ടെല്‍ അവീവ്: ഇസ്രയേലില്‍ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തിന് ഇന്ന് ഒരുവര്‍ഷം. ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികവേളയില്‍ ലോകം വലിയ ആശങ്കയിലാണ്. ഇസ്രയേലിന്റെ ഇന്നത്തെ പ്രതികരണം എന്തായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പുറത്തുവരുന്ന സൂചനകളനുസരിച്ച് ഹമാസ്, ഹിസ്ബുള്ള ഭീകരര്‍ക്കെതിരെയും ഇവരെ പിന്തുണയ്ക്കുന്ന ഇറാനുമെതിരെ അതിരൂക്ഷമായ തിരിച്ചടി തന്നെ നല്‍കുമെന്നാണ് ലോകരാഷ്ട്രങ്ങള്‍ വിലയിരുത്തുന്നത്.
ഇറാന്റെ ആണവനിലയങ്ങള്‍ക്കും എണ്ണ ശുദ്ധീകരണ ശാലകള്‍ക്കും നേരെ ഇസ്രയേല്‍ ആക്രമണം നടത്തിയേക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിടരുതെന്നും പകരം ബദല്‍ മാര്‍ഗം സ്വീകരിക്കണമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇസ്രയേല്‍ തീര്‍ച്ചയായും ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കണമെന്നും പിന്നീട് സംഭവിക്കുന്നതിനെ അപ്പോള്‍ നേരിടാമെന്നുമാണ് മുന്‍ യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശിച്ചത്. എന്തായിരിക്കും സംഭവിക്കുകയെന്ന ആശങ്ക വ്യാപകമാണ്. മറ്റൊരു ലോകയുദ്ധത്തിലേക്ക് സ്ഥിതിഗതികള്‍ പോകുമോയെന്ന് ഏവരും ഭയപ്പെടുന്നു.
ഇസ്രയേലുകാരും വിദേശികളുമായി 1200 പേരെ അന്ന് ഹമാസ് ഭീകരര്‍ വധിച്ചിരുന്നു. 250 പേരെ തട്ടിക്കൊണ്ടുപോയി. സ്ത്രീകളെ നഗ്നയാക്കി കെട്ടിവലിക്കുന്നതും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഏവരെയും കരളലിയിക്കുന്നതുമായിരുന്നു. ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രഹസ്യാന്വേഷണ വീഴ്ചയായിരുന്നു അന്ന് സംഭവിച്ചത്. ലോകത്തെ ഏറ്റവും മികച്ച രഹസ്യാന്വേഷണവിഭാഗമെന്ന് പ്രസിദ്ധമായ മൊസാദ് നാണംകെടുകയും ചെയ്തു.
അപ്രതീക്ഷിത തിരിച്ചടിയുടെ ഞെട്ടലില്‍ നിന്നും തിരിച്ചെത്തിയ ഇസ്രയേല്‍ ഭീകരതയ്ക്കെതിരെ നീണ്ടയുദ്ധം ആരംഭിക്കുകയാണെന്ന് പ്രഖ്യാപിച്ചു. തുടര്‍ന്ന് ഗാസയിലും ലെബനനിലും ഇറാനിലും ആക്രമണം നടത്തുന്നതോടൊപ്പം ഭീകര നേതാക്കളെ തെരഞ്ഞുപിടിച്ച് വധിക്കുകയായിരുന്നു. പേജര്‍, വാക്കിടോക്കി സ്ഫോടനങ്ങളിലൂടെ ഭീകരര്‍ പിടഞ്ഞുവീണ് മരിക്കുന്നത് ലോകം ഞെട്ടലോടെയാണ് കണ്ടത്. അതുവരെ ആരും പ്രയോഗിക്കാത്ത തന്ത്രമായിരുന്നു അത്. ഭീകരരെ മുച്ചൂടം തകര്‍ത്ത് ഇസ്രയേല്‍ അന്തിമ വിജയത്തിലേക്ക് നീങ്ങുന്ന അവസരത്തിലാണ് ഒന്നാംവാര്‍ഷികമെത്തിയിരിക്കുന്നത്. ഭീകരരെ സംബന്ധിച്ചിടത്തോളം ഇത് കാളരാത്രി തന്നെയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ഹമാസ് ഭീകരരെ തകര്‍ത്തെറിഞ്ഞ നഗരങ്ങളിലൊന്നായ എസ്ദേറോത്തില്‍ നടക്കുന്ന അനുസ്മരണച്ചടങ്ങിന് പ്രസിഡന്റ് ഐസക് ഹെര്‍സോഗ് നേതൃത്വം നല്‍കും. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യും. നൂറുകണക്കിനുപേര്‍ക്ക് ജീവന്‍നഷ്ടമായ നോവ സംഗീതോത്സവം നടന്ന റെയിം കിബുത്സിലും അനുസ്മരണച്ചടങ്ങുകള്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: