപ്പറ്റിയ തുക തിരിച്ചുപിടിക്കാന്‍ ജോയിന്റ് രജിസ്ട്രാര്‍ നിര്‍ദേശം നല്കിയിരിക്കുകയാണ്. എന്നാല്‍ ഇത്രയും തുക തിരിച്ചുപിടിക്കാന്‍ ഇനി എത്രകാലം വേണ്ടിവരും എന്ന ചോദ്യം ബാക്കിയാണ്.

ഇതിന് പുറമേ നേരത്തെ വ്യാജവായ്പ തട്ടിപ്പ് കേസില്‍ കുറ്റക്കാര്‍ എന്ന് കണ്ടു സസ്‌പെന്‍ഡ് ചെയ്തവര്‍ക്ക് ഇതുവരെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കാത്തതിനാല്‍ ഇപ്പോള്‍ ബാങ്ക് മുഴുവന്‍ ശമ്പളവും നല്‌കേണ്ട സാഹചര്യമാണ്. അവര്‍ക്കും ഈ റിസ്‌ക് ഫണ്ടില്‍ നിന്ന് ശമ്പളം നല്കുകയാണ്. ഫലത്തില്‍ ബാങ്കിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ഫണ്ടില്‍ നിന്ന് പ്രതികളായവര്‍ക്ക് ശമ്പളം നല്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

സസ്‌പെന്‍ഷനിലായവരുള്‍പ്പെടെ ജീവനക്കാരും അഡിമനിസ്‌ട്രേറ്റീവ് കമ്മിറ്റിയും പൂര്‍ണമായും സിപിഎം നിയന്ത്രണത്തിലാണ്. പാര്‍ട്ടിയുടെ താത്പര്യപ്രകാരമാണ് ഈ ക്രമക്കേട് തുടരുന്നതെന്നാണ് വിവരം. ക്രമക്കേടിന് നേതൃത്വം നല്കിയ അഡിമിനിസ്‌ട്രേറ്ററെ മാസങ്ങള്‍ക്കു മുമ്പ് സ്ഥാനക്കയറ്റത്തോടുകൂടി മറ്റൊരു തസ്തികയിലേക്ക് മാറ്റി നിയമിക്കുകയും ചെയ്തു. എന്‍ജിഒ യൂണിയന്‍ നേതാവാണ് ഇദ്ദേഹം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by