ലഖ്നൗ : പ്രയാഗ്‌രാജിലെ മഹാകുംഭമേളയുടെ ഒരുക്കങ്ങൾ അവലോകനം ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഞായറാഴ്ച പ്രയാഗ്‌രാജിൽ സന്ദർശനം നടത്തിയ അദ്ദേഹം അവിടെ പൂജ നടത്തുകയും മഹാകുംഭ് 2025 ന്റെ ലോഗോ പ്രകാശനം ചെയ്യുകയും അതിന്റെ വെബ്‌സൈറ്റും ആപ്പും ലോഞ്ച് ചെയ്യുകയും ചെയ്തു.
സന്ദർശന വേളയിൽ യോഗി കുംഭമേളയുടെ ഒരുക്കങ്ങളുടെ പുരോഗതി ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുകയും പ്രധാന സ്ഥലങ്ങളിൽ സ്ഥലപരിശോധന നടത്തുകയും ചെയ്തു. 2025 ജനുവരി 14 മുതൽ ഫെബ്രുവരി 26 വരെയാണ് മഹാ കുംഭമേള നടക്കുക. അതേ സമയം ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്.
ഉത്സവത്തിൽ പങ്കെടുക്കുന്ന വിനോദസഞ്ചാരികൾക്കും ഭക്തർക്കും മെച്ചപ്പെട്ട സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതിനായി പ്രധാന റൂട്ടുകളിലെ ധാബകൾ, റെസ്റ്റോറൻ്റുകൾ, ഹോട്ടലുകൾ എന്നിവയുടെ പരിവർത്തനത്തിന് സബ്‌സിഡി നൽകുമെന്ന് നേരത്തെ ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ചിരുന്നു.
“ഷാഹി സ്നാൻ” (രാജകീയ സ്നാനം) എന്നറിയപ്പെടുന്ന പ്രധാന സ്നാന ഉത്സവം ജനുവരി 14 (മകര സംക്രാന്തി), ജനുവരി 29 (മൗനി അമാവാസി), ഫെബ്രുവരി 3 (ബസന്ത് പഞ്ചമി) എന്നീ തീയതികളിൽ നടക്കും. കുംഭമേളയിൽ സനാതൻ ഇതര മതസ്ഥരെ അനുവദിക്കില്ലെന്ന് ജുന അഖാരയുടെ തലവൻ മഹന്ത് ഹരി ഗിരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇത് സനാതനികളുടെ മേളയാണെന്ന് ഗിരി പറഞ്ഞു.
സനാതന ധർമ്മത്തിൽ അർപ്പണബോധമുള്ളവരും സംഭാവന നൽകാൻ ആഗ്രഹിക്കുന്നവരും മേളയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവരും മാത്രമേ വരാൻ അനുവദിക്കൂ. പല സാഹചര്യങ്ങളിലും, സനാതനല്ലാത്ത ആളുകൾ മേളയിൽ പ്രവേശിക്കുന്നത് മുഴുവൻ സംഭവത്തെയും നശിപ്പിക്കുന്നു. മേളയുടെ സുരക്ഷയിൽ ആശങ്കയിലാണ് അഖാര പരിഷത്തെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ഇവിടെ വരുന്ന എല്ലാ ആളുകളെയും അവരുടെ ആധാർ കാർഡ് പരിശോധിച്ച ശേഷം മാത്രമേ ചടങ്ങിലേക്ക് പ്രവേശിക്കാൻ അനുവദിക്കൂവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഉത്തർപ്രദേശ് സർക്കാർ മഹാകുംഭിലും പരിസരങ്ങളിലും മാംസവും മദ്യവും നിരോധിക്കുകയും നിരീക്ഷിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക