ചെന്നൈ: 92-ാം വ്യോമസേനാ ദിനത്തിന്റെ ഭാഗമായി ചെന്നൈയിലെ മറീന ബീച്ചില്‍ സംഘടിപ്പിച്ച എയര്ഷോ ലിംക ബുക് ഓഫ് റിക്കാര്‍ഡ്സില്‍. പതിമൂന്ന് ലക്ഷത്തിലധികം പേരാണ് ഇത്തവണത്തെ എയര്ഷോ കാണാനെത്തിയത്. ഇതാദ്യമായാണ് ഇത്രയധികം പേര് ഒരു എയര്‍ഷോയുടെ കാഴ്ചക്കാരാകുന്നത്. ഇതോടെ ഏറ്റവുമധികം കാഴ്ചക്കാരെ നേടി എയര്ഷോ ലിംക ബുക് ഓഫ് റിക്കാര്‍ഡ്സില്‍ ഇടം നേടി.
ഇന്നലെ രാവിലെ 11ന് ആരംഭിച്ച എയര്‍ഷോയില്‍ റഫാല്‍, സുഖോയ്, മിഗ്, പ്രചണ്ഡ്, തേജസ് തുടങ്ങി 72 വിമാനങ്ങളാണ് ഭാഗമായത്. സൂര്യകിരണ്‍, സാരംഗ് ഹെലികോപ്ടറുകളും വിസ്മയം തീര്‍ത്തു. എയര്ഷോ കണക്കിലെടുത്ത് 6,500 പോലീസുദ്യാഗസ്ഥരെയും 1,500 ഹോംഗാര്ഡുകളെയുമാണ് നഗരത്തില്‍ വിന്യസിച്ചിരുന്നത്.
വ്യോമസേന മേധാവി എയര്‍മാര്‍ഷല്‍ അമര്‍ പ്രീത് സിങ്, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 2003 സപ്തംബറിലാണ് ഇതിന് മുമ്പ് ചെന്നൈയില്‍ എയര്ഷോ സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: