മുംബൈ: ഹൈബോക്സ് മൊബൈല്‍ ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട കേസില്‍ നടി റിയ ചക്രബര്‍ത്തി, ഹാസ്യ താരം ഭാരതി സിങ്, അവരുടെ ഭര്‍ത്താവ് ഹര്‍ഷ് ലിമ്പാചിയ എന്നിവര്‍ക്ക് സമന്‍സ്. 500 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പൊണ് ദല്‍ഹി പോലീസ് ഇവര്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. യൂട്യൂബര്‍ എല്‍വിഷ് യാദവ് ഉള്‍പ്പെടെ നിരവധി സാമൂഹിക മാധ്യമ ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ട്.
ഇവരുടെ സ്വാധീനത്താല്‍ പണം നിക്ഷേപിച്ച് തട്ടിപ്പിനിരയായെന്ന പരാതിയെ തുടര്‍ന്നാണു ദല്‍ഹി പോലീസ് അന്വേഷണം ആരംഭിച്ചത്. ഒരു മാസത്തിനുള്ളില്‍ 30 മുതല്‍ 90 ശതമാനം വരെ പ്രതിദിന വരുമാനം ഉറപ്പുനല്‍കിയാണ് ആപ്പ് പ്രവര്‍ത്തിച്ചിരുന്നതെന്നു ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ ഹേമന്ത് തിവാരി അറിയിച്ചു.
2024 ഫെബ്രുവരിയിലാണു ഹൈബോക്സ് ആപ്ലിക്കേഷന്‍ പുറത്തിറങ്ങിയത്. 30,000 ത്തിലധികം ആളുകളാണ് ഇതുവരെ തട്ടിപ്പിനിരയായത്. പിന്നീട് സാങ്കേതിക തകരാറുകള്‍, ജിഎസ്ടി പ്രശ്നങ്ങള്‍, നിയമപരമായ പ്രശ്നങ്ങള്‍ മുതലായവ ചൂണ്ടിക്കാട്ടി ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. തട്ടിപ്പിലെ മുഖ്യപ്രതി ചെന്നൈ സ്വദേശി ശിവറാം (30) നേരത്തെ അറസ്റ്റിലായി.
നടി റിയ ചക്രബര്‍ത്തി, യൂട്യൂബര്‍മാരായ സൗരവ് ജോഷി, അഭിഷേക് മല്‍ഹാന്‍, പുരവ് ഝാ, എല്‍വിഷ് യാദവ്, ഭാരതി സിങ്, ഹര്‍ഷ് ലിംബാച്ചിയ, ലക്ഷയ് ചൗധരി, ആദര്‍ശ് സിങ്, അമിത്, ദില്‍രാജ് സിങ് റാവത്ത് എന്നിവരാണ് ആപ്പ് പ്രചരിപ്പിച്ചത്. ആര്‍ബിഐയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ആപ് നിര്‍മാതാക്കള്‍ പാലിച്ചിട്ടില്ലെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: