തൃശൂര്‍: കേരള കാര്‍ഷിക സര്‍വ്വകലാശാല ആസ്ഥാനത്ത്, വിദ്യാര്‍ത്ഥികളുടെ പ്രധാന കലോത്സവ വേദിക്ക് മുന്നില്‍ ഇടത് അധ്യാപക സംഘടനാ നേതാക്കളുടെ ഒത്താശയോടുകൂടി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവും വിദ്വേഷവും ഉണ്ടാക്കാന്‍ ശ്രമം.
സുപ്രീംകോടതി തീര്‍പ്പ് കല്‍പ്പിച്ച ബാബറി മസ്ജിദ് വിഷയത്തിന്മേല് തെറ്റിദ്ധാരണജനകമായ ബാനര്‍ ആര്‍എസ്എസിനെതിരെ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് കലോത്സവത്തിന് എത്തിയ വിദ്യാര്‍ത്ഥികളെ മുന്നില്‍ നിര്‍ത്തി ശ്രമം നടത്തിയത്. സര്‍വ്വകലാശാല എംപ്ലോയീസ് സംഘ് പ്രവര്‍ത്തകര്‍ വിഷയം ചൂണ്ടിക്കാണിച്ചു പരാതി നല്‍കിയെങ്കിലും അത് സ്വീകരിക്കാന്‍ പോലും ബന്ധപ്പെട്ടവര്‍ തയ്യാറായില്ല.
പരാതിയുമായി ചെന്ന പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്ന സമീപനമായിരുന്നു സര്‍വ്വകലാശാല അധികൃതര്‍ സ്വീകരിച്ചത്. വിഷയം സര്‍വ്വകലാശാല ചീഫ് സെക്യൂരിറ്റി ഓഫീസറെ ബോധ്യപ്പെടുത്തിയെങ്കിലും അധികാരികളുടെ നിര്‍ദേശം ലഭിക്കാതെ ഒന്നും ചെയ്യാന്‍ കഴിയുകയില്ല എന്ന നിസ്സഹായവസ്ഥയാണ് അദ്ദേഹം അറിയിച്ചതെന്നും എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ശങ്കരപ്പിള്ള പറഞ്ഞു.
തുടര്‍ന്ന് മണ്ണൂത്തി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ബാനര്‍ നീക്കം ചെയ്യുകയുമായിരുന്നു. ഇതോടെ വന്‍ സംഘര്‍ഷസാധ്യതയാണ് സര്‍വ്വകലാശാലയില്‍ ഒഴിവായത്. അധ്യാപകര്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സര്‍വ്വകലാശാല എംപ്ലോയീസ് സംഘും വര്‍ക്കേഴ്സ് സംഘും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: