ന്യൂദല്‍ഹി: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്സു ഔദ്യോഗിക സന്ദര്‍ശനത്തിനായി ദല്‍ഹിയിലെത്തി. നാലു ദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി മുയ്സു കൂടിക്കാഴ്ച നടത്തും.
നാലു മാസത്തിനിടെ മുയ്സുവിന്റെ രണ്ടാമത്തെ ഭാരത സന്ദര്‍ശനമാണിത്. പ്രധാനമന്ത്രിയുമായി ഉഭയകക്ഷി, പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. ദല്‍ഹിക്കുപുറമെ വാണിജ്യപരമായ ചര്‍ച്ചകള്‍ക്കായി മുംബൈ, ബെംഗളൂരു എന്നിവിടങ്ങളും മുയ്സു സന്ദര്‍ശിക്കും.
പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചകള്‍ക്ക് മുന്നോടിയായി മുയ്സു കേന്ദ്രവിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ദല്‍ഹിയില്‍ വിമാനമിറങ്ങി മണിക്കൂറുകള്‍ക്കകമായിരുന്നു കൂടിക്കാഴ്ച. മുയ്സുവുമായി കൂടിക്കാഴ്ച നടത്തിയതില്‍ സന്തോഷമുണ്ടെന്ന് എസ്. ജയശങ്കര്‍ എക്സില്‍ കുറിച്ചു. ഭാരതം-മാലദ്വീപ് ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ അഭിനന്ദിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം നടത്തുന്ന ചര്‍ച്ചകള്‍ നമ്മുടെ സൗഹൃദ ബന്ധത്തിന് പുതിയ ഉണര്‍വ് നല്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ജയശങ്കര്‍ മുയ്‌സുവുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം എക്സില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജൂണില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ മാലദ്വീപ് പ്രസിഡന്റ് പങ്കെടുത്തിരുന്നു. പ്രഥമ വനിത സാജിദയും മുഹമ്മദിനെ അനുഗമിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: