മലപ്പുറം: വിഭജന ശേഷം പാകിസ്ഥാനിലേക്ക് പോയവരുടെ സ്വത്തുക്കള്‍ ‘ശത്രു സ്വത്താക്കി’ കണ്ടുകെട്ടുന്ന കേന്ദ്ര നടപടി അട്ടിമറിക്കാന്‍ കേരളത്തില്‍ നീക്കം. രാജ്യം വിട്ട് പാകിസ്ഥാനിലേക്ക് പോവുകയും അവിടുത്തെ പൗരത്വം സ്വീകരിക്കുകയും ചെയ്തവരുടെ സ്വത്തുക്കള്‍ കേന്ദ്രം കണ്ടുകെട്ടി വരികയാണ്. ഒരു എംഎല്‍എയുടെ നേതൃത്വത്തിലാണ് മലപ്പുറത്തെ കണ്ടുകെട്ടല്‍ തടയാന്‍ നീക്കമെന്നാണ് സൂചന. സംസ്ഥാനത്ത് ഇത്തരം സ്വത്തുകള്‍ കൂടുതലുള്ളത് മലപ്പുറം ജില്ലയിലാണ്.
തിരൂരങ്ങാടിയില്‍ ഇതുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തില്‍ എംഎല്‍എ നിയമപരമായ എല്ലാ സഹായവും ഉറപ്പുനല്‍കിയിട്ടുണ്ട്. മലപ്പുറത്തെ ഒരു മണ്ഡലത്തില്‍ മാത്രം 75 ഓളം കുടുംബങ്ങള്‍ പാക് പൗരന്മാരുടെ സ്വത്ത് കൈവശം വയ്ക്കുന്നുണ്ട്. നന്നമ്പ്ര 28, തെന്നല 49, പരപ്പനങ്ങാടി, തിരൂരങ്ങാടി, പെരുമണ്ണ, എടരിക്കോട് എന്നിവിടങ്ങളില്‍ ഓരോന്ന് വീതം.
ഇവരില്‍ ചിലര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നോട്ടീസ് ലഭിച്ചു. നോട്ടീസിന് മറുപടി നല്കാന് 15 ദിവസം നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് അഭിഭാഷകരെ ഏര്‍പ്പാടാക്കിയതും എംഎല്‍എയാണ്.
2023ലാണ് ശത്രുസ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ചത്. രാജ്യത്തുള്ള ശത്രു സ്വത്തുക്കളുടെ മൂല്യം 1.04 ലക്ഷം കോടിയോളമാണ്. 12,611 സ്വത്തുവകകളാണ് ശത്രുരാജ്യക്കാരുടെ പേരില്‍ ഭാരതത്തിലുള്ളത്. ഇവയില്‍ 12,485 എണ്ണം പാക് പൗരന്മാരുടെയും 126 എണ്ണം ചൈനീസ് പൗരന്മാരുടെയുമാണ്. 1965ലെ ഭാരത-പാക് യുദ്ധശേഷം രൂപം നല്കിയ എനിമി പ്രോപ്പര്‍ട്ടി ആക്ട് പ്രകാരമാണ് സ്വത്തുക്കള്‍ പരിപാലിക്കപ്പെടുന്നത്. കഴിഞ്ഞ സപ്തംബറില്‍ മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ യുപിയിലെ കുടുംബസ്വത്ത് കേന്ദ്രം വിറ്റഴിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: