ഡോ.സുകുമാര്‍ കാനഡ
ഉത്തര ഭാരതത്തില്‍, പ്രത്യേകിച്ച് ബംഗാളിലെ കല്‍ക്കട്ടയില്‍ നവരാത്രി പൂജയ്ക്കുള്ള ഒരുക്കങ്ങളാണെങ്ങും. ഇക്കൊല്ലം നവരാത്രിയുടെ ഒന്നാം ദിവസം തന്നെ കാളീഘട്ടിലെ ഏറ്റവും പ്രധാനപ്പെട്ട കാളീക്ഷേത്രത്തിലും ശ്രീരാമകൃഷ്ണദേവന്റെ ദക്ഷിണേശ്വരത്തിലെ കാളീക്ഷേത്രത്തിലും ദര്‍ശനം നടത്താന്‍ സാധിച്ചു. നഗരം മുഴുവന്‍ ഒന്‍പതു ദിവസത്തെ ആഘോഷത്തിനായുള്ള തയ്യാറെടുപ്പ് തുടങ്ങിയിരിക്കുന്നു. പ്രധാനപ്പെട്ട റോഡുകളിലും ഗൃഹ സമുച്ചയങ്ങളുള്ള വീഥികളിലും ദുര്‍ഗ്ഗാദേവിയുടെ വൈവിധ്യമാര്‍ന്ന ഭാവങ്ങള്‍ പ്രദര്‍ശിപ്പിക്കുവാനായി പന്തലുകള്‍ പണിയുന്ന തിരക്കിലാണ് ജനം. വീഥികള്‍ മുഴുവന്‍ അലങ്കാരപ്പണികളും തോരണങ്ങളും കടുംനിറത്തിലുള്ള പോസ്റ്ററുകളും നിറഞ്ഞിരിക്കുന്നു. ഒരു വര്‍ഷത്തെ കച്ചവടത്തിന്റെ പ്രധാന പങ്കും ഈ ദിവസങ്ങളിലാണെന്ന് ഗൈഡ് ഘനശ്യാം പറഞ്ഞു.
കച്ചവട പോസ്റ്ററുകളില്‍ ഒരെണ്ണം നവരാത്രി – കാളീപൂജയുടെ തലമുറകളിലൂടെ കൈമാറിവരുന്ന പാരമ്പര്യത്തിന്റെയും കാലത്തിനു തുടച്ചുമാറ്റാനാവാത്ത പുതുമയുടെയും പ്രതിഫലനമായും തോന്നി. വയസ്സായൊരു അമ്മ നവരാത്രി പൂജക്കാലത്ത് കണ്ണാടി നോക്കുമ്പോള്‍ കാണുന്ന രൂപം തന്റെ തന്നെ ചെറുപ്രായത്തിലേതാണ്. ഒരു പക്ഷേ കുമാരീ പൂജയില്‍ തന്റെ പെണ്മയെ ദേവിയായി ആരാധിച്ച ഒരു കാലഘട്ടത്തെയായിരിക്കാം ആ അമ്മ മനസ്സില്‍ കണ്ടിട്ടുണ്ടാവുക.
ആദ്യം തന്നെ കാളീഘട്ടിലെ അമ്മയെക്കണ്ട് വണങ്ങാന്‍ തീരുമാനിച്ചു. രുധിരനിറച്ചാര്ത്തിന്റെ വീര്യം കാളീഘട്ട് കോവിലിന്റെ ചുറ്റുപാടും നിറയെ കണ്ടു തുടങ്ങിയിരിക്കുന്നു. ആരാധനയ്ക്കായി എത്തുന്ന ഭക്തരുടെ കയ്യിലെ താലത്തില്‍ ചുവന്ന ചെമ്പരത്തിപ്പൂമാലകളും മറ്റു ചുവന്ന പുഷ്പങ്ങളും. നല്ല തിരക്കുണ്ടായിരുന്നു. ഒന്നര മണിക്കൂര്‍ കാത്തു നിന്ന ശേഷം ദര്‍ശനം നടത്താന്‍ സാധിച്ചു. ഇന്ന് നാം കാണുന്ന ക്ഷേത്രം 1809 ല്‍ സ്ഥാപിച്ചതാണ്. എന്നാല്‍ അതിന് മുന്‍പ് പതിനഞ്ചാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ‘മന്‍സാര്‍ ഭാസന്’ എന്ന കൃതിയില്‍ കാളീഘട്ട് പരാമര്‍ശിക്കപ്പെടുന്നുണ്ട് എന്നാണറിഞ്ഞത്. പുതുമോടിയില്‍ ഗ്രാനൈറ്റും മറ്റും ഉപയോഗിച്ച് ക്ഷേത്രമിപ്പോള്‍ പരിഷ്കരിച്ചു.
ലോകത്തുള്ള 51 ശക്തി പീഠങ്ങളില്‍ ഒന്നാണ് കാളീഘട്ട്. ദക്ഷയാഗം മുടങ്ങി, സതീദേവിയുടെ ആത്മാഹുതി നടന്നപ്പോള്‍ ക്രുദ്ധനായ പരമശിവന് ദേവിയുടെ പിണം തോളിലെടുത്ത് താണ്ഡവനൃത്തമാടി. അതിന്റെ പരിണത ഫലം പ്രപഞ്ചത്തിന് താങ്ങാവുന്നതിലും അധികമായിരിക്കുമെന്ന് മനസ്സിലാക്കിയ മഹാവിഷ്ണു ശ്രീചക്രം കൊണ്ട് ആ ദേഹം 51 കഷ്ണങ്ങളാക്കിയെന്നുമാണ് ഐതിഹ്യം. ദേവിയുടെ ദേഹഭാഗങ്ങളില്‍ വലതുകാലിന്റെ വിരലുകളാണത്രേ കാളീഘട്ടില്‍ പതിച്ചത്! (ദേവിയുടെ യോനിഭാഗം പതിച്ച ഇടമാണ് അസമിലെ വിഖ്യാതമായ കാമാഖ്യാക്ഷേത്രം)
ഏതൊരിസത്തിനും തൂത്തു തുടച്ചു മാറ്റാനാവാത്ത ചൈതന്യവത്തായ അരുണാഭയുടെ തിളക്കം ദേവീസന്നിധിയില്‍ നില്ക്കുമ്പോള് നമുക്ക് അനുഭവിച്ചറിയാം. ഏറെനാള്‍ അധികാരത്തിലിരുന്ന അപ്രമാദിത്തത്തില്‍ ഭാരത സംസ്കാരത്തെ അംഗീകരിക്കാനും അനുവര്‍ത്തിക്കാനും തയ്യാറാവാതിരുന്നവരുടെ അടയാളങ്ങളായ ചുവന്ന കൊടികളോ അരിവാള്‍ ചുറ്റിക നക്ഷത്രങ്ങളോ അമ്പലത്തിലോ പരിസരങ്ങളിലോ ഇപ്പോള്‍ കാണാനില്ല. കുറച്ചുകാലം മുന്‍പത്തെ സ്ഥിതി ഇതായിരുന്നില്ല എന്നാണറിഞ്ഞത്. ഭക്തരുടെ തിരക്കും യാചകക്കൂട്ടങ്ങളുടേയും തെരുവു ബാല്യങ്ങളുടേയും ബാഹുല്യവും നമ്മെ അമ്പരപ്പിക്കുമെങ്കിലും തിരക്കില്‍ ആവേശത്തോടെ നടന്നു നീങ്ങുന്ന ജനത കാളീഘട്ടിനെയും പരിസരത്തെയും ജീവസ്സുറ്റതാകുന്നു.
കച്ചവടസ്ഥലികളില് സ്ത്രീ സ്വാതന്ത്ര്യപ്രഖ്യാപനം പോലെ, പുരുഷ കേന്ദ്രീകൃത വില്പനകളുടെ അഭാവം പ്രത്യേകിച്ചും നമുക്ക് തിരിച്ചറിയാനാകും. കാളീ ഘട്ടിലേക്ക് പോകുന്ന വഴിയിലെല്ലാം പലതരത്തിലുള്ള റോഡുപണികളും മരാമത്തും നടക്കുന്നുണ്ടെങ്കിലും വഴിയോരക്കച്ചവടം തകൃതിയായി നടക്കുന്നു. അതു മുഴുവനും വീട്ടു സാമഗ്രികും സ്ത്രീകള്‍ക്കു വേണ്ടിയുള്ള സാധനങ്ങളുമാണ്. വില്‍പ്പനക്കാരില്‍ അധികവും സ്ത്രീകള്‍ തന്നെയാണ്. ദേവിയുടെ ആഘോഷം സ്ത്രീത്വത്തിന്റെ, മാതൃത്വത്തിന്റെ, സ്ത്രീ ശാക്തീകരണത്തിന്റെ ഉത്സവം തന്നെയാണല്ലോ. എങ്കിലും തെരുവില്‍ ഭിക്ഷ യാചിക്കുന്നവരും വികലാംഗരും രാത്രി തെരുവോരങ്ങള്‍ ഉറങ്ങാനായി തിരഞ്ഞെടുക്കുന്നവരിലെ ഭൂരിഭാഗവും സ്ത്രീകള്‍ തന്നെയാണെന്നതും നേരില്‍ കണ്ടു. കാളീഘട്ട് ക്ഷേത്രത്തിന്റെ വാതില്ക്കല്ത്തന്നെ കാണാം ഭിക്ഷ യാചിക്കുന്ന അനേകം ദരിദ്രദേവിമാര്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുപ്പത്തിനാലു വര്‍ഷത്തെ തുടര്‍ഭരണം ഉറപ്പാക്കിയത്, ജനത്തിന്റെ ക്ഷേമമോ അതോ പാര്‍ട്ടിക്ക് എന്നെന്നും സേവിക്കാനായി പട്ടിണി വര്‍ഗ്ഗം ഉണ്ടാവണമെന്ന നിശ്ചയമോ? അറിയില്ല.
കാളീഘട്ടിലെ അന്തരീക്ഷത്തില്‍ നിന്നും ഏറെ വ്യത്യസ്ഥമാണ് ദക്ഷിണേശ്വറിലെ കാളീക്ഷേത്രം. ശ്രീരാമകൃഷ്ണ ദേവന്റെ ഭവതാരിണിയായ കാളി, ഹൂഗ്ലി നദിയുടെ കരയിലാണ് നിലകൊള്ളുന്നത്. ഇവിടെ വരുന്ന ഭക്തരും കാളീഘട്ടിലെ ഭക്തരും വൈവിദ്ധ്യമാര്‍ന്ന തരത്തിലുള്ള ദേവീ ഉപാസനയ്ക്കായിട്ടാണ് എത്തിച്ചേരുന്നത്.
കാലമേറെക്കഴിഞ്ഞാലും, ആരൊക്കെ വിചാരിച്ചാലും തുടച്ചു മാറ്റാനാവില്ല എന്നുറപ്പുള്ള സംസ്കാരത്തിന്റെ തിരുശേഷിപ്പ് തന്നെയാണ് കല്‍ക്കത്തയിലെ, പ്രത്യേകിച്ച് കാളീഘട്ടിലെ നവരാത്രി ആഘോഷങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: