India

ജാനി മാസ്റ്റര്‍ക്ക് പ്രഖ്യാപിച്ച ദേശീയ അവാര്‍ഡ് റദ്ദാക്കിയതായി കേന്ദ്ര സര്‍ക്കാര്‍

Published by

ഹൈദരാബാദ്: തെലുങ്ക് കൊറിയഗ്രാഫർ ഷൈഖ് ജാനി ബാഷ എന്ന ജാനി മാസ്റ്റര്‍ക്ക് പ്രഖ്യാപിച്ച ദേശീയ അവാര്‍ഡ് റദ്ദാക്കിയതായി കേന്ദ്ര സര്‍ക്കാര്‍. സഹപ്രവര്‍ത്തകയായ 21-കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായതിലാണ് അവാര്‍ഡ് റദ്ദാക്കിയത്. ‘മേഘം കറുക്കാത’ എന്ന ചിത്രത്തിലെ ‘തിരുചിത്രമ്പലം’ പാട്ടിന്റെ നൃത്തസംവിധാനത്തിനാണ് ജാനി മാസ്റ്റര്‍ക്ക് ദേശിയ അവാര്‍ഡ് ലഭിച്ചത്.

ഷൈഖ് ജാനി ബാഷയ്‌ക്കെതിരേ ഉയര്‍ന്നിട്ടുള്ള ആരോപണത്തിന്റെ ഗൗരവവും നടപടികളും കണക്കിലെടുത്ത് അദ്ദേഹത്തിന് പ്രഖ്യാപിച്ച 2022-ലെ മികച്ച നൃത്തസംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം റദ്ദാക്കാന്‍ തീരുമാനിച്ചതായി ഇന്‍ഫര്‍മേഷന്‍ ആന്‍ ബ്രോഡ്കാസ്റ്റിങ് മന്ത്രാലയും നാഷണല്‍ ഫിലിം അവാര്‍ഡ് സെല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ഇതിനൊപ്പം ഒക്ടോബര്‍ എട്ടിന് ന്യുഡല്‍ഹിയില്‍ നടക്കുന്ന ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിനുള്ള അദ്ദേഹത്തിന്റെ ക്ഷണം പിന്‍വലിച്ചതായും മന്ത്രാലയം അറിയിച്ചു.

എന്നാല്‍, ദേശീയ അവാര്‍ഡ് ദാനചടങ്ങില്‍ പങ്കെടുക്കുന്നതിനായി കഴിഞ്ഞ ദിവസം ജാനി മാസ്റ്റര്‍ ഇടക്കാല ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ഇതിനുപിന്നാലെയാണ് ഐ ആന്‍ഡ് ബി മന്ത്രാലയത്തിന്റെ അറിയിപ്പ് പുറത്തുവരുന്നത്.

ഷെയ്ക് ജാനി ബാഷ എന്ന യഥാർത്ഥ പേര് ജാനി മാസ്റ്റര്‍ 21 കാരിയായ പെണ്‍കുട്ടിയെ വർഷങ്ങളായി ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണത്തെ  തുടർന്നാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുമ്പോൾ കുറ്റം ആരോപിക്കപ്പെടുന്ന സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് വെളിപ്പെട്ടു. ഇതോടെ 2012-ലെ പോക്സോ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by