കൊൽക്കത്ത : തൃണമൂൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസ്. കുറ്റക്കാർക്കെതിരെ യഥാസമയം നടപടിയെടുക്കാത്തതാണ് സംസ്ഥാനത്ത് ബലാത്സംഗ കേസുകൾ വർധിക്കാൻ കാരണമെന്ന് ബോസ് ആരോപിച്ചു.
സൗത്ത് 24 പർഗാനാസ് ജില്ലയിലെ ജയ്‌നഗർ പ്രദേശത്ത് 10 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് ബോസിന്റെ പരാമർശം.
യഥാസമയം നടപടിയില്ലാത്തതിനാൽ ബലാത്സംഗ കേസുകൾ സംസ്ഥാനത്ത് വർധിച്ചുവരികയാണ്. ആർജി കർ മെഡിക്കൽ കോളേജിൽ നടന്ന ബലാത്സംഗവും കൊലപാതകവും പശ്ചിമ ബംഗാൾ ഗവൺമെൻ്റ് കാര്യക്ഷമമായി കൈകാര്യം ചെയ്യാത്തത് സംസ്ഥാനത്ത് ആവർത്തിക്കപ്പെടുന്ന മറ്റ് ക്രൂരമായ സംഭവങ്ങൾക്ക് ഒരു കാരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലെ ഇപ്പോഴത്തെ സർക്കാരിന് കീഴിൽ അക്രമത്തിന് ശമനമില്ലെന്ന് തോന്നുന്നു.
കൂടാതെ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് കുറ്റവാളികൾക്കെതിരെ നിർണായകമായ നടപടി ഇല്ലാത്ത പക്ഷം അത് സംസ്ഥാനത്ത് ബലാത്സംഗവും അക്രമവും പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശനിയാഴ്ച ജയ്‌നഗറിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ പോലീസ് ഔട്ട്‌പോസ്റ്റ് കത്തിക്കുകയും വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു. അതേ സമയം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: